തിരുവനന്തപുരം: പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കല്‍ കമീഷന്‍റെ (എൻ.എം.സി) അംഗീകാരം. ഈ വർഷംതന്നെ 100 സീറ്റുകളിൽ പ്രവേശനത്തിനുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിലേത് ഉൾപ്പെടെ സർക്കാർ മേഖലയിലെ എം.ബി.ബി.എസ് സീറ്റുകളുടെ ആകെ എണ്ണം 1755 ആയി ഉയർന്നു. ആരോഗ്യവകുപ്പിന് കീഴിലുള്ള 11 മെഡിക്കൽ കോളജുകളിലായി 1655 സീറ്റുകളാണുള്ളത്.
ആഗസ്റ്റിൽ ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ് സീറ്റിന് അംഗീകാരം ലഭിച്ചിരുന്നു. രണ്ട് സർക്കാർ മെഡിക്കൽ കോളജുകൾ വഴി ഈ അധ്യയന വർഷം വർധിക്കുന്നത് 200 എം.ബി.ബി.എസ് സീറ്റുകളാണ്. ഈ വർഷം മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് പ്രവേശന സാധ്യത വർധിപ്പിക്കുന്നതും ആശ്വാസമാകുന്നതുമാണ് രണ്ട് സർക്കാർ കോളജുകളിൽ കൂടി എം.ബി.ബി.എസ് പ്രവേശനത്തിന് അനുമതി ലഭിച്ചത്. മെഡിക്കൽ പ്രവേശനത്തിനൊപ്പം ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് എന്ന പത്തനംതിട്ട ജില്ലയുടെ ദീർഘനാളത്തെ ആവശ്യത്തിനും കോന്നി മെഡിക്കൽ കോളജ് യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും.
250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കൽ കോളജിൽ അംഗീകാരത്തിന്‍റെ ഭാഗമായി സർക്കാർ നടത്തിയതെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, കാന്‍റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി എന്നിവയുടെ നിർമാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി നൽകുകയും നിർമാണം തുടങ്ങുകയും ചെയ്തു. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് 18.72 കോടി കിഫ്ബിയില്‍നിന്നും ലഭ്യമാക്കി. ഇന്‍റേണല്‍ റോഡ്, എസ്.ടി.പി, പ്രവേശന കവാടം മുതലായവ നിർമിക്കുന്നതിന് 15.51 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം 250
കൊല്ലം പാരിപ്പള്ളി 110
കോന്നി 100
ആലപ്പുഴ 175
കോട്ടയം 175
ഇടുക്കി 100
എറണാകുളം 110
തൃശൂര്‍ 175
മഞ്ചേരി 110
കോഴിക്കോട് 250
കണ്ണൂര്‍ പരിയാരം 100
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.