പൊന്നാനി: പുതിയ തൊഴിൽ സാധ്യതകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ ഫിഷറീസ് കോളജ് തുടങ്ങാൻ തീരുമാനം. കൊച്ചിയിലെ കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് കീഴിലാണ് കോളജ് ആരംഭിക്കുക.
യൂനിവേഴ്സിറ്റിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ ഫിഷറീസ് കോളജായിരിക്കും പൊന്നാനിയിൽ വരുക. നിലവിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പൊന്നാനി എം.ഇ.എസ് കോളജിലും കൊടുങ്ങല്ലൂർ അസ്മാബി കോളജിലും അക്വാകൾച്ചർ, ഫിഷറീസ് കോഴ്സുകൾ മാത്രമാണ് ഉള്ളത്. നിരവധി സാധ്യതകളുള്ള ഒട്ടേറെ കോഴ്സുകൾ ഫിഷറീസ് കോളജ് വരുന്നതോടെ ആരംഭിക്കാനാവും. ഇതിനായുള്ള പുതിയ കെട്ടിടത്തിനുള്ള സ്ഥലം ഉടൻ കണ്ടെത്തും. അടുത്ത അധ്യയന വർഷത്തിൽ തന്നെ ലഭ്യമായ സ്ഥലത്ത് കോഴ്സുകൾ ആരംഭിക്കാനാണ് തീരുമാനമെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. യൂനിവേഴ്സിറ്റി അംഗീകാരം ലഭ്യമായതിനാൽ ഉടൻ തന്നെ സർക്കാർ അനുമതിയും ലഭ്യമാക്കി കോളജ് ആരംഭിക്കാനാണ് തീരുമാനം.
ഇതോടൊപ്പം ഹൈഡ്രോഗ്രാഫിക് മലബാർ മേഖല ഓഫിസും പൊന്നാനിയിൽ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഹൈഡ്രോ ഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിങ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫിസാണ് പൊന്നാനി കേന്ദ്രമായി വരുക. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകൾക്കായാണ് മധ്യമേഖല ഓഫിസ് സ്ഥാപിക്കുക. ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ക്വാണ്ടിറ്റി സർവേ, ഡൈവിങ് പരിശീലനം ഉൾപ്പെടെ കോഴ്സുകളാണ് സർവകലാശാലക്ക് കീഴിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.