ഐ.ഐ.ടികൾ നടത്തുന്ന റെഗുലർ എം.എസ് സി, എം.എസ് സി (ടെക്), എം.എസ് (റിസർച്), എം.എസ് സി-എം.ടെക് ഡ്യുവൽ ഡിഗ്രി, ജോയന്റ് എം.എസ് സി, പിഎച്ച്.ഡി എം.എസ് സി-പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് അഡ്മിഷൻ ടെസ്റ്റ് (ജാം - 2024) ദേശീയതലത്തിൽ ഫെബ്രുവരി 11 ഞായറാഴ്ച നടത്തും. ഐ.ഐ.ടി മദ്രാസാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
കമ്പ്യൂട്ടർ അധിഷ്ഠിത ജാം പരീക്ഷയിൽ ബിരുദതലത്തിലുള്ള ഏഴു ടെസ്റ്റ് പേപ്പറുകളുണ്ടാവും. മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർടൈപ് ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ പേപ്പറുകൾ ടെസ്റ്റിന് തിരഞ്ഞെടുക്കാം. പരീക്ഷഘടനയും സിലബസും ഉൾപ്പെടെ സമഗ്ര വിവരങ്ങൾ https://jam.iitm.ac.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, വടകര, ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം പരീക്ഷകേന്ദ്രങ്ങളാണ്. കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ ഏഴു പേപ്പറുകളാണ് പരീക്ഷക്കുള്ളത്.
അപേക്ഷഫീസ് ഒറ്റ ടെസ്റ്റ് പേപ്പറിന് വനിതകൾ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 900 രൂപ, രണ്ടു ടെസ്റ്റ് പേപ്പറുകൾക്ക് 1250 രൂപ, മറ്റുള്ളവർക്ക് യഥാക്രമം 1800 രൂപ, 2500 രൂപ എന്നിങ്ങനെയാണ്. സെപ്റ്റംബർ അഞ്ചു മുതൽ ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയങ്ങളിൽ ബാച്ചിലേഴ്സ് ബിരുദമുള്ളവർക്കും ഫൈനൽ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ഐ.ഐ.ടികളും പി.ജി പ്രോഗ്രാമുകളും സീറ്റുകളും യോഗ്യതമാനദണ്ഡങ്ങളും പ്രവേശന നടപടികളും ‘ജാം 2024’ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
ജാം സ്കോർ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഐ.ഐ.ടികൾ പാലക്കാട്, മദ്രാസ്, ഹൈദരാബാദ്, തിരുപ്പതി, ഭീലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹതി, ഇന്ദോർ, ജമ്മു, ജോധ്പുർ, കാൺപുർ, ഖരഗ്പുർ, മാണ്ഡി, പട്ന, റൂർക്കി, റോപാർ, വാരാണസി എന്നിവയാണ്. ഇതിനു പുറമെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു, എൻ.ഐ.ടികൾ മുതലായ സ്ഥാപനങ്ങളും എം.എസ് സി അടക്കമുള്ള പി.ജി പ്രവേശനത്തിന് ജാം സ്കോർ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.