തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മുന്നോടിയായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡൻറ് പ്രഫ. സുരേഷ് ദാസ് അധ്യക്ഷനായ കമ്മിറ്റിയിൽ 39 പേർ അംഗങ്ങളാണ്.
ഉന്നത വിദ്യാഭ്യാസരംഗത്ത് സമഗ്ര പരിഷ്കരണത്തിന് ശിപാര്‍ശ ചെയ്യുന്ന പ്രഫ. ശ്യാം ബി. മേനോന് കമീഷന്റെ നിർദേശങ്ങള്‍ക്കനുസൃതമായി പാഠ്യപദ്ധതി പുനഃസംഘടനക്കാണ് കമ്മിറ്റിയെ നിയോഗിച്ചത്. സർവകലാശാലകൾക്ക് ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സഹായകമായ വിധത്തിൽ മാതൃക കരിക്കുലം സംസ്ഥാനതല കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തും.
ബിരുദ കോഴ്സുകൾ നാല് വർഷത്തിലേക്ക് മാറ്റാനും പഠനത്തിനൊപ്പം തൊഴിലും നൈപുണ്യവും വികസിപ്പിക്കാനും ലക്ഷ്യമിടുന്ന രീതിയിലായിരിക്കും മാതൃക കരിക്കുലം വികസിപ്പിക്കുക. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം നിർദേശിക്കാനും പുതിയ സാധ്യതകള്‍ കണ്ടെത്താനും കമ്മിറ്റി ലക്ഷ്യമിടുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച സെല്ലിന്റെ ശിപാർശ അംഗീകരിച്ചാണ് കരിക്കുലം കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവിറങ്ങിയത്.
കമ്മിറ്റി അംഗങ്ങൾ: പ്രഫ. ഗംഗന് പ്രതാപ് (കുസാറ്റ് മുന്‍ വി.സി), ഡോ. എം.എസ്. രാജശ്രീ (കെ.ടി.യു മുൻ വി.സി), പ്രഫ. എ.കെ. രാമകൃഷ്ണൻ (ജെ.എൻ.യു), ശശികുമാർ (ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം), പ്രഫ. സുര്‍ജിത് മജുംദാര്‍ (സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്), പ്രഫ. സനൽ മോഹൻ, പ്രഫ. കെ.എൻ. ഗണേഷ് , പ്രഫ. മീന ടി. പിള്ള (കേരള സർവകലാശാല), പ്രഫ. ദ്രുവ് റെയ്ന (ജെ.എൻ.യു), പ്രഫ. പ്രവീൺ ലാൽ കുറ്റിച്ചിറ, പ്രഫ. ജിജു പി. അലക്സ് (സംസ്ഥാന ആസൂത്രണ ബോർഡ്), പ്രഫ. നന്ദകുമാർ കളരിക്കൽ, പ്രഫ. അംബർ ഹബീബ്, പ്രഫ. സിമി മൽഹോത്ര (ജാമിഅ മില്ലിയ്യ), ഡോ. അഭിലാഷ് പിള്ള (സ്കൂൾ ഓഫ് ഡ്രാമ), പ്രഫ. വി.ജി. രേണുമോൾ (കുസാറ്റ്), ഡോ. ബി. ശ്രീകുമാർ (കേരള ഫീഡ്സ് എം.ഡി), പ്രഫ. കെ. ജയചന്ദ്രൻ, പ്രഫ. ഗബ്രിയേൽ സൈമൺ തട്ടിൽ, പ്രഫ. എ. പ്രവീൺ, പ്രഫ. കെ.ജി. ഗോപ്ചന്ദ്രൻ, പ്രഫ. ഗംഗ പ്രസാദ്, ഡോ.ടി.ടി. സുനിൽ, ഡോ. തേജൽ കനിത്കർ (ബംഗളൂരു), ഡോ. ആർ.കെ. ജയപ്രകാശ് (എസ്.സി.ഇ.ആർ.ടി ഡയറക്ടർ), ഡോ. പി.പി. പ്രകാശൻ, ഡോ. സാഹിറ റഹ്മാൻ, ഡോ. അരുൺ ജയ്ദേവ്, പി.എം. റിയാസ്, ഡോ.ആർ. സന്തോഷ്, ഡോ. സി. പത്മനാഭൻ, ഡോ.എസ്. നസീബ്, ഡോ. ആൽഡ്രിൻ ആൻറണി, ഡോ. ലയ്ജു പി. നായർ, ജയൻ പി. വിജയൻ, ഡോ. രാജൻ വർഗീസ്, ഡോ. വി. ഷെഫീഖ്, ഡോ. കെ. സുധീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.