കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിൽ കുവൈത്തികളല്ലാത്തവരെയും വിദ്യാഭ്യാസ ജോലികൾക്ക് വിനിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ചട്ടങ്ങൾക്കനുസൃതമായി നിർദിഷ്ട വിഭാഗങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ ജോലിചെയ്യാൻ നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, 45 വയസ്സിന് താഴെ പ്രായമുള്ളവർ, കുവൈത്തിലെ അമ്മമാരുടെ കുട്ടികൾ, ജി.സി.സി പൗരന്മാർ എന്നിവർക്ക് മുൻഗണന നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകർ ഇല്ലാത്ത നിലക്കാവും മറ്റു വിദേശികളെ പരിഗണിക്കുക.
വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചതുപ്രകാരം അധ്യാപനമേഖലകളിൽ പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. കുവൈത്തിലെ അമ്മമാരുടെ കുട്ടികൾ, ബിദൂനികൾ എന്നിവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷകരിൽ പിഎച്ച്.ഡിയുള്ളവർക്ക് കുറഞ്ഞത് ബി ഗ്രേഡെങ്കിലും ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവർക്ക് കുറഞ്ഞത് എ ഗ്രേഡെങ്കിലും വേണം. കുവൈത്ത് സർവകലാശാലയിലെ കോളജ് ഓഫ് എജുക്കേഷൻ, പി.എ.എ.ഇ.ടി പ്രിൻസിപ്പൽ എജുക്കേഷൻ കോളജ്, കുവൈത്തിലെ സർക്കാർ കോളജുകൾ എന്നിവയിലെ ബിരുദധാരികളെ അനുഭവപരിചയത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അധ്യാപക ജോലിയിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തേ നീക്കം നടന്നിരുന്നു. അടുത്ത അധ്യയന വർഷത്തിന്റെ അവസാനത്തോടെ രണ്ടായിരത്തോളം വിദേശി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ, യോഗ്യരായ സ്വദേശി അപേക്ഷകർ ഇല്ലാത്തത് ഇതിന് തടസ്സമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.