എല്ലാവരും ആവേശത്തോടെ കാത്തിരുന്ന നീറ്റ് യു.ജി പ്രവേശന പരീക്ഷ ഫലം പുറത്തുവന്നപ്പോൾ മലപ്പുറം ജില്ലയിലെ തവനൂര് നിന്നുള്ള മിടുക്കി പി നന്ദിതയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ദേശീയ തലത്തിൽ 47ാം റാങ്കാണ് നന്ദിതക്ക്. ആദ്യ അമ്പത് റാങ്കുകളിലെ ഏക മലയാളിയും നന്ദിതയാണ്. രണ്ടാം ശ്രമത്തിലാണ് നീറ്റിലെ ഉന്നത വിജയം നന്ദിത കൈപ്പിടിയിലൊതുക്കിയത്. ആദ്യ ശ്രമത്തിൽ 579 മാർക്കാണ് ലഭിച്ചത്. ഇത്തവണ അത് 701 മാർക്കായി ഉയർന്നു. റിട്ട. നാവിക സേന ഉദ്യോഗസ്ഥൻ പദമനാഭന്റെയും കോമളവല്ലിയുടെയും മകളാണ് നന്ദിത. വിജയത്തിനു പിന്നിലെ സൂത്രവാക്യങ്ങളെ കുറിച്ച് നന്ദിത പറയുന്നു.
വിജയത്തിലെത്താൻ കുറുക്കു വഴികൾ ഇല്ലെന്നാണ് ഈ മിടുക്കി പറയുന്നത്. എന്നും രാവിലെ 4.45ന് എഴുന്നേറ്റ് പഠിക്കുന്നതായിരുന്നു ശീലം. തുടർച്ചയായി കുറെ നേരമിരുന്ന് പഠിക്കും. മടുപ്പ് തോന്നിയാൽ കുറച്ചു നേരം വിശ്രമിക്കും. ഒരു ദിവസം 10-12 മണിക്കൂർ വരെ പഠിക്കാനായി മാറ്റിവെച്ചു. പരീക്ഷയടുത്തപ്പോൾ അത് 15 മണിക്കൂറായി. ദിവസം ആറുമണിക്കൂർ ഉറങ്ങാൻ ശ്രദ്ധിച്ചു.
ആശയം മനസിലാക്കി പഠിക്കുകയായിരുന്നു പ്രധാനം. പഠനത്തിന് ആവശ്യമായ കുറിപ്പുകൾ സ്വയം ഉണ്ടാക്കി. നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷയെഴുതാൻ പരിശീലനം നടത്തി. ഒപ്പം മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും വായിച്ചു. പഠിച്ചാൽ മറന്നുപോകുന്ന കാര്യങ്ങൾ ആവർത്തിച്ചു പഠിച്ചു. ഫിസിക്സിനെയാണ് നന്ദിത ഏറെ പേടിച്ചത്. എന്നാൽ ആ വിഷയത്തിൽ മുഴുവൻ മാർക്കും നേടാൻ സാധിച്ചു. എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളാണ് പഠിച്ചത്. ന്യൂഡൽഹി എയിംസിൽ പഠിക്കാനാണ് നന്ദിതയുടെ തീരുമാനം. തിരുനാവായ നാവാമുകുന്ദ സ്കൂളിലായിരുന്നു പ്ലസ് ടു പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.