അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും 10 + 2 (ബി.ടെക്) കാഡറ്റ് എൻട്രി സ്കീമിലൂടെ ഏഴിമല (കണ്ണൂർ) നാവിക അക്കാദമിയിൽ നാലുവർഷ ബി.ടെക് പഠന പരിശീലനങ്ങൾ പൂർത്തിയാക്കി നാവികസേനയുടെ എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചിൽ ഓഫിസറാകാം. 30 ഒഴിവുകളുണ്ട്. ജെ.ഇ.ഇ മെയിൻ 2023 (ബി.ഇ/ബി.ടെക്) യോഗ്യത നേടിയവർക്കാണ് അവസരം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ സീനിയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പത്ത്/പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ വേണം. 2004 ജൂലൈ രണ്ടിനും 2007 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽ ലഭ്യമാണ്. നിർദേശാനുസരണം ഓൺലൈനായി ജൂൺ 30വരെ അപേക്ഷ സമർപ്പിക്കാം.
ജെ.ഇ.ഇ മെയിൻ 2023 ഓൾ ഇന്ത്യ റാങ്കടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് (SSB) ബംഗളൂരു/വിശാഖപട്ടണം/ഭോപാൽ/കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന ഇന്റർവ്യൂവിന് ക്ഷണിക്കും. എ.സി ത്രീടയർ റെയിൽ ഫെയർ ലഭിക്കും. ഇന്റർവ്യൂവിൽ യോഗ്യത നേടുന്നവരെ വൈദ്യപരിശോധന നടത്തിയാണ് സെലക്ഷൻ.
തിരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകൾക്ക് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ സൗജന്യമായി നാലുവർഷത്തെ ബി.ടെക് പഠനം പൂർത്തിയാക്കാം. ജെ.എൻ.യു ബിരുദങ്ങൾ സമ്മാനിക്കും. പഠന-പരിശീലന ചെലവുകൾ നാവികസേന വഹിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ ഓഫിസറായി നിയമിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.