തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ രാജ്യത്തിെൻറ പേര് ഇന്ത്യ എന്നതിൽ നിന്നും ഭാരത് ആക്കണമെന്ന എൻസിഇആർടി നിയമിച്ച ഉന്നത സമിതിയുടെ നിർദേശത്തെ കേരള ചരിത്ര കോൺഗ്രസ് അപലപിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രസഞ്ചാരത്തിലൂടെയാണ് രാജ്യം ഉൾക്കൊള്ളുന്ന ഭൂപ്രദേശം ഇന്ത്യയായി മാറിയത്. ഇന്ത്യ എന്ന വാക്ക് നൂറ്റാണ്ട് നീണ്ട ദേശിയ പ്രസ്ഥാനത്തിലൂടെ ജനതയുടെ സ്വാതന്ത്ര്യത്തിെൻറയും ദേശിയതയുടെയും ആവിഷ്കാരമായി മാറിയ ആശയം കൂടിയാണ്.
ഹിന്ദുസ്ഥാൻ, ഹിന്ദുപഥ് എന്നീ വാക്കുകൾ മുൻകാലങ്ങളിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഭരണകൂടങ്ങൾ ഉപയോഗിച്ചിരുന്നു. അപ്പോഴും വിശാലമായ ഉപഭൂഖണ്ഡത്തിെൻറ തെക്കൻ ഭാഗങ്ങളും വടക്ക് കിഴക്കൻ പ്രദേശങ്ങളും അതിൽ നിന്ന് ഒഴിഞ്ഞുമാറി നിന്നു. ദ്രാവിഡഭൂമി, ദ്രമിളദേശം, തമിഴകം, ദക്ഷിണാപഥം എന്നീ പ്രയോഗങ്ങൾ ദക്ഷിണേന്ത്യയെ സൂചിപ്പിക്കാൻ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. അവിടൊക്കെയും ഇന്ത്യയെ മുഴുവൻ സൂചിപ്പിക്കാൻ ഒരൊറ്റ നാമം കണ്ടെത്താൻ സാധിക്കില്ല. സിന്ധു നദിക്കപ്പുറവും ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതി ചെയ്യുന്നതുമായ ഭൂഭാഗം എന്ന നിലക്കാണ് വിവിധ കാലങ്ങളിൽ ഇന്ത്യ എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. ഭരണഘടന നിർമാണ സഭയിൽ സ്വതന്ത്രമായ നാട്ടിലെ സമസ്ത ജനങ്ങളെയും ഉൾക്കൊള്ളാൻ ശ്രമിക്കുന്ന മതനിരപേക്ഷ, ജനാധിപത്യ രാജ്യനാമം എന്ന നിലക്കാണ് ഇന്ത്യ എന്ന പേര് സ്വീകരിക്കുന്നത്. മിത്തിൽ അധിഷ്ഠിതമായ ഒരു ജനതയോ ചരിത്രമോ അല്ല ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടത്. അടുത്തകാലത്തായി പാഠപുസ്തകങ്ങളിൽ, പ്രത്യേകിച്ചും ചരിത്ര പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ വലിയ തോതിൽ ആശാസ്ത്രീയതയും ചരിത്രനിരാസവും കുത്തിവെക്കുന്നതാണ്. തങ്ങൾക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ച് എൻ.സി.ഇ.ആർ.ടി നടത്തിയിരിക്കുന്ന ഈ പേരുമാറ്റ നിർദേശം ഭരണഘടനാ വിരുദ്ധവും അതിനാൽത്തന്നെ ലവലേശം സാധുത ഇല്ലാത്തതുമാണ്.
രാഷ്ട്രീയ ലക്ഷ്യത്തോടെ ചരിത്രത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ വളച്ചൊടിക്കാനും മായ്ച്ചുകളയാനും ഇന്ത്യൻ വലതുപക്ഷം നടത്തുന്ന സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പേര് മാറ്റം. എൻസിആർടി അടക്കമുള്ള വിദ്യാഭ്യാസ സമിതികൾ ഈ പ്രതിലോമകരമായ ശ്രമത്തിെൻറ ഭാഗമാകുന്നത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കേരള ചരിത്ര കോൺഗ്രസ് അധ്യക്ഷൻ പ്രഫ. കെ.എൻ. ഗണേഷ്, ജനറൽ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.