കോഴിക്കോട്: കോളജുകളിൽ സിലബസിെൻറ 40 ശതമാനം ക്ലാസുകൾ ഓൺലൈനായി നടത്താൻ യു.ജി.സി (യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ) കരട്രേഖ തയാറാക്കി. പരീക്ഷകൾ നേരിട്ട് (ഓഫ്ലൈൻ) നടത്താമെന്നും സർവകലാശാലകൾക്ക് അയച്ച കരട് വ്യക്തമാക്കുന്നു. കോവിഡ് പോലെയുള്ള മഹാമാരികൾ കാരണം അധ്യയനം പ്രതിസന്ധി നേരിടുന്നതിനാലാണ് ഓൺലൈനും ഓഫ്ലൈനും എന്ന മിശ്രപഠന രീതി യാഥാർഥ്യമാക്കാനൊരുങ്ങുന്നത്. 'സ്വയം' ഓൺലൈൻ സംവിധാനം വഴി പഠിപ്പിക്കുന്നതിന് പുറമെയാണിത്. പുതിയ പാഠ്യരീതിയുടെ കരടിന് ജൂൺ ആറിനകം അഭിപ്രായമറിയിക്കണമെന്നും നിർദേശമുണ്ട്.
കോളജിലെത്തി ക്ലാസിലിരുന്ന് പഠിക്കുന്നതിനൊപ്പം അകലെയിരുന്ന് ഓൺലൈൻ ക്ലാസുകൾ ആസ്വദിക്കുന്നതും ഇനിയുള്ളകാലത്ത് വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് യു.ജി.സിയുടെ വിലയിരുത്തൽ. മിശ്രപഠനമെന്നത് നേരിട്ടുള്ളതും അല്ലാത്തതുമായ ക്ലാസുകൾ മാത്രമല്ല. ഓഫ്ലൈനിലും ഓൺലൈനിലും അർഥവത്തായ പഠനപ്രവർത്തനങ്ങൾ നടത്തുക എന്നത് കൂടിയാണെന്നും ഓർമിപ്പിക്കുന്നു. മിശ്രരീതിയിലൂടെ പഠനത്തിൽ വിദ്യാർഥികളുടെ ഇടപെടൽ വർധിക്കുകയും അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പരസ്പര പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യുമെന്ന് യു.ജി.സി ചൂണ്ടിക്കാട്ടുന്നു.
അറിവ് പകരുന്നതിനപ്പുറം പരിശീലകനും മാർഗദർശിയുമായി മിശ്രപാഠ്യരീതിയിൽ അധ്യാപകർ മാറും. നേരിട്ട് ക്ലാെസടുക്കുേമ്പാൾ അധ്യാപകർക്ക് ആധിപത്യമാണെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾക്കും തുല്യപ്രാധാന്യം നൽകാനാണ് ലക്ഷ്യമിടുന്നത്. അധ്യാപകർ തയാറാക്കിയ വിഡിയോ ക്ലാസുകൾ സൗകര്യത്തിനനുസരിച്ച് കണ്ടും കേട്ടും നിശ്ചിത സമയത്തിനകം ഓഫ്ലൈൻ ക്ലാസുകളിൽ ഗൃഹപാഠവും പ്രോജക്ടുകളും അവതരിപ്പിക്കാനും അവസരമൊരുക്കും.
പരമ്പരാഗതമായ മൂല്യനിർണയ രീതിയും മാറ്റി. പുസ്തകങ്ങൾ തുറന്നുവെച്ച് പരീക്ഷ എഴുതുന്ന 'ഓപൺ ബുക്ക്' രീതി തുടങ്ങാമെന്ന് കരടിൽ പറയുന്നു. വിദ്യാർഥികളെ സംഘമായി തിരിക്കുകയും അവർ ഒരുമിച്ച് പരീക്ഷയെഴുതുകയും ചെയ്യുന്ന സംവിധാനവും ഒരുക്കാൻ ഉദ്ദേശിക്കുന്നു. ഉത്തരങ്ങൾ എഴുതുന്നതിന് പകരം വിദ്യാർഥികൾക്ക് പറയാനും അവസരം നൽകും. അംഗപരിമിതർക്കടക്കം ഇത് ഗുണകരമാകും. വിദ്യാർഥികൾ ആവശ്യപ്പെടുന്ന സമയത്ത് മാത്രം പരീക്ഷ നടത്താവുന്നതും പരിഗണനയിലുണ്ട്. വൈവയും പ്രോജക്ട് സമർപ്പണവും പതിവുപോലെയുണ്ടാകും. അധ്യാപനത്തെക്കുറിച്ച് വിദ്യാർഥികളിൽ ആഴ്ച തോറും അഭിപ്രായങ്ങളും ശേഖരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായി സർവകലാശാലകളും കോളജുകളും മിശ്രപാഠ്യരീതി ശ്രദ്ധയോടെ നടപ്പാക്കണമെന്നും യു.ജി.സി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.