സർവകലാശാലകളടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് ജാഗ്രത നിർദേശങ്ങളുമായി യു.ജി.സി ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ (ഡി.ഇ.ബി). വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ റെഗുലേറ്ററി ബോഡിയാണിത്.
2020 സെപ്റ്റംബർ നാലിന് യു.ജി.സി ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ പ്രോഗ്രാമുകൾക്കായി ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തുടർന്ന് 2021, 2022 വർഷങ്ങളിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അതുപ്രകാരമുള്ള നിബന്ധനകളും നിർദേശങ്ങളും താഴെ:
-യു.ജി.സി- ഡി.ഇ.ബിയുടെ അനുമതിയും അംഗീകാരവുമുള്ള സർവകലാശാല/സ്ഥാപനങ്ങൾ നേരിട്ട് നടത്തുന്ന വിദൂരവിദ്യാഭ്യാസ/ഓൺലൈൻ കോഴ്സുകളിൽ പ്രവേശനം നേടാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കണം.
ഇന്ത്യയിലെവിടെയുമുള്ള വിദ്യാർഥികൾക്ക് യു.ജി.സി അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദൂര വിദ്യാഭ്യാസ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് തടസ്സങ്ങളില്ല. വ്യവസ്ഥകൾക്ക് വിധേയമായി പഠനം പൂർത്തിയാക്കാം. ഫ്ലെക്സിബിലിറ്റിയാണ് വിദൂരവിദ്യാഭ്യാസത്തിന്റെ സവിശേഷത. ജോലിയുള്ളവർക്കും ഇല്ലാത്തവർക്കും അനായാസം പഠിച്ച് ബിരുദങ്ങൾ സമ്പാദിക്കാം. പഠനസാമഗ്രികളടക്കം ഹൈടെക് പഠനസൗകര്യങ്ങൾ ലഭ്യമാകും.
അധികസമയമൊന്നും ക്ലാസ് മുറികളിൽ ചെലവഴിക്കേണ്ടതില്ല. സ്വന്തമായി പഠിച്ച് പരീക്ഷയെഴുതാം. സർവകലാശാലകളാണ് വിജയികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവർക്ക് അംഗീകൃത ഓൺലൈൻ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യാവുന്നതാണ്. വിദൂര വിദ്യാഭ്യാസ സംബന്ധമായ കൂടുതൽ വിവരങ്ങൾ https://deb.ugc.ac.inൽ ലഭിക്കും.
ഓപൺ/ഡിസ്റ്റൻസ് ലേണിങ്/ഓൺലൈൻ പ്രോഗ്രാമുകളിൽ 2024-25 വർഷം മുതൽ പ്രവേശനം നേടുന്നവർ ഡി.ഇ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 2024 ഒക്ടോബറിൽ ആരംഭിക്കുന്ന അക്കാദമിക് സെഷൻ മുതൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യുനിക് ഡി.ഇ.ബി ഐ.ഡി ലഭിക്കും. അംഗീകൃത സ്ഥാപനത്തിലും കോഴ്സിലുമാണ് പ്രവേശനം നേടിയതെന്ന് ഉറപ്പാക്കാനും പ്രവേശന നടപടികളുടെ സുതാര്യത ഉറപ്പുവരുത്താനും രജിസ്ട്രേഷൻ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.