നെടുങ്കണ്ടം: ഒന്നര വർഷം കൊണ്ട് 100 ഇംഗ്ലീഷ് കവിതകൾ പൂർത്തിയാക്കി ജെ.വി. സൈറിൻ എന്ന തൂലികാ നാമത്തിൽ ശ്രദ്ധേയ ആയിരിക്കുകയാണ് പത്താം ക്ലാസുകാരി ജീവ ജിജോ. പതിനഞ്ചാം വയസ്സിൽ 100 ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. സ്കൂൾ പത്താം ക്ലാസ് വിദ്യർഥിനിയായ ഈ കൊച്ചു മിടുക്കി പുറത്തിറക്കിയത്.
എട്ട് വയസ്സുള്ളപ്പോൾ ചുറ്റുപാടുമുള്ള കാഴ്ചകളിൽനിന്ന് വിഷയമെടുത്ത് മലയാളത്തിൽ കവിതകൾ എഴുതിയായിരുന്നു തുടക്കം. കോവിഡ് കാലത്ത് ഹാരി പോർട്ടറിന്‍റെ എട്ട് പുസ്തകങ്ങൾ വായിച്ചു തീർത്തതോടെയാണ് ഇംഗ്ലീഷ് കവിതയിലേക്ക് തിരിഞ്ഞത്.
എൽ.പി ക്ലാസ് മുതൽ പഠനത്തോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രശസ്തരുടെ രചനകളും വായിച്ചുതീർത്തു. കിട്ടാൻ ബുദ്ധിമുട്ടുള്ളവ ഇൻറർനെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് വായിച്ചു.അങ്ങനെ ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും താൽപര്യം വർധിച്ചു. പിന്നീട് ഇംഗ്ലീഷിൽ കവിതകൾ എഴുതി തുടങ്ങി. മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനം കൂടിയായപ്പോൾ ജീവയിലെ എഴുത്തുകാരി വളർന്നു.
മനസ്സിൽ തോന്നുന്നവ കുറിച്ചിടുക മാത്രമാണ് ആദ്യം ചെയ്തിരുന്നത്.100 കവിതകൾ തികച്ചാൽ പ്രസിദ്ധീകരിക്കാം എന്ന പിതാവിന്‍റെ വാഗ്ദാനമാണ് പ്രചോദനമായത്. 100 കവിതകൾ അടങ്ങിയ‘ഹാവ് യുവർസെൽഫ്’ എന്ന ആദ്യ പുസ്തകം ജെ.വി സൈറീൻ എന്ന തൂലികാനാമത്തിൽ പുറത്തിറങ്ങി. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് സുബൈർ പ്രകാശനം ചെയ്തു. പുസ്തകത്തിന്‍റെ പുറം ചട്ട രൂപകൽപന ചെയ്തതും ജീവ തന്നെ.
സ്കൂളിൽ കഥ, കവിത മത്സരങ്ങളിൽ ജീവ സമ്മാനം നേടിയിട്ടുണ്ട്. പിതാവ് എഴുകുംവയൽ കൊങ്ങമല ജിജോ മുരിക്കാശ്ശേരി പാവനാ കോളജ് ജീവനക്കാരനും മാതാവ് ജൂലി നെടുങ്കണ്ടം ഗവ. യു.പി സ്കൂൾ അധ്യാപികയുമാണ്. സഹോദരങ്ങൾ: ജുവാൻ, ജുവൽ മരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.