പുസ്തകോത്സവത്തിലെ ജനത്തിരക്ക്

അക്ഷര സഭയിൽ ജനസാഗരം

പ്രവേശനനിയന്ത്രണമുള്ള നിയമസഭ സമുച്ചയം ഇക്കഴിഞ്ഞ ഏഴുനാളുകൾ പൊതുജനങ്ങൾക്കായി മലർക്കെ തുറന്നിട്ടു. മതിൽക്കെട്ടിന് പുറത്തുനിന്ന് മാത്രം ഇതുവരെ നോക്കിക്കണ്ടിരുന്ന സഭാങ്കണത്തിലേക്ക് തിരിച്ചറിയൽ രേഖയുടെ മേൽവിലാസമോ സുരക്ഷ പരിശോധനയുടെ കടമ്പകളോ ഇല്ലാതെ ജനം ഒഴുകിയെത്തി. ആർക്കും കയറാം, പുസ്തകങ്ങളെയറിയാം, വാങ്ങാം, ചുറ്റി നടക്കാം, മരത്തണലിൽ വിശ്രമിക്കുകയുമാവാം. നിയമസഭ ലൈബ്രറിയുടെ നൂറാംവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവമാണ് വേറിട്ട അധ്യായങ്ങളും അനുഭവങ്ങളും തലസ്ഥാനത്തിന് സമ്മാനിച്ചത്. നിയമസഭയുടെ ചരിത്രത്തിലാദ്യമായായിരുന്നു ഇങ്ങനൊരു സ്വതന്ത്ര ജനകീയ ഉത്സവം. ജനുവരി ഒമ്പത് മുതൽ 15 വരെയായിരുന്നു എഴുത്തിന്‍റെയും ചിന്തയുടെയും സംവാദങ്ങളുടെയും സഭാതലമായി നിയമസഭാങ്കണം മാറിയത്.

കടലാസുഭാരങ്ങളില്ലാത്ത ഇ-വായനയുടെയും പുസ്തകവായന യന്ത്രങ്ങളുടെയും കാലത്ത് അക്ഷരകേരളത്തിന്‍റെ പുസ്തകാഭിനിവേശങ്ങളുടെ നേർക്കാഴ്ചയായിരുന്നു അന്താരാഷ്ട്ര പുസ്തകോത്സവം. സംവാദങ്ങളും പുസ്തകപ്രകാശനങ്ങളും സാംസ്കാരിക പരിപാടികളും കലാവിഷ്കാരങ്ങളുമായി ഏഴ് സർഗദിനങ്ങൾക്കായിരുന്നു തലസ്ഥാനനഗരി വേദിയായത്. ഇന്ത്യക്കകത്തും പുറത്തുമുള്ള 122 പ്രസാധകർ അക്ഷരവസന്തത്തിന് മാറ്റേകാനെത്തി. പുസ്തകോത്സവം എന്നതിനപ്പുറം സംവാദങ്ങളും ചർച്ചകളും മുഖാമുഖങ്ങളും കലാവിഷ്കാരങ്ങളും കൊണ്ട് സമൃദ്ധമായ സാംസ്കാരിക ഉച്ചകോടി കൂടിയാവുകയായിരുന്നു അന്താരാഷ്ട്ര പുസ്തകോത്സവ വേദി. നിരവധി പുസ്തങ്ങളുടെ പ്രകാശന വേദിയായും കേരള നിയമസഭ മാറി. ബുക്കർ പുരസ്കാര ജേതാവ് ഷെഹാൻ കരുണതിലകെ, ടീസ്റ്റ സെറ്റൽവാദ്, മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ, വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങിയവർ സദസ്സുമായി സംവദിച്ചു. ലക്ഷത്തോളം വിദ്യാർഥികളും പുസ്തകോത്സവത്തിനെത്തി. പുതുതലമുറയെ പുസ്തകങ്ങളിലേക്ക് മടക്കിയെത്തിക്കുകയെന്നതിന്‍റെ ഭാഗമായിരുന്നു ‘വായനയാണ് ലഹരി’ എന്ന തലവാചകത്തോടെയുള്ള യുവദൗത്യം.

സംഘാടനമികവും ആസൂത്രണവും

സാംസ്കാരികോത്സവത്തിന് ഇത്രയധികം തികവും നിറവുമേകിയത് കൃത്യമായ സംഘാടനമികവും ആസൂത്രണവും തന്നെ. സ്പീക്കർ എ.എൻ. ഷംസീറിന്‍റെയും നിയമസഭ സെക്രട്ടറി എ.എം. ബഷീറിന്‍റെയും നേതൃത്വത്തിൽ നിയമസഭയിലെ വിവിധ വിഭാഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയായിരുന്നു. മുൻ സ്പീക്കർ എം.ബി. രാജേഷ് തുടങ്ങിവെച്ച ചിന്തകളും ചലനങ്ങളും എ.എൻ. ഷംസീറിലൂടെ സാക്ഷാത്കൃതമാവുകയിരുന്നു. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യം പുസ്തകോത്സവത്തിലെ ഹൃദ്യാനുഭവമായി. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം എഡിഷന്റെ ലോഗോ പ്രകാശനം നിർവഹിച്ചതും ഉമ്മൻ ചാണ്ടി തന്നെ.

സമാന്തര പ്രസാധകർ മുതൽ ഒറ്റയാൾ പ്രസാധകർ വരെ

സാധാരണ പുസ്തകോത്സവങ്ങളിൽ മുഖ്യധാര പ്രസാധകർക്കിടയിൽ ചെറുകിടക്കാരും സമാന്തര പ്രസാധകരും ഞെരിഞ്ഞമരുകയോ അരഞ്ഞു തീരുകയോ ആണ് പതിവ്. എന്നാൽ ഇവർക്കും അർഹമായ ഇടം നൽകി ഇവിടെ.

നിയമസഭ സാമാജികരുടെ വാക്ചാതുരിക്ക് നിരന്തരം വേദിയാകുന്ന നിയമസഭ മന്ദിരം അംഗങ്ങളുടെ സർഗ -വൈജ്ഞാനിക സൃഷ്ടികളുടെ പ്രകാശന വേദികൂടിയായി. തദ്ദേശ മന്ത്രി എം.ബി. രാജേഷ് എഴുതിയ ‘പരാജയപ്പെട്ട കമ്പോള ദൈവം’ പുസ്തകത്തിന്‍റെ പ്രകാശനം ആദ്യ ദിനത്തിൽ നടന്നു. ചീഫ് വിപ്പ് എൻ. ജയരാജ് രചിച്ച ‘സാമാജികൻ സാക്ഷി’, മുൻ അംഗം ടി.എൻ. പ്രതാപൻ എഴുതിയ ‘കടലിലെ മാഷും കരയിലെ ടീച്ചറും’ മുൻ മന്ത്രി സി. ദിവാകരൻ എഴുതിയ ‘അടിച്ചമർത്തപ്പെട്ടവരുടെ സമരഗാഥ’ എന്നിവ ഇതിൽ ചിലത്. നിയമസഭ സെക്രട്ടറി എൻ.എം. ബഷീറിന്‍റെ തെമിസിന്‍റെ പ്രകാശനവും ഇതോടൊപ്പം നടന്നു. ഇതിന് പുറമെ എഴുത്തുകാരായ സാമാജികരെ പരിചയപ്പെടുത്തുന്ന നിയമസഭ ലൈബ്രറിയുടെ സ്റ്റാളും പുതിയ അനുഭവമായി. സി.കേശവന്റെ ജീവിത സമരം, കാമ്പിശേരിയുടെ അഭിനയ ചിന്തകൾ, കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ, സി.വി. കുഞ്ഞുരാമൻ എഴുതിയ പഞ്ചവടി ,പുതുപ്പള്ളി രാഘവൻ എഴുതിയ സഖാവ് സുഗതന്റെ ആത്മകഥ, സി.എച്ചിന്റെ തൂലിക, ഇ.കെ. നായനാരുടെ എന്റെ ചൈന ഡയറി, സി. അച്യുതമേനോന്റെ തെരഞ്ഞെടുത്ത കൃതികൾ എന്നിങ്ങനെ മൺമറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ കൃതികൾ ഏറെ പ്രദർശനത്തിനുണ്ടായിരുന്നു. വർക്കല രാധാകൃഷ്ണൻ, പി. ഗോവിന്ദപിള്ള, ലോനപ്പൻ നമ്പാടൻ, എൻ.ഇ. ബലറാം, കോടിയേരി ബാലകൃഷ്ണൻ ,പി.ആർ. കുറുപ്പ് എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങളും പ്രദർശിപ്പിച്ചു. പിണറായി വിജയൻ എഴുതിയ കേരളം രണഭൂമികളിലൂടെ, തോമസ് ഐസക് എഴുതിയ വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ, ജി.സുധാകരന്റെ കനൽ വഴികളിൽ കരിപുരളാതെ, മുല്ലക്കര രത്‌നാകരന്റെ മഹാഭാരതത്തിലൂടെ തുടങ്ങി എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.വി. തോമസ്, പി.ടി.തോമസ് തുടങ്ങിയവരുടെ കൃതികൾക്കും സവിശേഷ ഇടമുണ്ടായി.

ഭരണചലനങ്ങളുടെ ചരിത്രം

നിയമസഭയുടെ വികാസ പരിണാമങ്ങൾക്കും സംസ്ഥാന ചരിത്ര സാക്ഷ്യങ്ങൾക്കൊപ്പവും വളർന്ന നിയമസഭ ഗ്രന്ഥാലയത്തിന് ദിവാൻ കാലത്തോളം നീളുന്ന പഴക്കമാണുള്ളത്. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ ദിവാന്റെ ഓഫിസ് ലൈബ്രറിയായി തുടങ്ങിയ ഈ ഗ്രന്ഥാലയം 1921ലാണ് ‘ലെജിസ്ലേറ്റീവ് ലൈബ്രറി’യായി മാറുന്നത്. പിന്നീട് 1949 ൽ തിരു-കൊച്ചി സംസ്ഥാന രൂപവത്കരണത്തോടെ ‘ട്രാവൻകൂർ കൊച്ചിൻ അസംബ്ലി ലൈബ്രറി’ യായി പേരുമാറി. 1956ന് കേരള രൂപവത്കരണത്തോടെ ‘കേരള നിയമസഭ ലൈബ്രറി’യായും പുതുവേഷമണിഞ്ഞു. നവംബർ മുതൽ പൊതുജനങ്ങൾക്ക് അംഗത്വം നൽകിത്തുടങ്ങിയ ഈ ഗ്രന്ഥാലയത്തിന്‍റെ പുതിയ ചുവടുവെപ്പ് തലസ്ഥാനം ഏറ്റെടുത്തുവെന്നതും ശ്രദ്ധേയം.

Tags:    
News Summary - A sea of ​​people in Akshara Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT