നല്ല സിനിമ വേണ്ടെന്ന് വെയ്ക്കരുതെന്ന് മക്കളോട് എപ്പോഴും പറയാറുണ്ടെന്ന് മല്ലികാ സുകുമാരന്‍

തിരുവനന്തപുരം: നല്ല സിനിമ വേണ്ടെന്ന് വെയ്ക്കരുതെന്ന് മക്കളോട് എപ്പോഴും പറയാറുണ്ടെന്നു നടി മല്ലികാ സുകുമാരന്‍. പക്ഷേ പൃഥിരാജ് ഇപ്പോഴെടുക്കുന്നത് ഓവര്‍ലോഡാണോ എന്നുതോന്നിപ്പോകുന്നുവെന്നും അവര്‍ പറഞ്ഞു. കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം നടി ദുര്‍ഗാ കൃഷ്ണക്ക് സമ്മാനിക്കുകയായിരുന്നു അവര്‍.

അവാര്‍ഡിനേക്കാള്‍ വലിയ പുരസ്‌കാരം സിനിമകാണുന്ന ജനങ്ങളുടെ അഭിപ്രായമാണ്. സംവിധാനം എന്നൊക്ക പറഞ്ഞാല്‍ പൃഥിക്ക് വലിയ തയാറെടുപ്പാണ്. അങ്ങനെ കഷ്ടപ്പെടുന്നതുകൊണ്ടാകാം അവന് ഇത്രയും പ്രേക്ഷകരെ കിട്ടുന്നത്. അടുത്തുപരിചയമുള്ള ഡോക്ടര്‍ തന്നോട് പറഞ്ഞത് ഡോക്ടറെകൂട്ടി മാത്രമേ ആടുജീവിതം കാണാന്‍ പോകാവൂ എന്നാണ്. മാധ്യമസുഹൃത്തുക്കളെ മാറ്റിനിര്‍ത്തി തനിക്കും മക്കള്‍ക്കും ജീവിതമില്ല. മാധ്യമപ്രവര്‍ത്തകന്‍ ഒരുചോദ്യം ചോദിച്ചാല്‍ മനസിലുള്ളത് മറച്ചുവെച്ച് മറുപടി നല്‍കുന്ന ആളല്ലെ താനെന്നും അവര്‍ പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്ത ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ മല്ലികയ്ക്ക് ഉപഹാരം നല്‍കി. കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി അധ്യക്ഷനായി. സംവിധായകരായ ആര്‍.ശരത്, വിജയകൃഷ്ണന്‍ എന്നിവര്‍ മുരളി അനുസ്മരണ പ്രഭാഷണവും ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍ഡ് മാനേജിങ് ഡയറക്ടര്‍ സി.വിഷ്ണുഭക്തന്‍ മുഖ്യപ്രഭാഷണവും നടത്തി. മുരളിയുടെ മകള്‍ കാര്‍ത്തിക, സെന്റര്‍ സെക്രട്ടറി വി.കെ.സന്തോഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി കുടവട്ടൂര്‍ വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

ഭരത് മുരളി കൾച്ചറൽ സെൻററിന്റെ ചലച്ചിത്ര പുരസ്കാരം ദുർഗാകൃഷ്ണക്ക് മല്ലികാ സുകുമാരൻ സമ്മാനിക്കുന്നു

Tags:    
News Summary - Mallika Sukumaran always tells her children not to reject a good movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.