മരത്തിൽ കത്തിപ്പടരുന്ന വരകളെക്കുറിച്ച് അധികമാർക്കും അറിയില്ല. അതുകൊണ്ടുതന്നെ പൈറോഗ്രഫി എന്ന് കേൾക്കുമ്പോൾ പലർക്കും ഇത് എന്താണ് സംഭവം എന്ന സംശയം സ്വാഭാവികം. എന്നാൽ, കോഴിക്കോട് മുക്കം സ്വദേശിനി സുബിക്ഷക്ക് പൈറോഗ്രഫിയാണ് ജീവിതം. പൈറോഗ്രഫിയിൽ തന്റേതായ അടയാളം പതിപ്പിക്കാൻ ഇതിനകം സുബിക്ഷക്ക് കഴിഞ്ഞിട്ടുണ്ട്.
ആദ്യം ഹാൻഡ് എംബ്രോയ്ഡറി പോർട്രേറ്റ് ആയിരുന്നു ചെയ്തിരുന്നത്. ഹാൻഡ് എംബ്രോയ്ഡറി ചെയ്യുന്ന സമയത്ത് അതൊരു യുനീക് ആർട്ടായിരുന്നു. പലർക്കും അതറിയില്ല. ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽതന്നെ അത് പെർഫെക്ഷനോടെ ചെയ്യുന്നവർ കുറവായിരുന്നു. അതിൽനിന്ന് വ്യത്യസ്തമായി എന്തുചെയ്യാം എന്ന ചിന്തയാണ് പൈറോഗ്രഫിയിലേക്ക് എത്തിച്ചത്. ‘തീകൊണ്ട് എഴുതുക’ എന്നാണ് പൈറോഗ്രഫിയുടെ അർഥം. പൈറോഗ്രഫിയെ കുറിച്ചോർക്കുമ്പോൾ എന്നെയും ഓർമ വരണം. വ്യത്യസ്തമായി എങ്ങനെ ഈ ആർട്ടിനെ എന്നിലൂടെ പരിചയപ്പെടുത്താം എന്നതൊക്കെയായിരുന്നു ആ സമയത്തെ ചിന്ത.
ഇന്ത്യയിൽ പൈറോഗ്രഫി ചെയ്യുന്ന ആളുകൾ കുറവാണ്. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ കൂടുതൽ പഠിക്കാനും അന്വേഷിക്കാനും ത്വരയായി. ഇത് അമേരിക്കൻ ആർട്ട് ആണെങ്കിലും അമേരിക്കയിലും ഇതറിയുന്നവർ ചുരുക്കമാണ്. എന്റേതായ രീതിയിലാണ് ഇത് പഠിച്ചത്. പോർട്രേറ്റിലാണ് ഫോക്കസ് ചെയ്തത്. സീനറി ഒക്കെ വരക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും റിയൽ ആയിട്ട് ആളുകളെ വരക്കുന്നവർ കുറവാണ്. ഹാൻഡ് എംബ്രോയ്ഡറി ചെയ്യുന്ന സമയത്തുതന്നെ പോർട്രേറ്റ് നല്ല ഭംഗിയിൽ ചെയ്യുന്ന ഒരാൾ എന്ന പേര് എനിക്കുണ്ട്. അത് പൈറോഗ്രഫിയിലും ഗുണംചെയ്തു.
പൈറോഗ്രഫിയിലേക്ക് എത്താൻ രണ്ടു വർഷം വേണ്ടിവന്നു. ഒരു കാര്യം പുതുതായി പഠിക്കുമ്പോൾ എങ്ങനെയൊക്കെ അപ്ലൈ ചെയ്യണമെന്നും പഠിക്കണമല്ലോ. ആദ്യത്തെ വർക്ക് സുഹൃത്തിന്റെ മകന് വേണ്ടിയായിരുന്നു. എന്റെ സുഹൃത്തുക്കൾക്ക് തന്നെയാണ് ആദ്യമൊക്കെ ചെയ്തുകൊടുത്തത്. സുരേഷ് ഗോപിയും ഭാര്യയും അടക്കം പല പ്രമുഖരുടെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
അന്വേഷണങ്ങൾക്കൊടുവിൽ രണ്ടു വർഷമായി പുറത്ത് വരച്ചുകൊടുക്കുന്നുണ്ടെങ്കിലും എവിടെയും ഇങ്ങനെ ഒരു ആർട്ട് ചെയ്യുന്നതായി ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. ആദ്യമൊക്കെ പൈറോഗ്രഫി ചിത്രങ്ങളുടെ ഫോട്ടോ മാത്രമാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, അത് കുറച്ച് ആളുകളിലേക്കേ എത്തുന്നുള്ളൂ.
അതിന്‍റെ മേക്കിങ് വിഡിയോ ആയിട്ടോ അല്ലെങ്കിൽ ആ ചിത്രം കൈയിൽ വെച്ച് അതിന് ചേരുന്ന പാട്ടുംകൂടി ചേർക്കുമ്പോഴോ കൂടുതൽ റീച്ച് കിട്ടുന്നുണ്ട്. ഭർത്താവ് വിഡിയോ എഡിറ്റിങ്ങൊക്കെ ചെയ്യുന്നതുകൊണ്ട് ആളുടെ കൂടെക്കൂടി അത്യാവശ്യം എഡിറ്റിങ്ങൊക്കെ പഠിച്ചു. അങ്ങനെ എന്‍റെ വർക്ക് ഞാൻ തന്നെ എഡിറ്റ് ചെയ്ത് ഇടാൻ തുടങ്ങി. നമ്മളെ നല്ല രീതിയിൽ അവതരിപ്പിക്കാനും പൈറോഗ്രഫിയെ കൂടുതൽ ഫോക്കസ് ചെയ്യാനും ഇത് സഹായകമായി.
സാധാരണ ചിത്രങ്ങളേക്കാൾ ചെലവു കൂടുതലാണ് പൈറോഗ്രഫി ചിത്രങ്ങൾക്ക്. മരത്തിലല്ലേ ചെയ്യുന്നത്. അതും എ ഫോർ, എ ത്രീ അളവിൽ. വരച്ചുകഴിഞ്ഞാൽ പിന്നെ മായ്ക്കാൻ പറ്റില്ല. ഇതുതന്നെയാണ് ഇതിന്റെ ഗുണവും ദോഷവും. എന്നാൽ, വിജയിച്ചിട്ടുണ്ടെങ്കിലോ ലൈഫ് ലോങ് ഗാരണ്ടി ഉറപ്പാണ്. ഞാൻ ചെയ്ത നവ്യ നായരുടെ ‘ഒരുത്തീ’ സിനിമയുടെ പോസ്റ്റർ കുറച്ച് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
ഗ്രീക് അഗ്നിദേവതയാണ് ഹെസ്റ്റിയ. തീകൊണ്ടുള്ള വരക്ക് ഇതിനെക്കാൾ മറ്റൊരു പേര് യോജിക്കുമോ? ഹെസ്റ്റിയയുടെ ലോഗോ പ്രകാശനം ചെയ്തത് സുരേഷ് ഗോപിയാണ്. അതും എന്റെ പിറന്നാൾ ദിവസം. അങ്ങനെയൊരു ഗ്രാൻഡ് ലോഞ്ചിങ്ങിൽ എന്റെ പൈറോഗ്രഫി ഞാൻ പുറത്തേക്ക് എത്തിച്ചു. അത് പുറംലോകം അറിയുന്നത് നാലു വേൾഡ് റെക്കോഡുകൾ കിട്ടിയതിന് ശേഷമാണ്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, കലാം വേൾഡ് റെക്കോഡ്സ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സ്. ഈ നാല് റെക്കോഡുകൾ മാത്രം മതിയായിരുന്നു എന്നിലെ ആത്മവിശ്വാസം കൂട്ടാൻ. വർക്കിന്റെ കാര്യത്തിൽ ഞാൻ പെർഫെക്ഷനിസ്റ്റാണ്. സംതൃപ്തി വന്നില്ലെങ്കിൽ പിന്നെ ഉറക്കമില്ല, ഭക്ഷണമില്ല. അത് പെർഫെക്ട് ആകുന്നതുവരെ വരച്ചുകൊണ്ടേയിരിക്കും.
പൈറോഗ്രഫി ഉപകരണങ്ങൾക്ക് പൊതുവെ വില കൂടുതലാണ്. അതുപോലെ തന്നെ സമയവും. ഏതു മരമായാലും മതി. സോഫ്റ്റ് വുഡ് ഏതും ഉപയോഗിക്കാം. ഒരു സിംഗിൾ പോർട്രേറ്റ് ചെയ്യാൻ ആറേഴ് ദിവസമെങ്കിലും പിടിക്കും. കേരളത്തിന് പുറത്താണെങ്കിൽ, മൂന്നു ദിവസം അയക്കാനുള്ള സമയംകൂടി വേണം. രണ്ടാഴ്ചയാണ് പണിയെങ്കിൽ അഞ്ചാറ് ദിവസത്തിനുള്ളിൽ പാക്ക് ചെയ്ത് അയക്കണം.
പൈറോഗ്രഫി മെഷീൻ ഉപയോഗിച്ചാണ് മരം കരിക്കുന്നത്. പല നിബുകളുള്ള മെഷീനുണ്ട്. അങ്ങനെയുള്ള മെഷീനുകൾക്ക് ഇവിടെ വാറന്റി ഉണ്ടാവില്ല. എല്ലാം ചൈനീസ് ഉപകരണങ്ങളാണ്. അത് എത്ര നീണ്ടുനിൽക്കുമെന്ന് ഉറപ്പുപറയാൻ പറ്റില്ല. അതൊക്കെ വെച്ചിട്ട് ഒരു പെർഫെക്ട് ചിത്രം വരക്കാൻ പറ്റണമെന്നില്ല. ഞാൻതന്നെ ചെയ്യിപ്പിച്ചെടുത്ത ടൂളുകൾ കൊണ്ടാണ് വരക്കുന്നത്. ഞാൻ ചെയ്യുന്നത് പോർട്രേറ്റ് ആണല്ലോ.
ഇപ്പോൾ ഒരു ആർട്ടിസ്റ്റിക് രീതിയിൽ കുതിരയെയാണ് വരക്കുന്നതെങ്കിൽ അത് ഏത് സ്ഥലത്തുള്ള കുതിരയാണെന്ന് ആരും നോക്കില്ലല്ലോ. പക്ഷേ, ഞാൻ ഒരു പ്രത്യേക സ്ഥലത്തെ പ്രത്യേക ആളെ വരക്കുമ്പോൾ അയാൾക്കും അയാളുടെ വീട്ടുകാർക്കും ചുറ്റുമുള്ളവർക്കും അയാളാണെന്ന് തോന്നണമല്ലോ. പോർട്രേറ്റ് ചെയ്യുമ്പോൾ അത്രയും ഷാർപ്പായിട്ട് അയാളുടെ ഫീച്ചഴ്സ് വരണം. കണ്ണൊന്ന് മാറിയാൽ പോലും ചിത്രം മാറും. അതൊക്കെ വെല്ലുവിളിയാണ്. എങ്ങാനും തെറ്റിപ്പോയാൽ ഏഴെട്ടു ദിവസമെടുത്ത് വരച്ച ചിത്രവും അതിനുവേണ്ടിയുള്ള അധ്വാനവും വെറുതെയാവും.
പൈറോഗ്രഫിയിൽ പ്രധാനപ്പെട്ടതാണ് ഷേഡിങ്. ചില ചിത്രങ്ങൾ കാണുമ്പോൾ ഒരുപാട് പണിയെടുക്കാൻ ഇല്ലെന്ന് തോന്നും. സാധാരണ പോർട്രേറ്റ് ചിത്രങ്ങൾക്ക് ഷേഡ്സ് നിർബന്ധമാണ്. ഷേഡ്സാണ് ഒരാളുടെ മുഖം തീരുമാനിക്കുന്നത്. ചിലത് ഷേഡ്സിന് വളരെ പ്രാധാന്യമുള്ള ചിത്രങ്ങളായിരിക്കും. ആ ഷേഡ്സ് തന്നിരിക്കുന്ന ഫോട്ടോയിലുള്ളതുപോലെ വരുമ്പോഴാണ് ചിത്രം ജീവസ്സുറ്റതാകുന്നത്. ചെറുതായാലും വലുതായാലും ചിത്രം ഷാർപ്പായിരിക്കണം.
ചെറുത് വരക്കാനായിട്ട് ഷാഡോസ് കുറച്ച് ഉപയോഗിച്ചാൽ മതി. എന്നാൽ, വലിയ ചിത്രങ്ങൾക്ക് കൂടുതൽ ഷാഡോസ് ആവശ്യമാണ്. ഇവിടെ ലഭ്യമായ മെഷീനുകൾ വെച്ച് ഷാഡോസ് ചെയ്യണമെങ്കിൽ സമയം കൂടുതലെടുക്കും. അതുകൊണ്ടാണ് ഒരാഴ്ചയൊക്കെ വരക്കാനായിട്ട് വരുന്നത്. അത്രയും സാവധാനത്തിലെ മരം കരിയിച്ച് കൊണ്ടുവരാൻ പറ്റൂ. ക്ഷമയും സൂക്ഷ്മതയും വേണം. ഒപ്പം വരക്കാനും അറിയണം. അല്ലാതെ പൈറോഗ്രഫി ചെയ്യാൻ പറ്റില്ല. രണ്ടു പേരുള്ള ഒരു ചിത്രം മൂന്നുതവണ മാറ്റിവരക്കേണ്ടി വന്നിട്ടുണ്ട്. ഒരാളെ വരക്കുമ്പോൾ മറ്റേയാൾ ശരിയാവില്ല. ആറുമാസം വേണ്ടിവന്നു പിന്നീട് ആ വർക്ക് പൂർത്തിയാക്കാൻ. അതുകൊണ്ടുതന്നെ ഇതിന് പ്രത്യേക പരിഗണന കൊടുക്കേണ്ടിവന്നു.
മൊത്തം 500ന് മുകളിൽ പൈറോഗ്രഫിയും 500നുള്ളിൽ ഹാൻഡ് എംബ്രോയ്ഡറി പോർട്രേറ്റും ചെയ്തിട്ടുണ്ട്. ചിലപ്പോൾ എനിക്ക് അത്രയും പ്രിയപ്പെട്ടതാണെങ്കിൽ രണ്ടാഴ്ചയൊക്കെ ആ വർക്കിന് സമയമെടുക്കും. ഞാൻ കാണുന്ന ഒരു തിളക്കമുണ്ടാകും. ആ ഒരു സംതൃപ്തി മറ്റൊരു വർക്ക് ചെയ്യുമ്പോൾ കിട്ടണമെന്നില്ല. ഓരോ ചിത്രത്തിലും എന്നെ സ്പർശിക്കുന്ന ഒരു ഘടകമുണ്ടാവും. അതാണ് എനിക്ക് സംതൃപ്തി തരുന്നത്.
റെക്കോഡിനായി എ.പി.ജെ. അബ്ദുൽ കലാമിനെയാണ് വരച്ചത്. അതിനൊരു റെക്കോഡുകൂടി കിട്ടിയപ്പോൾ വലിയ സന്തോഷമായി. രണ്ടര മണിക്കൂർകൊണ്ടാണ് ഞാൻ കലാമിന്‍റെ ചിത്രം വരച്ചുതീർത്തത്.
തൃശൂരിലെ പുത്തൻചിറ പള്ളിയിലെ പ്രധാനഭാഗത്ത് വെക്കാൻ ഒരു പോർട്രേറ്റ് വേണമായിരുന്നു. പൗലോസും പത്രോസും മാതാവിന്റെ രണ്ട് സൈഡിലും നിൽക്കുന്ന ഫോട്ടോയാണ് ചെയ്തത്. ആ ചിത്രത്തിന് ഒരു ചരിത്രമുണ്ട്. 1500 വർഷങ്ങൾക്കുമുമ്പ് ഒരു പ്രളയത്തിൽ ആ പള്ളി ഇരുന്ന സ്ഥലം മൊത്തം വെള്ളം കയറി. ആ പ്രളയത്തിൽ ഒഴുകിവന്ന ചിത്രമാണിത്. അത് ആര് വരച്ചെന്നോ എവിടെനിന്നു വന്നെന്നോ ആർക്കും അറിയില്ല. ആ ചിത്രം വന്നടിഞ്ഞ സ്ഥലത്താണ് പുത്തൻചിറ പള്ളി സ്ഥാപിക്കപ്പെടുന്നത്. പക്ഷേ, ആ പള്ളിയിൽ ഇപ്പോൾ പ്രധാന സ്ഥാനത്ത് ഇരിക്കുന്ന ചിത്രം ഞാൻ വരച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.