ഇടുക്കി മെഡിക്കൽ കോളജിൽ ഒക്ടോബറിൽ ക്ലാസ്; ഒരുക്കം തുടങ്ങി

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ ഒക്ടോബറിൽ ക്ലാസുകൾ ആരംഭിക്കാനുള്ള ഒരുക്കം അവസാന ഘട്ടത്തിൽ. 100 എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനത്തിനാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയത്. ജില്ലയുടെ ആരോഗ്യ -ഉന്നത വിദ്യാഭ്യാസ മേഖലകളിൽ കുതിച്ചുചാട്ടത്തിന് ഇടയാക്കും. ഒട്ടേറെ ആശങ്കകൾക്കും അധ്വാനത്തിനും ഒടുവിലാണ് മെഡിക്കൽ കൗൺസിൽ പ്രവേശനത്തിന് അനുമതി നൽകിയത്.

ജില്ല ആശുപത്രിയും ജില്ല മെഡിക്കൽ ഓഫിസും ഉൾപ്പെടെ വിട്ടുകൊടുത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയാണ് മെഡിക്കൽ കോളജ് യഥാർഥ്യമാക്കുന്നത്. മെഡിക്കൽ കൗൺസിൽ സംഘം കോളജും അനുബന്ധ സൗകര്യങ്ങളും പരിശോധിക്കാൻ എത്തിയപ്പോൾ ഒരുക്കങ്ങൾ നിഷ്കർഷിച്ച രീതിയിൽ പൂർത്തിയായിരുന്നില്ല.

അതൃപ്തി പ്രകടിപ്പിച്ച് സംഘം മടങ്ങിയതോടെ ഇത്തവണയും ക്ലാസ് ആരംഭിക്കാൻ കഴിയില്ലെന്ന ആശങ്കയിലായിരുന്നു. സർക്കാറും അധികൃതരും ജനപ്രതിനിധികളും ഒത്തൊരുമയോടെ പ്രവർത്തിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ശേഷം വീണ്ടും നടന്ന പരിശോധനയിൽ സംതൃപ്തി രേഖപ്പെടുത്തിയതോടെയാണ് പ്രവേശനത്തിന് അനുമതി ലഭിച്ചത്.

ജില്ല പഞ്ചായത്ത് വിട്ടുനൽകിയ 30 ഏക്കർ സ്ഥലത്താണ് ആധുനിക സംവിധാനങ്ങളോടെ കോളജ് ആരംഭിക്കുന്നത്. ജില്ലയിലുള്ളവർ വിദഗ്ധ ചികിത്സക്കായി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിനെയൊ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെയൊ ആണ് ആശ്രയിക്കുന്നത്. അതിർത്തി മേഖലകളായ മൂന്നാർ, നെടുങ്കണ്ടം, കുമളി, കമ്പംമെട്ട് സ്വദേശികൾ തമിഴ്നാട്ടിലടക്കമാണ് ചികിത്സക്ക് പോകുന്നത്.

മണിക്കൂറുകൾ നീണ്ട യാത്രയും പണച്ചെലവും സമയത്ത് വിദഗ്ധ ചികിത്സ ലഭിക്കാത്ത പ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നു. മെഡിക്കൽ കോളജ് യഥാർഥ്യമാകുന്നതോടെ ജില്ലയുടെ ഏതു ഭാഗത്തുള്ളവർക്കും വേഗത്തിൽ ചികിത്സ ലഭിക്കും. പ്രതീക്ഷയോടെയാണ് മലയോര ജനത മെഡിക്കൽ കോളജിനെ കാത്തിരിക്കുന്നത്.

Tags:    
News Summary - Idukki Medical College: classes will start in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.