ചെറുകിട തേയില കർഷകരുടെ മക്കൾക്കും വിദ്യാഭ്യാസ സ്കോളർഷിപ്

കട്ടപ്പന: ചെറുകിട തേയില കർഷക ഫെഡറേഷന്‍റെ 12 വർഷത്തെ സമരങ്ങൾക്കൊടുവിൽ തോട്ടം തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ് ഇനി മുതൽ ചെറുകിട തേയില കർഷകരുടെ മക്കൾക്കും. തൊഴിലാളികളുടെ മക്കൾക്ക് നൽകിവരാറുള്ള പഠനസഹായ സ്‌കോളർഷിപ് ഈ വർഷം മുതൽ ചെറുകിട തേയില കർഷകരുടെ മക്കൾക്കും നൽകാനാണ് സർക്കാർ ഉത്തരവ്.

ഒന്നാംക്ലാസ് മുതൽ ഉന്നതപഠനം വരെ 8000 രൂപ മുതൽ 20,000 രൂപ വരെ നൽകുന്നതാണ് പദ്ധതി. ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് സ്‌കോളർഷിപ് ലഭ്യമാകും. കർഷകരിൽനിന്ന് ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു. കാലാകാലങ്ങളായി ജില്ലയിലെയും സംസ്ഥാനത്തെയും കാൽലക്ഷത്തോളം ചെറുകിട തേയില കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണിത്. വിലത്തകർച്ചയും ഉൽപാദനക്കുറവും മൂലം പൊറുതിമുട്ടുന്ന ചെറുകിട തേയില കർഷകർക്ക് ചെറുതെങ്കിലും ആശ്വാസം പകരുന്ന തീരുമാനമാണിത്. കേന്ദ്രസർക്കാറിന്‍റെ തേയില വികസന പദ്ധതി പ്രകാരമാണ് ചെറുകിട തേയില കർഷകരുടെ മക്കളെയും ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയത്.

സ്‌കൂൾ തലത്തിൽ 8000 മുതൽ 10,000 രൂപ വരെയും ബിരുദ തലത്തിൽ 15,000 രൂപയും ബിരുദാനന്തര ബിരുദ തലത്തിൽ 20,000 രൂപയുമാണ് സ്കോളർഷിപ്പായി നൽകുക. ടീ രജിസ്‌ട്രേഷൻ ഉള്ള കർഷകരുടെ മക്കൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. മാർച്ച് അവസാനവാരം മുതൽ കർഷകരിൽനിന്ന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയിരുന്നു.

Tags:    
News Summary - Educational Scholarship for the children of small tea farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.