തിരുവനന്തപുരം: ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയാക്കാനുള്ള നിർദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് നിർദേശം അവതരിപ്പിച്ചത്. അധ്യാപകരുടെ ജോലി ഭാരത്തിൽ മാറ്റം വരുത്താതെ ഇത് നടപ്പാക്കാനാകണമെന്ന് മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.
സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് അധ്യാപകർക്ക് കോളജിൽ എത്താം. വിദ്യാർഥികൾക്ക് ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ കൂടുതൽ സമയം പ്രയോജനപ്പെടുത്താനാണ് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ കോളജുകൾ പ്രവർത്തിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നത്. ബിരുദ കോഴ്സുകൾ നിലവിലെ മൂന്ന് വർഷത്തിൽനിന്ന് നാല് വർഷത്തിലേക്ക് മാറുന്നതിനനുസൃതമായാണ് പാഠ്യപദ്ധതിയിലും മാറ്റം കൊണ്ടുവരുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന് സർവകലാശാലകൾക്ക് ഉപയോഗപ്പെടുത്താവുന്ന മാതൃക കരിക്കുലം മാർച്ചിനകം തയാറാക്കാനും മന്ത്രി നിർദേശിച്ചു.
ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്രകാരം നിശ്ചിത ക്രെഡിറ്റ് ഭാഷ, മാനവിക വിഷയങ്ങളിൽ പൂർത്തിയാക്കാൻ സാധ്യമാകുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ മാറ്റവും കരിക്കുലം കമ്മിറ്റി നിർദേശിച്ചു.
സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുമ്പോൾ തന്നെ ആഴ്ചയിൽ അഞ്ച് ദിവസമായി 35 മണിക്കൂറിൽ കുറയാത്ത കാമ്പസ് സാന്നിധ്യം അധ്യാപകർ ഉറപ്പാക്കണം. വിദ്യാർഥികൾക്ക് ആഴ്ചയിൽ 48 മണിക്കൂർ കാമ്പസ് സൗകര്യം ഉറപ്പാക്കണം. ഇതിൽ 22 മുതൽ 25 വരെ മണിക്കൂർ നേരിട്ടുള്ള ക്ലാസ് ലഭ്യമാക്കണം. അവശേഷിക്കുന്ന സമയം ലാബ്, ലൈബ്രറി ഉൾപ്പെടെ മറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. വിദ്യാർഥികൾക്ക് അധിക ക്രെഡിറ്റ് നേടാൻ വർഷത്തിൽ രണ്ട് സെമസ്റ്ററിന് പുറമെ വേനലവധിക്കാലത്ത് ഫാസ്റ്റ് ട്രാക്ക് സെമസ്റ്റർ രീതിയും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.