സൂരജ് പാലാക്കാരൻ

യുവതിയെ അപമാനിച്ചതിന് യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്ത കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി. സുകുമാർ എന്ന സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിനുപിന്നാലെ ഒളിവിൽ പോയ സൂരജ് കൊച്ചി അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല എന്നും സൂരജ് പ്രതികരിച്ചു.

സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈകോടതിയെ സമീപിച്ചത്.

ഡിജിറ്റൽ മാധ്യമങ്ങൾ പൊതുഇടങ്ങളാണെന്നും ഇതുവഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമാ​ണെന്നും മുൻകൂർ ജാമ്യം നിഷേധിച്ച സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്ന് ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ ഉള്ളതിനാൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയിരുന്നു. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27നാണ് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനുപിന്നാലെയാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൂരജ് പാലാക്കാരൻ യൂട്യൂബിൽ വീഡിയോ പുറത്തുവിട്ടത്. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇതുസംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - YouTuber sooraj palakkaran arrested for insulting woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.