പയ്യന്നൂർ: കൈക്കോട്ടു കാണാത്ത, കൈയിൽ തഴമ്പില്ലാത്ത തലമുറ സ്വയം നാശത്തിലേക്ക് രാഷ്ട്രത്തെ കൈപിടിച്ചു നടത്തിക്കൊണ്ടുപോവുന്ന വർത്തമാനകാല ചിത്രം ഓർമിപ്പിക്കുന്ന ചിത്രക്കൈക്കോട്ട് പ്രതിരോധത്തിെൻറ പുതിയ രൂപമാകുന്നു. അതുകൊണ്ടുതന്നെ പയ്യന്നൂർ ഗാന്ധി പാർക്കിലെ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രകല പരിഷത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ചിത്രപ്രദർശന ഹാളിൽ ഇടംപിടിച്ച ചിത്രക്കൈക്കോട്ട് സംവദിക്കുന്നതും ഈ വർത്തമാനകാല ദുരന്തത്തോടുതന്നെ.
വ്യതിരിക്തതയുടെ വർണരാജി പടർത്തുന്ന കൈക്കോട്ടിെൻറ 'ഉടമ' ധനരാജ് കീഴറയാണ്. പ്രദർശന നഗരിയിലെ ഏറെ ശ്രദ്ധേയമായ രചനകളിലൊന്നാണ് കൈക്കോട്ട് കല. കാൻവാസിനു പകരം കൃഷിയുടെ അവിഭാജ്യ ഘടകമായ കൈക്കോട്ടാണ് ചിത്രകാരൻ ഇവിടെ വരയിടമാക്കിയത്. തെയ്യത്തിെൻറ ചിത്രവഴക്കത്തിൽ ഒരു മുള, നാമ്പ് എന്നിവ കാണാം. തെയ്യവും കാർഷിക സംസ്കൃതിയും തമ്മിലുള്ള ബന്ധം ഇതിൽ വായിച്ചെടുക്കാം. ഒപ്പം കൃഷിയും കൈക്കോട്ടും തമ്മിലുള്ള ബന്ധവും ചിത്രം അടയാളപ്പെടുത്തുന്നു.
ചേറിലിറങ്ങി ജോലി ചെയ്യുന്ന പഴയ കൃഷിപ്പണിക്കാർ ഉടുക്കുന്ന ചുട്ടിത്തോർത്തിെൻറ മുകളിലാണ് പ്രദർശന ഹാളിൽ ചിത്രക്കൈക്കോട്ട് ഇടം പിടിച്ചതെന്നതും ശ്രദ്ധേയം. ടെക്സ്റ്റും ടെക്സ്റ്റയിലും തമ്മിലുള്ള ചാർച്ചയുടെ ഓർമയാണ് ഇതു നൽകുന്നതെന്ന് പ്രശസ്ത നിരൂപകനും പ്രദർശനത്തിെൻറ ഉദ്ഘാടകനുമായ ഇ.പി. രാജഗോപാലൻ മാസ്റ്റർ പറയുന്നു.
മൊത്തത്തിൽ കൃഷിക്കാർക്കുള്ള കലാഭിവാദനവും കർഷകസമരങ്ങളോടുള്ള ഐക്യദാർഢ്യ പ്രകടനവുമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻസ്റ്റലേഷൻ ആർട്ടിെൻറ സാധ്യതയാവുന്ന 'കൈക്കോട്ടാർട്ടി'ന് പുറമെ 40ഓളം കലാകാരന്മാർ വരച്ച വ്യത്യസ്ത ചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് പ്രദർശന ഹാൾ. എല്ലാ ചിത്രങ്ങളും ഏറെ മെച്ചപ്പെട്ട കാഴ്ചാനുഭവമാണ്. മണ്ണും മനുഷ്യനും പുഴയും തെയ്യവും കാർഷിക സംസ്കൃതിയും സമന്വയിക്കുന്ന വർണലോകമാണിവിടെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.