തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെൻററി അലോട്ട്്മെൻറ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ ശേഷിച്ച 44,281 സീറ്റുകളിൽ 39,870 എണ്ണത്തിലേക്കാണ് അലോട്ട്‌മെൻറ്. സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷ പുതുക്കുകയോ പുതിയ അപേക്ഷ സമർപ്പിക്കുകയോ ചെയ്തത് 1,07,915 പേരായിരുന്നു.
അലോട്ട്‌മെൻറ് പൂർത്തിയായപ്പോൾ ശേഷിക്കുന്ന 68,045 പേർക്കായി ബാക്കിയുള്ളത് 4620 സീറ്റുകളാണ്. ബാക്കി സീറ്റുകൾ കൂടി പരിഗണിച്ചാൽ 63,425 പേർക്ക് സീറ്റില്ല. സപ്ലിമെൻററി അലോട്ട്മെൻറിൽ കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിലായിരുന്നു; 26,582. 5722 സീറ്റിൽ സപ്ലിമെൻററി അലോട്ട്മെൻറിന് ശേഷം ബാക്കിയുള്ളത് രണ്ട് സീറ്റ് മാത്രമാണ്. മലപ്പുറത്ത് സീറ്റില്ലാത്തത് 20,822 പേർക്കാണ്.
തിങ്കൾ രാവിലെ 10 മുതൽ വിദ്യാർഥി പ്രവേശനം നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 23വരെ പ്രവേശനം നേടാം. അലോട്ട്‌മെൻറ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെൻറ് ലെറ്ററിലെ നിർദിഷ്ട തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
അലോട്ട്‌മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ജില്ല/ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻറിനായി ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് േക്വാട്ടയിലോ സ്‌പോർട്‌സ് േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.
ജില്ലക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെൻറിനെ സംബന്ധിച്ച വിശദനിർദേശങ്ങൾ 27ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.