കൊച്ചി: സ്കോളർഷിപ് തുക ലഭ്യമാക്കാനും കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പഠനയാത്ര പുനരാരംഭിക്കാനും ലക്ഷദ്വീപ് ഭരണകൂടം നടപടിയെടുക്കാത്തതിനാൽ ബുദ്ധിമുട്ടിലായി വിദ്യാർഥികൾ. രണ്ട് വർഷമായി സ്കോളർഷിപ് രജിസ്ട്രേഷനും പുതുക്കലും സാധ്യമാകാത്തതിനാൽ ദ്വീപിന് പുറത്തെത്തി പഠിക്കുന്ന കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
നൂറുകണക്കിന് വിദ്യാർഥികൾ കോഴ്സ് ഫീസ് പോലും അടക്കാനാകാതെ പഠനംതന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണെന്ന് വിദ്യാർഥി സംഘടന നേതാക്കൾ പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടം നേരിട്ട് നൽകിയിരുന്ന സ്കോളർഷിപ് 2020 മുതൽ നാഷനൽ സ്കോളർഷിപ് പോർട്ടലിലേക്ക് മാറ്റിയിരുന്നു. ഇതിൽ ലക്ഷദ്വീപ് വിദ്യാർഥികൾക്ക് രജിസ്ട്രേഷന് പ്രത്യേക സംവിധാനമാണുള്ളത്. രണ്ട് വർഷമായി ഇത് തുറക്കാനാകുന്നില്ലെന്നാണ് പരാതി.
ദ്വീപിന് പുറത്തുപോയി പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ അഡ്മിനിസ്ട്രേഷന്റെ കൗൺസലിങ്ങിൽ പങ്കെടുത്ത് കോഴ്സ് തീരുമാനിച്ചാണ് സ്ഥാപനങ്ങളിലെത്തുന്നത്. ഇതു പ്രകാരം കോഴ്സ് ഫീസ്, ഹോസ്റ്റൽ ഫീസ് അടക്കം ചെലവുകൾ സ്കോളർഷിപ് തുകയായി ഭരണകൂടം നേരിട്ട് കോളജിൽ അടക്കുമായിരുന്നു.
നാഷനൽ സ്കോളർഷിപ് പോർട്ടലിലേക്ക് മാറ്റിയ ശേഷം 2021ൽ വളരെ കുറച്ച് വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാനായി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും രജിസ്ട്രേഷൻ സാധിക്കുന്നില്ല. വിദ്യാർഥികൾ സ്വയം പണമടച്ച് ബില്ലുകൾ നൽകിയാലേ സ്കോളർഷിപ് അനുവദിക്കുകയുള്ളൂവെന്ന നയം സാധാരണക്കാരായ കുട്ടികൾക്ക് ബുദ്ധിമുട്ടാകുന്നുമുണ്ട്.
കോവിഡ് കാലത്ത് നിർത്തിയ ഒമ്പത്, പ്ലസ് വൺ ക്ലാസുകളിലെ പഠനയാത്രയും പുനരാരംഭിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ സെപ്റ്റംബറിൽ പുനരാരംഭിക്കുമെന്നായിരുന്നു അറിയിപ്പ്.
പ്രതിഷേധങ്ങൾ മുഖവിലയ്ക്കെടുക്കാത്ത സാഹചര്യത്തിൽ സ്കോളർഷിപ് വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അധികൃതർ നടപടിയെടുത്തിരിക്കുകയാണെന്നും അതിനെതിരെ മുഴുവൻ ദ്വീപുകളിലും സമരം സംഘടിപ്പിക്കുമെന്നും എൽ.എസ്.എ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അനീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.