കൽപറ്റ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ മൂല്യനിർണയ ജോലിയുടെ പ്രതിഫലം ആറ് മാസമായിട്ടും നൽകിയില്ല. പ്ലസ് വൺ, പ്ലസ്ടു പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴും 2023 ഏപ്രിലിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണയത്തിന്റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞുെവച്ചിരികുന്നത്. മുൻ വർഷങ്ങളിൽ ഒന്നര മാസത്തിനകം പ്രതിഫലം ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ആറുമാസമായിട്ടും നടപടിയില്ലാത്തത്.
ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ ഒമ്പതിന് ആരംഭിക്കാനിരിക്കുമ്പോഴും മാസങ്ങൾക്കു മുമ്പേ നടന്ന മൂല്യനിർണയ ജോലിയുടെ പ്രതിഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി നടന്ന ഹയർസെക്കൻഡറി കേന്ദ്രീകൃത മൂല്യനിർണയത്തിന്റെ പ്രതിഫലം നൽകുന്നതിന് 30.4 കോടി രൂപ നൽകേണ്ട സ്ഥാനത്ത് 8.9 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് അധ്യാപക സംഘടനകൾ പറയുന്നു. ആകെ വേണ്ട തുകയുടെ നാലിലൊന്ന് തുക മാത്രം അനുവദിച്ചതിനാൽ 25 ശതമാനം അധ്യാപകർക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്.
അതേ സമയം, ഹയർ സെക്കൻഡറി മൂല്യനിർണയത്തോടൊപ്പം നടന്ന എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിന്റെ മുഴുവൻ പ്രതിഫലം അധ്യാപകർക്ക് വിതരണം ചെയ്തുകഴിഞ്ഞു. പരീക്ഷകൾക്കുള്ള അറിയിപ്പ് പുറത്തിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിലാണ് ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്നു ഉയർന്ന തോതിലുള്ള പരീക്ഷ ഫീസ് പിരിച്ചെടുക്കുന്നത്.
ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് യഥാക്രമം 240, 270 രൂപ വീതവും സേ പരീക്ഷക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയുമാണ് പിരിച്ചെടുക്കുന്നത്. ഈ തുക ലഭ്യമാണെന്നിരിക്കെ ഹയർസെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫലം ലഭിക്കാൻ മാസങ്ങളായി തുടരുന്ന അന്യായമായ കാലതാമസം മേഖലയോടുള്ള അവഗണനയാണെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്.
കൽപറ്റ: ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയത്തിന്റെ കുടിശ്ശികയുള്ള പ്രതിഫലത്തുക അടിയന്തരമായി അനുവദിക്കണമെന്നു ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്.എച്ച്.എസ്.ടി.എ ) ജില്ല നേതൃയോഗം ആവശ്യപ്പെട്ടു.
പ്രത്യേക പരീക്ഷ ഫീസ് ഇല്ലാത്ത എസ്.എസ്.എൽ.സി പരീക്ഷ ജോലിക്കും മൂല്യ നിർണയത്തിനും സമയബന്ധിതമായി പ്രതിഫലം ലഭ്യമാക്കുന്ന സാഹചര്യമുള്ളപ്പോൾ ഹയർ സെക്കൻഡറി മേഖലയിൽ മാസങ്ങളായി പ്രതിഫലം തടഞ്ഞുവെക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
പരീക്ഷ ജോലിയുമായി ബന്ധപ്പെട്ട് പിരിച്ചെടുക്കുന്ന ഫീസ് വകമാറ്റുന്നതിന്റെ ഭാഗമായാണ് പ്രതിഫലം നൽകാനാവാത്ത സാഹചര്യം സംജാതമാകുന്നത്. ഒക്ടോബർ ഒമ്പതിനു ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ കൂടി ആരംഭിക്കാനിരിക്കുകയാണ്.
ഈ പരിക്ഷക്ക് മുമ്പായി കുടിശ്ശികയുള്ള പ്രതിഫലത്തുക അടിയന്തരമായി അനുവദിക്കണമെന്ന് എഫ്.എച്ച്.എസ്.ടി.എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 29 ന് 4.30 കലക്ടറേറ്റിനു മുന്നിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. യോഗത്തിൽ ജില്ല ചെയർമാൻ കെ.ആർ. ബിനീഷ്, കൺവീനർ റോണി ജേക്കബ്, ട്രഷറർ പി.എ. ജലീൽ, വൈസ് ചെയർമാൻ ദിനേശ് കുമാർ, സിജോ കെ. പൗലോസ്, വി.ജി. വിശ്വേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.