തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ജില്ല/ ജില്ലാന്തര സ്കൂൾ/ കോംബിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ബുധനാഴ്ച രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച വൈകീട്ട് നാലു വരെ പ്രവേശനം നേടാം.
ലഭ്യമായ 24,637 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 24,247 എണ്ണമാണ് ട്രാൻസ്ഫർ അലോട്ട്മെന്റിനു പരിഗണിച്ചത്.കാൻഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS” എന്ന ലിങ്കിലൂടെ പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്തു കൊടുക്കേണ്ടതും അലോട്ട്മെന്റ് ലെറ്റർ പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്.
അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി നൽകണം. യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ വ്യാഴാഴ്ചക്കകം പ്രവേശനം നേടണം.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന നടപടി നീണ്ടുപോയ സാഹചര്യത്തിൽ വൈകി പ്രവേശനം നേടിയവർക്കായി പരിഹാരബോധന ക്ലാസ് നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് വിളിച്ച അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ക്ലാസ് ജൂലൈ അഞ്ചിന് തുടങ്ങിയെങ്കിലും ഇതിനു ശേഷം മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ വിദ്യാർഥി പ്രവേശനം നടത്തിയിരുന്നു. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർക്ക് ആഗസ്റ്റിലാണ് ക്ലാസ് ലഭിച്ചുതുടങ്ങിയത്.
ഒരു മാസത്തിലധികം ക്ലാസ് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പരിഹാര ബോധനക്ലാസ് നടത്തുന്നത്. ഓണപ്പരീക്ഷയുടെ ഇടയിലും ഇംപ്രൂവ്മെൻറ് പരീക്ഷകൾക്കിടയിലും ലഭിക്കുന്ന സമയങ്ങളിലോ രാവിലെയോ വൈകീട്ടോ മറ്റ് അവധി ദിവസങ്ങളിലോ ഇതിനു സമയം ക്രമീകരിക്കാൻ സ്കൂളിന് അധികാരമുണ്ടായിരിക്കും.
ഓരോ സ്കൂളിന്റെയും സാഹചര്യം അനുസരിച്ച് ക്ലാസ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്റ്റാഫ് മീറ്റിങ് വിളിച്ച് പി.ടി.എ അംഗീകാരത്തോടെ തീരുമാനിക്കാം.പരീക്ഷാമൂല്യനിർണയം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും പ്രതിഫലം ലഭിക്കാത്ത സാഹചര്യവും അധ്യാപക സംഘടന പ്രതിനിധികൾ ഉന്നയിച്ചു. ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകൾ നിർജീവമാണെന്നും പ്രവർത്തനം സ്തംഭനത്തിലാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.