കൊച്ചി: എൻ.എസ്.എസ് മാനേജ്മെന്റിന് കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അനുവദിച്ച 10 ശതമാനം സമുദായ ക്വോട്ടയിൽ കേന്ദ്രീകൃത അലോട്ട്മെന്റ് നടത്തില്ലെന്ന് സർക്കാർ ഹൈകോടതിയിൽ.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുൾപ്പെടാത്ത എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ചത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എൻ.എസ്.എസ് നൽകിയ അപ്പീൽ ഹരജി പരിഗണിക്കവെയാണ് സർക്കാർ ഈ ഉറപ്പുനൽകിയത്. പിന്നാക്ക വിഭാഗമല്ലെങ്കിലും സമുദായം വ്യക്തമാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകളിലെ 10 ശതമാനം സീറ്റ് സ്വന്തം സമുദായത്തിലെ കുട്ടികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്ന് വിലയിരുത്തി ജൂലൈ 27ന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.
ഈ 10 ശതമാനം സീറ്റിൽ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ ഓപൺ മെറിറ്റിൽ പ്രവേശനം നടത്താനും നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് എൻ.എസ്.എസ് കോടതിയെ സമീപിച്ചത്.
മുന്നാക്ക സമുദായത്തിലുള്ള വിഭാഗങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്നും ഇവരെ ഹരജിയിൽ കക്ഷിചേർത്തിരുന്നില്ലെന്നുമാണ് എൻ.എസ്.എസിന്റെ അപ്പീലിൽ പറയുന്നത്.
മുന്നാക്ക സമുദായങ്ങൾ നടത്തുന്ന സ്കൂളുകളിലെ പ്രവേശനത്തെ സിംഗിൾബെഞ്ചിന്റെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്നും റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. 10 ശതമാനം സീറ്റിലേക്ക് സിംഗിൾബെഞ്ച് ഉത്തരവ് പ്രകാരമുള്ള പ്രവേശനം നടത്തില്ലെന്ന സർക്കാറിന്റെ ഉറപ്പ് അപ്പീൽ പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് രേഖപ്പെടുത്തി. തുടർന്ന് ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.