ബിരുദ ഫലം തടഞ്ഞുവെച്ചു; അവസരം നഷ്ടമാകുമെന്ന ആശങ്കയിൽ മൊകേരി ഗവ. കോളജിലെ വിദ്യാർഥികൾ

കോഴിക്കോട്: ബിരുദ പരീക്ഷ ഫലം കാലിക്കറ്റ് സർവകലാശാല തടഞ്ഞുവെച്ചതോടെ തുടർപഠനത്തിനുള്ള അവസരം നഷ്ടമാകുമോയെന്ന ആശങ്കയിൽ മൊകേരി ഗവ. കോളജിലെ ഗണിതശാസ്ത്ര വിഭാഗം വിദ്യാർഥികൾ. മൊകേരി ഗവ. കോളജിലെ 43 വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. പി.ജി പ്രവേശന നടപടികൾ പല സർവകലാശാലകളിലും ആരംഭിച്ചതിനാൽ അവസരം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഇവർ.

ബുധനാഴ്ചയാണ് കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബിരുദപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. എന്നാൽ, മൊകേരി ഗവ. കോളജിലെ 43 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. സർവകലാശാലയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഉത്തരക്കടലാസ് മൂല്യനിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തതിന് പിന്നിലെന്നാണ് വിവരം.

കണ്ണൂർ സർവകലാശാലക്ക് കീഴിലെ പി.ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30നാണ്. അതിനാൽ, 30നെങ്കിലും ഫലം വന്നാൽ മാത്രമേ കണ്ണൂർ സർവകലാശാലയിൽ ഈ വിദ്യാർഥികൾക്ക് അപേക്ഷ നൽകാനാവൂ.

ബിരുദഫലം പ്രഖ്യാപിച്ചതോടെ കാലിക്കറ്റ് സർവകലാശാലയിലും പി.ജി പ്രവേശന നടപടികൾക്ക് ഉടൻ തുടക്കമാകും. പരീക്ഷാഫലം വൈകുന്നത് തങ്ങളുടെ തുടർപഠനത്തെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.

കാലിക്കറ്റ് സർവകലാശാലയിൽ നേരത്തെ ഉത്തരക്കടലാസുകൾ കാണാതായ സംഭവമുണ്ടായിരുന്നു. രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ 83 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് തീരുമാനമായത്. 

Tags:    
News Summary - Degree exam result of 43 students in Mokeri Govt College withheld

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.