തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ നാലാംഘട്ടത്തിൽ പ്രഖ്യാപിച്ച ഇളവുകൾ വിദ്യാഭ്യാസ മേഖലയിൽ തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് നിശ്ചിത സമയത്ത് സ്കൂളുകളിൽ വന്ന് അധ്യാപകരെ കണ്ട് സംശയ നിവാരണത്തിന് അവസരമൊരുക്കുന്നതായിരുന്നു നാലാംഘട്ടത്തിലെ പ്രധാന നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇത് നടപ്പാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടത്തോടെ പുറത്തിറങ്ങുന്നത് രോഗവ്യാപനം വർധിക്കാൻ വഴിതുറക്കുമെന്ന വിലയിരുത്തലാണ് വിദ്യാഭ്യാസ വകുപ്പിന്. നിലവിൽ സ്കൂളുകളിൽ അധ്യാപകർ ഹാജരാകുന്നില്ല. അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയാണ് നടക്കുന്നത്. വിദ്യാർഥികൾക്ക് സ്വന്തം സ്കൂളുകളിലെ അധ്യാപകരുമായി സംശയനിവാരണത്തിന് ഫോണിൽ ഉൾപ്പെടെ സൗകര്യവും അനുവദിക്കുന്നുണ്ട്.
സ്വന്തം നിലയിൽ ഒാൺലൈൻ ക്ലാസുകൾ നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്ന സ്കൂളുകളും ഏറെയാണ്. ഒാൺലൈൻ അധ്യയനം താരതമ്യേന പരാതികളില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കുട്ടികളെ ഉടനെ സ്കൂളുകളിൽ എത്തിക്കേണ്ടെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിൽ വരേണ്ടത്.
അതേസമയം, കോളജുകളിൽ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുന്നതിെൻറ സാധ്യത പരിശോധിക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.