കേരളത്തിലെ വിദ്യാർഥികൾ സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായി തീരുകയാണെന്ന് ഡോ. രാജൻ ഗുരുക്കൾ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അധ്യാപനരീതി സംബന്ധിച്ചും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ നടത്തിയ പരാമർശം വിവാദത്തിൽ. പരാമർശത്തിനെതിരെ സി.പി.എം അനുകൂല കോളജ് അധ്യാപക സംഘടന എ.കെ.പി.സി.ടി.എയും കോൺഗ്രസ്‌ അനുകൂല സംഘടന കെ.പി.സി.ടി.എയും രംഗത്ത് വന്നു. എഴുത്ത് മാസികയിൽ ‘കോരിക്കുടിപ്പിക്കുന്ന അധ്യാപകരല്ല, അവഗാഹം നേടാൻ സഹായിക്കുന്ന പണ്ഡിതരാണാവശ്യം’ എന്ന തലക്കെട്ടിൽ വന്ന അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്.

‘ഇവിടെ വിദ്യാർഥികൾ സ്വയം പഠിക്കുന്നില്ല. സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായി തീരുകയാണ്. ഇത്തരം വിദ്യാർഥികളിൽനിന്നാണല്ലോ അധ്യാപകരും ഉണ്ടാകുന്നത്. അവരെ എങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അധ്യാപകരുമായി താരതമ്യം ചെയ്യും. അപൂർവം പേരൊഴിച്ചാൽ എന്തെങ്കിലും മികവ് തെളിയിച്ചവർ വിദേശ സർവകലാശാലകളിൽനിന്ന് പരിശീലനം ലഭിച്ചവരാണ്’ എന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് വിവാദമായത്.

അധ്യാപക-വിദ്യാർഥിവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പിൻമാറണമെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ സൃഷ്ടിച്ച് കേരളത്തിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം, സിലബസ്, പരിശീലന പരിപാടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഇത്തരം പ്രസ്താവന ദൗർഭാഗ്യകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗമാകെ പ്രശ്നസങ്കീർണമാണെന്ന തെറ്റായ ധാരണ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാനേ ഇത് പ്രേരകമാകൂവെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് എ. നിശാന്തും ജനറൽ സെക്രട്ടറി ഡോ. കെ. ബിജുകുമാറും അഭിപ്രായപ്പെട്ടു.

വിദ്യാർഥികളെയും അധ്യാപകരെയും പരസ്യമായി അപമാനിച്ച ഡോ. രാജൻ ഗുരുക്കൾ മാപ്പ് പറയണമെന്ന് കെ.പി.സി.ടി.എ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ധാർഷ്ട്യവും വരേണ്യ ബോധവും വിളിച്ചോതുന്നതാണ് പ്രസ്താവന. കേരളത്തിലെ സമ്പ്രദായത്തിൽ പുച്ഛമുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ജോലിചെയ്തവകയിൽ പറ്റിയ ശമ്പളം തിരിച്ചടയ്​ക്കണമെന്ന് പ്രസിഡന്റ്‌ അരുൺ കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിളിച്ച യോഗത്തിൽ ലീഗ് അനുകൂല സംഘടനയായ സി.കെ.സി.ടിയും രാജൻ ഗുരുക്കളുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിരുന്നു.

Tags:    
News Summary - Dr Rajan Gurikkal conteroversial statement about kerala education system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.