സർവകലാശാലകളിൽ പ്രോജക്ട് മോഡ് കോഴ്സുകളും ട്രാൻസ്ലേഷനൽ ലാബുകളും ഇക്കൊല്ലം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ നൂതന വിഷയ മേഖലകളിലുള്ള പ്രോജക്ട് മോഡ് കോഴ്സുകളും ട്രാൻസ്ലേഷനൽ ലാബുകളും ഈ വർഷം തന്നെ തുടങ്ങാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ സംഘടിപ്പിച്ച 'ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിലാണ് ഇതുസംബന്ധിച്ച തീരുമാനം.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. സംസ്ഥാനത്തെ എല്ലാ സർവകലാശാല കാമ്പസുകളിലും ജൂണിൽ തുടങ്ങുന്ന അധ്യയനവർഷത്തിൽ തന്നെ ചുരുങ്ങിയത് ഒരു കോഴ്സെങ്കിലും പ്രോജക്ട് മോഡിൽ തുടങ്ങണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഹ്രസ്വകാല കോഴ്സുകളും പി.ജി കോഴ്സുകളും പ്രോജക്ട് മോഡിൽ ആരംഭിക്കും.

ആധുനിക കോഴ്സുകൾ രൂപകൽപന ചെയ്ത് നിലവിലുള്ള പഠന വകുപ്പുകളുടെ സഹായത്തോടെയായിരിക്കും നടപ്പാക്കുക. അഞ്ച് വർഷത്തേക്ക് വിഭാവനം ചെയ്യുന്ന പദ്ധതിയിൽ ഓരോ സർവകലാശാലയിലും മൂന്ന് പ്രോജക്ടുകൾ വീതം അനുവദിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കും. ശാസ്ത്ര, സാങ്കേതിക വിഷയങ്ങൾക്ക് പുറമെ മാനവിക വിഷയങ്ങളിലും പുതുതായി ഉയർന്നുവരുന്ന വിജ്ഞാന മേഖലയിൽ നിശ്ചിത കാലത്തേക്കായി കോഴ്സ് രൂപകൽപന ചെയ്തു നടപ്പാക്കുന്ന രീതിയിലാണ് പ്രോജക്ട് മോഡ് കോഴ്സുകൾ.

ഈ കാലപരിധിക്കുശേഷം കോഴ്സുകൾ അവലോകനം ചെയ്ത് കാലാനുസൃത പ്രസക്തിയും തൊഴിലവസരവും വിലയിരുത്തി ഇവ തുടരണമോ എന്നതിൽ തീരുമാനമെടുക്കും. ബജറ്റിൽ പ്രഖ്യാപിച്ച ട്രാൻസ്ലേഷനൽ ലാബുകളും ഇൻകുബേഷൻ കേന്ദ്രങ്ങളും ഈ വർഷം തന്നെ ആരംഭിക്കാനാണ് നിർദേശം.

ഗവേഷണത്തിലെ കണ്ടെത്തലുകൾ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്ന ഗവേഷണ പരീക്ഷണശാലകളാണ് ട്രാൻസ്ലേഷനൽ ലബോറട്ടറികൾ.

പത്ത് സർവകലാശാലകളിൽ ഇത്തരം ലാബുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നവീന ആശയങ്ങൾ സൃഷ്ടിക്കാനും അവയെ സംരംഭങ്ങളാക്കി മാറ്റിയെടുക്കാനും സഹായിക്കുന്ന കേന്ദ്രങ്ങളാണ് ഇൻകുബേഷൻ കേന്ദ്രങ്ങൾ.

Tags:    
News Summary - Project mode courses and translational labs at universities this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.