വിദ്യാർഥികളുടെ സർവകലാശാല മാറ്റം സുഗമമാക്കാൻ വഴി തെളിയുന്നു

തിരുവനന്തപുരം: സർവകലാശാലകളുടെ അക്കാദമിക, പരീക്ഷ, ഭരണ, സാമ്പത്തിക, ആസൂത്രണ പ്രവർത്തനങ്ങളെ ഉൾപ്പെടെ ഏകീകൃത പ്ലാറ്റ്ഫോമിൽ ബന്ധിപ്പിക്കുന്ന എന്‍റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി) സംവിധാനം രൂപകൽപന ചെയ്യാൻ സർക്കാർ നിയോഗിച്ച പരീക്ഷ പരിഷ്കരണ കമ്മിറ്റിയുടെ ശിപാർശ. സർവകലാശാല പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കാൻ പര്യാപ്തമായ സോഫ്റ്റ്വെയർ അധിഷ്ഠിത സംവിധാനത്തിന് സർക്കാർതന്നെ പച്ചക്കൊടി കാട്ടിയതോടെയാണ് സമ്പൂർണ ഓട്ടോമേഷന് വഴി തുറക്കുന്ന രീതിയിൽ പ്രത്യേക അനുബന്ധ റിപ്പോർട്ട് കമീഷൻ സമർപ്പിച്ചത്.

വിദ്യാർഥി സർവകലാശാലയിൽ എൻറോൾ ചെയ്യുന്നത് മുതൽ ബിരുദ സർട്ടിഫിക്കറ്റ് നേടുന്നത് വരെ ഇ.ആർ.പി സംവിധാനത്തിൽ കേന്ദ്രീകൃതമായിരിക്കും. വിദ്യാർഥികൾക്ക് സർവകലാശാല മാറ്റം സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ലളിതവും സുഗമവുമാക്കാൻ പദ്ധതി വഴി സാധിക്കും. സർവകലാശാലകളുമായി ബന്ധപ്പെട്ട നയരൂപവതക്രണത്തിന് ആവശ്യമായ ഡാറ്റ ശേഖരണവും വിശകലനവും വേഗത്തിൽ സാധ്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് കമീഷൻ റിപ്പോർട്ടിൽ പറയുന്നു.

അഡ്മിനിസ്ട്രേഷൻ, അക്കാദമിക്, പരീക്ഷ, ഗവേഷണം, അഫിലിയേഷൻ, സാമ്പത്തികം, ആസൂത്രണവും വികസനവും എന്നിങ്ങനെയുള്ള മൊഡ്യൂളുകളായിരിക്കും ഇ.ആർ.പി സംവിധാനത്തിലുണ്ടാവുക. ജീവനക്കാരുടെ വിവരങ്ങൾ, സർവകലാശാല ആസ്തി വിനിയോഗം, നിയമ നടപടിക്രമങ്ങൾ, ഗതാഗത സംവിധാനം തുടങ്ങിയവയായിരിക്കും അഡ്മിനിസ്ട്രേഷൻ മൊഡ്യൂളിൽ വരുന്നത്. പാഠ്യപദ്ധതി രൂപവത്കരണം, കോഴ്സുകളുടെ നടത്തിപ്പ്, വിദ്യാർഥി -അധ്യാപക വിവരങ്ങൾ, അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ അക്കാദമിക മേന്മ ഉറപ്പുവരുത്തൽ തുടങ്ങിയവ അക്കാദമിക് മൊഡ്യൂളിന് കീഴിലായിരിക്കും. ചോദ്യപേപ്പർ ബാങ്ക്, ചോദ്യപേപ്പർ ബാങ്കിൽ നിന്നും പരീക്ഷക്കുള്ള ചോദ്യങ്ങൾ തയാറാക്കൽ, ഇവ ഓൺലൈനായി പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള കൈമാറലും അനുബന്ധ നടപടികളും, മൂല്യനിർണയവും അനുബന്ധ നടപടികളും, ബാർകോഡ് അധിഷ്ഠിത ഉത്തരക്കടലാസുകളുടെ വിനിയോഗം തുടങ്ങിയവ പരീക്ഷ മൊഡ്യൂളിൽ ഉൾപ്പെടുത്തും.

ശമ്പളം, ഭരണ ചെലവുകൾ, വിദ്യാർഥികളുടെ ഫീസ്, ബജറ്റ് വകയിരുത്തലും മോൽനോട്ടവുമായിരിക്കും ഫിനാൻസ് മൊഡ്യൂളിൽ. ഗവേഷകരുടെയും മേൽനോട്ടം വഹിക്കുന്ന ഗൈഡുമാരുടെയും വിവരങ്ങൾ, ഡോക്ടറൽ കമ്മിറ്റി യോഗം, ഗവേഷണ പുരോഗതി, പ്രബന്ധങ്ങളുടെ മൂല്യനിർണയം എന്നിവ റിസർച് മൊഡ്യൂളിന് കീഴിലും കോളജുകളുടെയും കോഴ്സുകളുടെയും അംഗീകാരവും ഫീസടക്കലും വിദഗ്ധ സമിതിയുടെ പരിശോധന, റിപ്പോർട്ട് സമർപ്പണം തുടങ്ങിയവ അഫിലിയേഷൻ മൊഡ്യൂളിന് കീഴിലുമായിരിക്കും. സർവകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനം, പുതിയ പദ്ധതികൾ തുടങ്ങിയവ ആസൂത്രണവും വികസനവും എന്ന മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലകൾക്കിടയിൽ ഇ.ആർ.പി സംവിധാനത്തിന്‍റെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഡേറ്റ സെന്‍റർ സംവിധാനത്തിനും ശിപാർശയുണ്ട്.

കേരള സർവകലാശാലയുടെ ഡേറ്റ അവിടെതന്നെ സൂക്ഷിക്കുമ്പോൾ മിറർ ഡേറ്റ മറ്റൊരു സർവകലാശാലയുടെ ഡേറ്റ സെന്‍ററിൽ സൂക്ഷിക്കുന്ന രീതിക്കും ശിപാർശയുണ്ട്. ഏതെങ്കിലും സർവകലാശാലയുടെ ഡേറ്റ നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ മറ്റു സർവകലാശാലകളുടെ ഡേറ്റ സെന്‍ററിൽ മിറർ കോപ്പി സൂക്ഷിക്കുന്നതു വഴി ഇവ സുരക്ഷിതമാക്കാൻ കഴിയും. ഓരോ ഡേറ്റ സെന്‍ററുകളും ബന്ധപ്പെട്ട സർവകലാശാലയുടെ സമഗ്രവിവരങ്ങളുടെ കേന്ദ്രീകൃത ഹബ് ആയിരിക്കും. പഠനത്തിനായി ഒരു സർവകലാശാലയിൽനിന്ന് മറ്റൊരു സർവകലാശാലയിലെത്തുന്ന വിദ്യാർഥിയുടെ സമഗ്രവിവര കൈമാറ്റത്തിന് പുതിയ സംവിധാനം വഴിതുറക്കും.  

Tags:    
News Summary - ERP platform to coordinate university activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.