ക്രിക്കറ്റും ജാതിയും

‘ഗോബരഹ’ എന്ന വാക്ക് നമ്മളിൽ എത്ര പേർ കേട്ടിട്ടുണ്ടാകും? രമേശൻ മുല്ലശ്ശേരി എഴുതിയ ‘ഗോബരഹ’യെന്ന നോവൽ വായിച്ചപ്പോഴാണ് അതിന്റെ ശരിയായ അർഥവ്യാപ്തി മനസ്സിലായത്. ഗോബരഹ എന്തെന്ന് വിവരിച്ചിരിക്കുന്നത് ഡോ. ബി.ആർ. അംബേദ്കറാണ് (സമ്പൂർണ കൃതികൾ -ഇംഗ്ലീഷ് - വാള്യം 5). ചാണകത്തിൽനിന്നും വേർപെടുത്തി എടുത്ത ധാന്യം. കൃഷിപ്പണി ചെയ്തതിനു കൂലിയായി ദലിതർക്ക് നൽകുന്ന ധാന്യമാണത്.

‘ഗോബരഹ’ എന്ന നോവൽ ക്രിക്കറ്റിനെക്കുറിച്ചാണ് പറയുന്നത്. ഒരു ആദ്യകാല ക്രിക്കറ്റ് സൂപ്പർതാരത്തെ പറ്റിയാണ് നോവൽ. എന്നാൽ, അദ്ദേഹത്തിന്റെ പേര് മികച്ച ക്രിക്കറ്റ് ഭ്രമക്കാർപോലും കേട്ടിട്ടുണ്ടാകില്ല. ‘പാൽ വാങ്കർ ബാലു’ എന്ന ആ താരത്തിന്റെ പേര് നാം കേൾക്കാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ ജാതിയാണ്. നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, കായിക ജീവിതങ്ങളെ നിയന്ത്രിക്കുന്ന ജാതി എന്ന സങ്കീർണവും മനുഷ്യത്വവിരുദ്ധവുമായ വ്യവസ്ഥ.

ഓരോ ജാതിക്കും തമ്മിൽ കൃത്യമായ അകലം പാലിച്ചുകൊണ്ട് കളിക്കാൻ കഴിയുന്ന കളിയാണ് ക്രിക്കറ്റ്. ‘‘തീർച്ചയായും ക്രിക്കറ്റ് കണ്ടുപിടിച്ചത് ഞങ്ങളുടെ ദൈവമല്ല. പണ്ഡിറ്റ്ജിയുടെയോ വെള്ളക്കാരുടെയോ ദൈവമാകാം. ഇരുപത്തൊന്നു ഗജം ദൂരെനിന്ന് തമ്മിൽ തൊടാതെ ഒരു ചമറിന് പാഴ്‌സിക്കെതിരെ പന്തെറിയാൻ പാകത്തിനൊരു കളി’’, ബാലു പറയുന്നു.

വേഗതയേറിയ ബൗളിങ്ങല്ല മറിച്ച് വേഗം കുറഞ്ഞതും സങ്കീർണമായ വിധത്തിൽ കുത്തിത്തിരിയുന്നതും ഉയരുന്നതുമായ സ്പിൻ ബൗളിങ് ആയിരുന്നു (അടുത്തകാലം വരെ) ക്രിക്കറ്റിൽ ഇന്ത്യയുടെ ശക്തി. “അപ്രതീക്ഷിത തിരിച്ചിലുകളാണല്ലോ പലപ്പോഴും ജീവിതത്തിൽ തുണയാകുന്നത്. ഒരു ലെഫ്റ്റ് ആം സ്പിന്നർ വലതുകൈയൻ ബാറ്റ്സ്മാനെതിരെ ഓഫ്സ്റ്റംപിന് പുറത്തേക്ക് തിരിയുന്ന പന്തുകൾ തുടർച്ചയായി എറിഞ്ഞശേഷം ഒരു ഫ്ലോട്ടർ എറിയുന്നതുപോലുള്ള പ്രവൃത്തിക്കു സമാനമായ തിരിച്ചിലുകൾ.’’ ഇവിടെ ക്രിക്കറ്റ് എന്ന കളിയുടെ സൂക്ഷ്മാംശങ്ങളിലൂടെ കഥ മുന്നേറുകയാണ്. കഥാനായകന്റെ ഓർമകളിലൂടെ സഞ്ചരിക്കുന്ന ബോധധാരാ സമ്പ്രദായമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തി​ൽ താ​ഴ്ന്ന പ​ടി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പി​താ​വി​നോ​ട് ബാ​ലു​വി​നെ ക്രി​ക്ക​റ്റ് പി​ച്ച് ഒ​രു​ക്കാ​ൻ വേ​ണ്ടി ആ​വ​ശ്യ​പ്പെ​ടു​ന്ന പാ​ഴ്‌​സി​യോ​ട് മ​റു​ത്ത​തൊ​ന്നും പ​റ​യാ​ൻ ക​ഴി​ഞ്ഞി​ല്ല. കാ​ര​ണം ‘‘ബാ​ബ​യെ​ക്കാ​ൾ ഉ​യ​ർ​ന്ന​വ​രാ​ണ് മ​റ്റെ​ല്ലാ​വ​രും, ച​വി​ട്ടി നി​ൽ​ക്കു​ന്ന പു​ൽ​ക്കൊ​ടി​യു​ടെ തു​മ്പ് പോ​ലും.’’ അ​ങ്ങ​നെ ക​ളി​ക്ക​ളം ഒ​രു​ക്കാ​നെ​ത്തു​ന്ന ബാ​ലു പ​ന്തെ​റി​യു​ന്ന​തി​ന്റെ പ്ര​ത്യേ​ക​ത ക​ണ്ട സാ​യി​പ്പ് അ​വ​ന്റെ സ്പി​ൻ മാ​ന്ത്രി​ക​ത പ​ഠി​ക്കാ​ൻ വേ​ണ്ടി ഏ​റെ പാ​ടു​പെ​ടു​ന്നു. ഒ​രു​പ​രി​ധി വ​രെ ബാ​ലു​വി​ന്റെ ക​ഴി​വി​നെ പ​ര​സ്യ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന ഒ​രാ​ളാ​ണ് മി​ക​ച്ച ബാ​റ്റ​റാ​യ വെ​ള്ള​ക്കാ​ര​ൻ ഗ്രെ​യ്ഗ് സാ​യി​പ്പ്.

‘‘അവർ ഭയ്യയെ ടീമിലെടുക്കും. അല്ലെങ്കിൽ അവർക്കു വെള്ളക്കാരെ തോൽപിക്കാനാവില്ല’’ എന്ന് ബാലുവിന്റെ സഹോദരൻ വിത്തൽ പറയുന്നതാണ് കാര്യം. ബ്രിട്ടീഷുകാരെ ജയിക്കാൻ സവർണ ഹിന്ദുക്കൾക്ക് ദലിതരുടെ സഹായം വേണം. അത്രമാത്രം. ബാലുവിനെ ടീമിൽ എടുക്കണോ എന്നത് സംബന്ധിച്ച് ദീർഘമായ ചർച്ചകളാണ് ഹിന്ദു ക്ലബിൽ നടന്നത്. എത്ര നല്ലരീതിയിൽ കളിച്ചാലും രാജ്യത്തെ വിജയത്തിലേക്ക് നയിച്ചാലും (ഒരു ഇന്നിങ്സിൽ പത്തിൽ ഏഴു വിക്കറ്റും വീഴ്ത്തിയാലും) ബാലുവിനെ ഒരിക്കലും ക്യാപ്റ്റൻ ആക്കുന്നില്ല. ഒരു പ്രാവശ്യം ഉപനായകനാക്കി. അന്നത്തെ നായകൻ തന്റെ സന്മനസ്സു കാട്ടി. സ്വയം കളത്തിൽനിന്നും അയാൾ പിന്മാറുക വഴി താൽക്കാലികമായെങ്കിലും ബാലു നായകനായി.

അതൊരു അപവാദം മാത്രം. തീരെ ജൂനിയർ ആയ കളിക്കാർ പോലും സീനിയർ ആയ ബാലുവിനെ ഒട്ടും ബഹുമാനിക്കാറില്ല. രാമചന്ദ്ര ഗുഹ 2002ൽ എഴുതിയ ‘ഒരു വിദേശ കളിക്കളത്തിന്റെ മൂലയിൽ’ എന്ന പുസ്തകത്തിൽ ബാലുവിന്റെ കഥ പറയുന്നുണ്ട്. 1911ൽ പൂർണമായും ഇന്ത്യക്കാരായ ഒരു ടീം ആദ്യ ഇംഗ്ലണ്ട് പര്യടനത്തിന് പോയി. അന്ന് ദയനീയമായി തോറ്റു. പക്ഷേ, അതിലെ ഒരു രജതരേഖയായിരുന്നു ആദ്യ ദലിത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്ന ബാലു. 114 വിക്കറ്റുകളാണ് അന്ന് ബാലു വീഴ്ത്തിയത്. ‘‘ജാതി വിവേചനത്തിനെതിരായി ധീരമായ പോരാട്ടം നടത്തിയാണ് ബാലു ഈ നേട്ടം കൈക്കലാക്കിയത്. എന്നിട്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ബാലുവിന്റെ പേര് കാണാത്തത് അദ്ദേഹത്തിന്റെ ജാതിമൂലം മാത്രമാണ്’’ എന്നും ഗുഹ പറയുന്നു.

അംബേദ്‌കർ ഇതിലെ ഒരു പ്രധാന കഥാപാത്രമാണ്. ആദ്യമായി വിദേശത്തു പോയി കളിച്ചു മടങ്ങിവരുകയാണ് ഇന്ത്യൻ ടീം. ദയനീയമായി തോറ്റു. പക്ഷേ, ആ കളിയിൽ ഏറ്റവും ശോഭിച്ചത് ബാലുവായിരുന്നു. എന്നിട്ടും ഒരു തരത്തിലുള്ള സ്വീകരണമോ അംഗീകാരമോ അദ്ദേഹത്തിന് നാട്ടിലെത്തിയപ്പോൾ കിട്ടിയില്ല. പക്ഷേ, ഭീം റാവു അംബേദ്‌കർ എന്ന യുവാവ് തന്നെ കാത്തുനിന്നിരുന്നു എന്നത് വലിയൊരു അംഗീകാരമായി ബാലു കാണുന്നു. അവർ തമ്മിലുള്ള വൈരുധ്യാത്മക ബന്ധം ഈ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ധാരയാണ്. സവർണ വർഗീയതയുടെ ധാരയിൽ ഒഴുകിയിരുന്ന കോൺഗ്രസിനെ അതിൽനിന്നും വേറൊരു രീതിയിൽ മോചിപ്പിക്കാനും മുഴുവൻ ഇന്ത്യക്കാരെയും സ്വാതന്ത്ര്യ സമരത്തിന് ഒരുക്കാനും ഗാന്ധി ശ്രമിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യയിൽപോലും ജാതി വിവേചനം ശക്തമായി തുടരും എന്ന് വാദിച്ചിരുന്നു ഡോ. അംബേദ്‌കർ.

സവർണരുടെ മനസ്സിന്റെ പരിവർത്തനമല്ല, ജാതി നിർമാർജനംതന്നെ വേണം എന്നും അംബേദ്‌കർ വാദിച്ചു. അവർ തമ്മിലുള്ള സംഘർഷം ബാലുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമായിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാഗമാക്കി ബാലുവിനെ അംഗീകരിച്ച ഹിന്ദുത്വവാദികളുടെ ചതിക്കുഴിയിൽ വീഴുന്നതിനെ പ്രതിരോധിക്കാൻ ബാലുവിന് എളുപ്പമായിരുന്നില്ല.അംബേദ്കർക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവന്ന ദുഃഖകരമായ അവസ്ഥയെ ബാലു ഓർത്തെടുക്കുന്നുണ്ട്.

ഇന്നും അവസ്ഥകളിൽ കാര്യമായ മാറ്റമൊന്നുമില്ല. സചിൻ ടെണ്ടുൽകർക്കൊപ്പമോ അതിനേക്കാൾ മെച്ചമായോ കൂടെ കളിച്ചിരുന്ന വിനോദ് കാംബ്ലി ഇന്നൊരു ഓർമ പോലുമല്ലാതായി. ഒരു ദലിതൻ എന്ന് ക്യാപ്റ്റൻ ആകുമെന്ന് ഇപ്പോഴും പറയാൻ നമുക്ക് കഴിയില്ലല്ലോ. ഇക്കാര്യം സമകാലികമായി സൂചിപ്പിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ക്രിക്കറ്റിലെ അറിയപ്പെടാത്ത ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ നോവൽ കേരളത്തിൽ തീർച്ചയായും വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്.

Tags:    
News Summary - A novel called 'Gobaraha' written by Ramesan Mullassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT