'കാവ്യദലമർമ്മരങ്ങൾ' ഭാവനാഭരിതമായ പിൻനടത്തം

റ്റോജോമോൻ ജോസഫ് മരിയാപുരത്തി​െൻറ 'കാവ്യദലമർമ്മരങ്ങൾ' എന്ന സമാഹാരത്തെ കുറിച്ച്...

"A book must be the axe for the frozen sea within us." Frans Kafka

സങ്കീർണമായ ജീവിതാവസ്ഥകൾ കൊണ്ട് മരവിച്ചുപോയ മനസ്സിനെ ഭാവനയാകുന്ന കോടാലികൊണ്ടുള്ള വെട്ടിനുറുക്കലാണ് ഓരോ കാവ്യത്തിന്റെ പിറവിയും. ശൈശവം മുതൽ തീക്ഷ്ണമായ യൗവ്വനത്തിന്റെ പ്രവാസകാലവും അതിനപ്പുറവും അബോധമനസ്സിൽ ആവാഹിച്ച കാവ്യബിംബങ്ങളുടെ പരിപാകം വന്ന പൊഴിച്ചിലാണ് റ്റോജോമോന്റെ കവിതകൾ. നവബിംബങ്ങളുടെ ദുർഗ്രാഹ്യതയില്ലാതെ ചിരപരിചിതമായ ബിംബങ്ങളാൽ തീർത്ത കാവ്യശില്പങ്ങളാണ് 'കാവ്യദലമർമ്മരങ്ങൾ' എന്ന കവിതാസമാഹാരത്തിലെ ഓരോ കവിതയും. 37 വർഷക്കാലം ഒന്നുമെഴുതാതെ കഴിഞ്ഞു കവിതയുടെ ഈ നിറകുംഭം. നീണ്ട 37 വർഷങ്ങൾ കവിതയുടെ വാത്മീകത്തിൽ തപസ്സിരുന്ന കവിയുടെ വാത്മീകഭേദനമാണ് 'കാവ്യദലമർമ്മരങ്ങൾ'.ആഴത്തിലുള്ളമൂല്യബോധമാണ് റ്റോജോമോന്റെ കവിതളുടെ അടിത്തറ.

"പുറമിന്റെ മോടിയെക്കാളുപരി മാറ്റണം അകമൊന്നെനിക്കു വേണ്ടി,

ഇന്നു മാറ്റുന്ന ബാഹ്യത്തിൻ ചന്തത്തെക്കാൾ" എന്ന് അകവും പുറവും എന്ന കവിതയിൽ തീവ്രമായി അഭിലഷിക്കുന്നതുപോലെ

"ധനമുള്ളോരേവരും ജയിച്ചവരോ,

പാവങ്ങളേവരും പരാജിതരുമോ" എന്ന് 'ജീവിതവിജയത്തിനളവുകോൽ' എന്ന കവിതയിൽ ചോദിക്കുന്നുമുണ്ട്.

അത്മഹത്യാമുനമ്പിൽ നിൽക്കുന്ന പെസിമിസ്റ്റല്ല പ്രതീക്ഷയുടെ തിരിവെട്ടംതെളിക്കുന്ന ഒപ്റ്റിമിസ്റ്റാണ് താനെന്ന് കവി ഓരോ കവിതകളിലും ഉരുവിടുന്നുണ്ട്. "ഈ കാലവും കടന്നുപോകും" എന്ന് മായുന്ന മുറിവും മറയുന്ന കാലവും എന്ന കവിതയിൽ കവി പ്രത്യാശിക്കുന്നുണ്ട്.

സരള കോമള പദാവലികളുടെ സങ്കലനമാക്കി കവിതയെ പരുവപ്പെടുത്തുന്ന ചേതോഹരമായ സിദ്ധി വെളിവാക്കുന്നതാണ് ഏറെക്കവിതകളും.

"തോറ്റൊന്ന് തിരുത്തിടാം

തിരുത്തിയങ്ങ് തളിർത്തിടാം

കുഴയാതെ കുരുത്തിടാം

കുരുത്തങ്ങ് കരുത്തിടാം

കിതയ്ക്കാതെ കുതിച്ചിടാം" - വീഴാതെ വളരാം.

"പുഴയുണ്ടവിടെ, ആരുവിയുണ്ടവിടെ,

മഴയുണ്ടിവിടെ, തഴുകിത്തലോടുമൊരു തെന്നലുണ്ടവിടെ

തലയാട്ടി രസിക്കുമൊരു താമരയുണ്ടവിടെ" - കാനനഭംഗി

"കൂട്ടുകൂടാൻ കൂട്ടുകാരും, കിന്നാരം ചൊല്ലി വീട്ടുകാരും,

മിന്നാരം മിന്നി നാട്ടുകാരും, കിളികൾ പോൽ കൂടുകൂട്ടിയൊരമൃതകാലം" - മധുരമൂറും ബാല്യം.

അനുദിന ജീവിതത്തിൽ നാം കാണുന്ന വസ്തുക്കളെ അതിമനോഹര കാവ്യബിംബങ്ങളാക്കി കവി മാറ്റുന്നുണ്ട്

"മാറണം നാമൊരു മരമായിന്ന് താങ്ങും തണലുമായൊരു മരമായിന്ന് നൻമകൾ പൂക്കുന്ന മരമായിന്ന്" - മരമൊരു വരം

ജീവിതത്തിന്റെ ക്ഷണികതയും ബാല്യമെന്ന ഗൃഹാതുരത്വവും കവിതയ്ക്ക് വിഷയീഭവിക്കുന്നുണ്ട്.

"അറിയില്ല ജൻമത്തിൻ ദൂരമിനിയെന്തെന്ന് അറിയില്ലായുസ്സിന്നാഴവുമിനിയൊട്ടും" - സുകൃതമീ ജന്മം

"കൂട്ടുകൂടിയ മാത്രകൾ,

കൂട്ടം തെറ്റാത്ത യാത്രകൾ,

ഒരുമിച്ചുകണ്ട ചിത്രങ്ങൾ ചാരത്തുചേർത്ത ചങ്ങാത്തങ്ങൾ

ചേലുള്ള ചെമ്പകപ്പൂമലരെൻ ബാല്യം" - മധുരമൂറും ബാല്യം.

പാരിസ്ഥിക ശോഷണവും കവിയെ ഖിന്നനാക്കുന്നുണ്ട്

"ഇന്നീ പുഴയ്ക്കത്ര പുഞ്ചിരിയില്ല

ഇന്നീ പുഴയ്ക്കത്ര പെരുമയില്ല

ഇന്നീ പുഴയ്ക്കത്ര തെളിമയില്ല

ഇന്നീ പുഴയ്ക്കത്ര ചന്തമില്ല" - പുഴയുടെ നൊമ്പരം.

മനസ്സിന്റെ പരിവർത്തനത്തെ കവി വർണ്ണിക്കുന്നതിങ്ങനെയാണ്.

"മനമൊരു വാനംപോൽ

ചിലപ്പോൾ വ്യഥകളാം കരിമുകിൽപോൽ കറക്കുമത്,

ചിലപ്പോൾ ആനന്ദത്തിൽ അശ്രുവായ് പൊഴിയുമത്.

ഇന്നതു ചേലേഴും കനവുതൻ ചിറകേറി ഉയരുന്നു". - മനസ്സെന്ന വിസ്മയം

കവിഭാവനയുടെ വിസ്മയലോകത്ത് മാത്രമല്ല വ്യാപരിക്കുന്നതെന്ന് "ഹർത്താൽ" എന്ന കവിത വ്യക്തമാക്കുന്നു. അയാൾ അനീതിക്കെതിരെ പ്രതികരിക്കുന്ന ശബ്ദവുമാണ്.

"മാറണം നമ്മുടെ ചിന്തകൾ,

മാറ്റണം നമ്മുടെ മനോഭാവം,

മാറ്റണമീ സമരമുറകളിന്നു,

ഹനിക്കപ്പെടുന്നൊരു വ്യക്തിസ്വാതന്ത്ര്യത്തിനായ്".

കേവലബിംബങ്ങൾക്കപ്പുറം ആത്മജ്ഞാനത്തിന്റെ ഉത്തുംഗതലങ്ങളിലും കവി വ്യാപരിക്കുന്നുണ്ട്.

"എന്തു മൊഴിയണമെന്നറിവു തരുമ്പോൾ എപ്പോൾ പറയണമെന്നതു പകരുമൊരു പാത്രമാവാം ജ്ഞാനമത് " - അറിവും ജ്ഞാനവും .

"ഒഴുകട്ടെ പുഴയങ്ങഴകോടെ,

ഒഴുകട്ടെ പുഴയൊരു മഴവില്ലായ്,

മായാലോകത്തിൽ മറയുംവരെ,

മഹാസാഗരത്തിൽ അലിയുംവരെ" - ജീവിതമൊരു പുഴ.

അനാദികാലം മുതലെ കവിതയ്ക്ക് പാത്രമായ സ്ത്രീയെ കവി നിരീക്ഷിക്കുന്നതിങ്ങനെയാണ് 

"പെണ്ണെന്ന വാക്കോ നോട്ടത്തിൽ ചെറുതും കാര്യത്തിൽ കടലുമായ് മാറുന്ന വിസ്മയം" - പെണ്ണ്

ലോകം സ്നേഹരാഹിത്യത്തിന്റേതല്ല കവിക്ക്. മുള്ളു നോവിക്കുന്ന തെട്ടാവാടിയിലും സ്നേഹമാരോപിക്കുകയാണ് കവി

"തൊട്ടുതൊട്ടൊന്നൊടുവിൽ തോറ്റു തന്നുള്ളിലോ തൊട്ടാവാടി പോലും മുളപ്പിച്ചു തന്നതും സ്നേഹമല്ലോ" - സ്നേഹം.

അച്ഛനെ ബിംബവൽക്കരിക്കുന്നതിങ്ങനെയാണ്

"ആകാശം വെല്ലുമൊരതിശയവുമൊപ്പം

ആഴി തോൽക്കു മാഴവുമൊളിപ്പിച്ചു,

തെളിഞ്ഞു നിൽക്കും വിസ്മയമല്ലോയച്ഛൻ" - അച്ഛൻ.

അബോധമനസ്സിലെ ബിംബങ്ങൾ പ്രവാസ ജീവിതത്തിൽ കാവ്യരൂപമെടുത്തതാണ് ടോജോമോനെന്ന കവി. അയാൾ പ്രവാസിയെ നിരീക്ഷിക്കുന്നതിങ്ങനെയാണ്.

"ജീവിതം മറന്ന മനുഷ്യന്റെ പേരോ പ്രവാസി" - മധുരനൊമ്പരമാം പ്രവാസം.

പ്രവാസത്തിന്റെ ഏകാന്തതയിൽ മനസ്സിൽ പതിഞ്ഞുകിടക്കുന്ന ബിംബങ്ങളുമായി കവിയുടെ ഭൂതകാലത്തിലേക്കുള്ള പിൻനടത്തത്തിലാണ് കവിത ഉരുവാക്കപ്പെടുന്നത്.

"ഇനിയെങ്കിലുമൊന്നു തിരികെ നടക്കണം ഉടലുവയ്യെന്നാകിലും മനസ്സുമായെങ്കിലും കാണാത്ത കാഴ്ചകൾ കണ്ടിടേണം" - ഏകനായ് റ്റോജോമോൻ ഇനിയും തിരികെനടന്ന് കാണാത്ത കാഴ്ചകൾ കണ്ട് കവിതയുടെ ആവനാഴി നിറയ്ക്കട്ടെ. ആശംസകൾ

ടോം.ജെ. കൂട്ടക്കര ഹെഡ് മാസ്റ്റർ - സെന്റ്. അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ എടത്വാ

മോഹിപ്പിച്ചുകൊണ്ടും, വേദനിപ്പിച്ചുകൊണ്ടും, രമിപ്പിച്ചുകൊണ്ടും, കാവ്യദലങ്ങളെ ഇളംകാറ്റിന്റെ സംഗീതത്താൽ മർമ്മരം പൊഴിപ്പിച്ചുകൊണ്ടും വായനക്കാരിൽ അനുഭൂതികൾ തീർക്കുകയാണ് പ്രവാസി യുവഎഴുത്തുകാരൻ റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ മുപ്പത്തിയാറ് കവിതകൾ അടങ്ങിയ "കാവ്യദലമർമ്മരങ്ങൾ" എന്ന കവിതാസമാഹാരം.

ഓരോ കാലഘട്ടത്തിന്റേയും തേങ്ങലുകളും, പ്രതിഷേധങ്ങളും, ഗർജ്ജനങ്ങളും, അഭിനിവേശങ്ങളും കവിതകളിൽ പ്രതിഫലിച്ചു കാണാം. വരമായൊരു മരം, പുഴയുടെ നൊമ്പരം തുടങ്ങിയ കവിതകളിൽ പ്രകൃതിയും, പ്രകൃതിയെ കുറിച്ചുള്ള നിരാശാബോധവും ഒരുപോലെ നിഴലിച്ചു നിൽക്കുന്നു. സമകാലിക സംഭവങ്ങളുടേയും, പ്രതിഷേധത്തിന്റേയും കുത്തൊഴുക്ക് പല കവിതകളിലും ദൃശ്യമാകുന്നു.

സംഗീതാത്മകതാളബോധത്തോടെ ഈണമിട്ടു ചൊല്ലാൻ പറ്റുന്ന കവിതകളും, ആധുനിക ഗദ്യ കവിതകളും കൊണ്ടു സമ്പുഷ്ടമാണ് കാവ്യദലമർമ്മങ്ങൾ.

സാർവത്രികവും കാലികപ്രസക്തവുമായ വിഷയങ്ങളെ കാവ്യാനുഭവങ്ങളിലൂടെ, വർണ്ണനകളുടെ രചനാസൗകുമാര്യത്തിലൂടെ, വാങ്ങ്മയചിത്രത്തിലൂടെ വരച്ചു കാണിക്കുന്നു കവി തന്റെ ഈ കവിതകളിൽ. മനസ്സിന്റെ കൂട്ടിൽ വിരിയിച്ചെടുത്ത മൊഴിദലങ്ങളെ പൂർണ്ണമായും അടുത്തറിയണമെങ്കിൽ ഈ കവിതാസമാഹാരത്തെ ഹൃദയത്തോടു ചേർക്കുക തന്നെ വേണം. തന്റെ ആദ്യ കവിതാസമാഹാരത്തിലൂടെ തന്നെ കാവ്യലോകത്തിനു, മലയാളഭാഷയ്ക്കു കാവ്യാർച്ചന നടത്തുകയാണ് ഈ യുവകവി.

സുനിത കെ എൻ - സുസമസ്യ പബ്ലിക്കേഷൻസ് മാനേജിങ്ങ് ഡയറക്ടർ, എഴുത്തുകാരി, അധ്യാപിക

റ്റോജോമോൻ ജോസഫിന് കവിത ഒരിക്കലും വൃഥാഭിലാഷങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ ഇരുന്നുള്ള നഷ്ടസ്വർഗ്ഗങ്ങളുടെ കണക്കെടുപ്പായിരുന്നില്ല.. സമൂഹത്തിന്റെ ശ്രുതിഭംഗങ്ങൾക്ക് നേരെയുള്ള ആത്മഗീതങ്ങളാലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കറുത്ത ചിരികൾ കൊണ്ടും നിറയ്ക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഓരോ കവിതകളും..

"ഹർത്താൽ "

എന്ന കവിതയിലെ ഈ വരികൾ നോക്കൂ..

"മായാത്തൊരു മുറിവുപോലെ, കിനാവ് കണ്ടൊരു നെഞ്ചകമെല്ലാം കനലു പേറി തേങ്ങുന്നന്നു താങ്ങാനാവാതെ......................

വരത്തരായി വന്നങ്ങു കനവു കണ്ടവരെ, നോക്കിയങ്ങു കലിതുള്ളുന്നു കാപാലികരാം പലരുമന്നു. പ്രാകൃതമായൊരു സമരമിതു പ്രാചീനമൊരു പ്രതിരോധമിതു വലയ്ക്കുന്നു നമ്മെ വല്ലാതെ കനിവില്ലാതെ .."

അദ്ദേഹത്തിന്റെ കവിതകളിൽ പലപ്പോഴും പൂക്കളും ചിത്രശലഭങ്ങളും പ്രണയങ്ങളും പ്രണയ വിരഹങ്ങളും അന്യമായിരിക്കും മനുഷ്യമനസ്സിലെ ആകുലതകൾ ആയിരിക്കും അദ്ദേഹം തൂലികയാൽ വരച്ചിടുക

"മനസ്സെന്ന വിസ്മയം"എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കുക..

" നോവിന്റെ നേർത്ത നീരായി മാറുമീ മനമൊന്നറിയാതെ തെല്ലുമേ, ആശതൻ നൂലിൽ നെയ്തുയർത്തിയൊരു പട്ടമാണെൻ മനം

വിരലൊന്നു വിട്ടാൽ പൊട്ടി വീഴുമതു നൊമ്പരമാം കനലുതിർന്നങ്ങ് മൊഴികളും മിഴികളും മൗനമായ്

മന്ത്രിക്കുമൊരു നാദമായ് മാറുമെൻ മനസ്സാം വീണയറിയാതെ മൗനമാകുക മനമേ

മൗനം സ്വരമാകും നേരിന്റെ പാതയിൽ ശാന്തമായൊഴുകുക മനമേ നീ..

നിൻ നൊമ്പരങ്ങൾ മറന്നുലകിൽ..."

ആഹാ എത്ര മനോഹരം.. ചേതോഹരം.

റ്റോജോമോന് കവിത സാമൂഹ്യമായ ഒരു ഇടപെടൽ കൂടിയാണ്. തനിക്ക് നേരിട്ട് ബന്ധപ്പെട്ട് പരിഹരിക്കാൻ കഴിയാത്ത പല പ്രശ്നങ്ങളിലും കവിതകൾ കൊണ്ട് അദ്ദേഹം ഇടപെടുന്നു. ഇരകളാക്കപ്പെട്ടവർക്ക് വേണ്ടി, തോൽക്കുന്ന കേസുകൾ വാദിക്കുന്ന വക്കീലായി ഈ കവി ജീവിതത്തിന്റെ പുറംപോക്കുകളിൽ നിരന്തരം ഹാജരായി കൊണ്ടിരിക്കുന്നു.

"ജീവിതവിജയത്തിന് അളവുകോൽ"എന്ന കവിതയിലെ

ഈ വരികൾ ശ്രദ്ധിക്കുക..

"വഴിയടഞ്ഞവന്റെ വഴിയോരത്ത് വെളിച്ചമേവാൻ, ജയ തോൽവിതൻ തുലാസിൻ തൂക്കം നിർണ്ണയിപ്പതെൻ ചെയ്തികളെന്ന പച്ചപരമാർത്ഥം അറിയണമിന്നുനാമുറപ്പോടെ.

സ്നേഹത്താൽ മനുജനെ കീഴടക്കും മനമാണ് മൂല്യമേറും ധനമെന്ന

ബോധ്യമീ മൃത്തികയിൽ മിഴിവേകണമെന്നും തളർത്താതെ നമ്മെ"

കേരളവാർത്ത നീർമാതളം കവിത പംക്തിയിലൂടെ തന്റെ കവിതകൾ പ്രസിദ്ധീകരിച്ച് ഇതിനോടകം തന്നെ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കവിയാണ് റ്റോജോമോൻ ജോസഫ് മരിയാപുരം. കാലിക വിഷയങ്ങളെക്കുറിച്ച് വളരെ വിദഗ്ധമായും തനിക്ക് പറയാനുള്ളത് കക്ഷിരാഷ്ട്രീയ മതഭേദമില്ലാതെ വ്യക്തമായും സമ്പൂർണ്ണമായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതിനോടൊപ്പം അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ 36 കവിതകൾ "കാവ്യദലമർമ്മരങ്ങൾ"എന്ന പേരിൽ സുസമസ്യ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്യുന്നു.

മലയാള സാഹിത്യത്തിന് പ്രത്യേകിച്ചും കാവ്യശാഖയ്ക്ക് എന്തുകൊണ്ടും മുതൽക്കൂട്ടാവുന്ന ഈ സംരംഭത്തിന് എന്റെ എല്ലാവിധ ആശംസകളും.

അദ്ദേഹത്തിന്റെ സാഹിത്യ രചനകളിലൂടെ ഇഴചേർന്ന് ഒപ്പം സഞ്ചരിക്കാൻ കഴിഞ്ഞ വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്.

അശോകൻ സി ജി എഡിറ്റർ: കേരളവാർത്ത-നീർമാതളം,എഴുത്തുകാരൻ

പ്രവാസജീവിതത്തിന്റെ കണ്ടു മടങ്ങിയ കാഴ്ചകളെയും അനുഭങ്ങളെയും ഒന്നൊന്നായി ക്രമപ്പെടുത്തി ഓർമ്മകളെന്നോ, ജീവിതമെന്നോ, പ്രണയമെന്നോ, സ്വപ്‌നങ്ങളെന്നോ പറയാവുന്ന മുപ്പത്തിയാറു കവിതാനുഭവം ചേർത്തിണക്കിയ

സർഗ്ഗസൃഷ്ടിയാണു പ്രവാസി യുവഎഴുത്തുകാരൻ റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ "കാവ്യദലമർമ്മരങ്ങൾ" എന്ന കവിതാസമാഹാരം.

പ്രകൃതിയോടുള്ള കവിയുടെ ആഭിമുഖ്യം കവിതകളിൽ എടുത്തു പറയേണ്ടിയിരിക്കുന്നു. "പ്രകൃതി ഒരു സുകൃതം" എന്ന കവിതയിൽ കവി പറയുന്ന,

"ജീവവായു പകരും നിന്നെ ഞാൻ

ജീവനു തുല്യം കണ്ടിടാം

തണലായി തുണയേകും നിന്നെ ഞാൻ

ചാരത്തു ചേർത്തിടാം തോഴനേപ്പോൽ

ഓർത്തിടാം മറക്കാതെ എന്നുമെന്നും

പ്രകൃതിയൊരു സുകൃതമാണെന്ന സൂക്തം"

കുടുംബം എന്ന കവിതയിൽ ഇങ്ങനെ കുറിക്കുന്നു

"ഒന്നിച്ചിരുന്നുള്ളൊരത്താഴവുമൊപ്പം

ഒന്നിച്ചു ചൊല്ലുന്ന സന്ധ്യാജപങ്ങളും

വട്ടത്തിൽ ചേർന്നുള്ള വർത്തമാനങ്ങളും

മാറ്റുമെൻ ഗേഹത്തെ മലർവനിയായ്

സ്വപ്നങ്ങൾ നെയുന്ന സ്വന്തമായ് മാറുന്ന

ചിറകുകൾ വിടരുന്ന ചിന്തകൾ വിരിയുന്ന

സാന്ത്വനം നിറയുന്ന വിസ്മയമെൻ ഗേഹം"

പ്രവാസികളുടെ നൊമ്പരങ്ങളുടേയും ജീവിതാനുഭവങ്ങളുടേയും നേർച്ചിത്രമാണു "മധുരനൊമ്പരമാം പ്രവാസം" എന്ന കവിത.

അതേസമയം നാട്ടിൻപുറങ്ങളിൽ ഇന്നു നാമറിയാതെ ഒലിച്ചു പോകുന്ന നന്മകളിലേക്കും മനോഹാരിതയിലേക്കും വിരൽ ചൂണ്ടുന്നു "മൊഞ്ചുള്ളോരെൻ നാട്" എന്ന കവിത.

"മതിലുകൾ മേയാത്ത മനസ്സുമുണ്ടേ

ഏതു കോണിലെന്നാകിലും ഞാനിനിയെത്ര ദൂരെ മാറി പോയീടിലും കൊതിക്കുമേ

അറിയാതെയെൻ മനമെന്നുമാ ഗ്രാമത്തേക്കൊന്നു തിരികെയെത്താൻ

എല്ലാ മതങ്ങളുടേയും അടിസ്ഥാനം സ്നേഹത്തിൽ അധിഷ്ഠിതമാകണമെന്ന വീക്ഷണം കവി തന്റെ "സ്നേഹമെൻ മതം" എന്ന കവിതയിൽ വരച്ചു കാട്ടുന്നു.

മതങ്ങളൊക്കേയുമെന്നുമേ

പൊരുതിടാതെ തമ്മിലോ

പൊരുളിലേക്കു നയിക്കണം

സ്നേഹമാണുത്തമം എന്ന സത്യമോതണം

അപ്പമായ് മാറണം പശിക്കുന്നവനെൻ മതം

ജലകണമായൊഴുകണം ദാഹിക്കുന്നവനെൻ മതം

വിളക്കായ് തെളിയണമെന്നും

ഇരുളു മേഞ്ഞ നയനങ്ങളിൽ

തണലായ് മാറണം അവശനെന്നുമെൻ മതം

സമൂഹത്തിന്റെ ഒച്ചപ്പാടുകൾക്കും, വിഹ്വലതകൾക്കും, വിനോദങ്ങൾക്കും, വിശ്വാസങ്ങൾക്കും നേരെ കാഴ്ചകൾ ഒരുക്കുകയും, അവയെ ആവാഹിച്ചു, പരിഹാസങ്ങളായും, പരിവേദങ്ങളായും, പ്രതിഷേധങ്ങളായും വശ്യമായ നിരീക്ഷണപാടവത്തോടെ എഴുത്തുകാരൻ വരച്ചു കാട്ടിയിട്ടുണ്ട്...

രാഷ്ട്രീയം, പ്രണയം, വിശ്വാസം തുടങ്ങിയവയോട് കലഹിച്ചും, പ്രവാസത്തിന്റെ ജീവിത ജീർണതകളും,സ്വപ്‌നങ്ങളും, ആകുലതകളും, വ്യാകുലതകളും മനുഷ്യജീവിതം ആഘോഷമാകുമ്പോൾ... വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു പുതിയ ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കാൻ ആഗ്രഹിക്കുന്ന എഴുത്തിന്റെ നന്മയും കവിതകളിൽ ഉടനീളം കാണാം... തിരുത്തപ്പെടേണ്ട ധാരണകളേയും, മുൻവിധികളേയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുകളായി മുന്നോട്ടു പോകാൻ കവിതകൾക്കും, കവിക്കും വായനക്കാരനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... തീർച്ചയായും ഇതൊരു അഴകൊത്ത കാവ്യാനുഭവം തന്നെ ആയിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല ... ഭാവുകങ്ങൾ...

വേളൂർ ബിജു - അധ്യാപകൻ, എഴുത്തുകാരൻ,കുട്ടപ്പന്റെ രാജ്യം, വാക്കുകളുടെ വഴിയമ്പലം, മലയപ്പൂപ്പൻ തുടങ്ങിയ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു.

ഭാവനകൾകൊണ്ടും അനുഭൂതികൾകൊണ്ടും വായനക്കാരന്റെ മനസ്സിനെ മറ്റൊരു മാസ്മരിക ലോകത്തിലേക്കാനയിക്കുകയാണ് പ്രവാസി യുവ എഴുത്തുകാരൻ റ്റോജോമോൻ ജോസഫ് മരിയാപുരം തന്റെ 36 കവിതകൾ അടങ്ങുന്ന 'കാവ്യദലമർമ്മരങ്ങൾ' എന്ന കവിതാസമാഹാരത്തിലൂടെ.

കാലികപ്രസക്തങ്ങളായ വിഷയങ്ങൾ വളരെ തന്മയത്വത്തോടെ അതിന്റെ മൂല്യമൊട്ടും ചോരാതെതന്നെ വർണിക്കുവാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കവിതകൾ വായിക്കുന്ന ഏതൊരാൾക്കും ആ വരികളിലൂടെ അവർ അറിയാതെതന്നെ ഒരു പ്രയാണം നടത്തിയില്ലെങ്കിലേ അതിശയോക്തിയുള്ളു.

സുസമസ്യ പബ്ലിക്കേഷൻസ് പ്രകാശനം ചെയ്യുന്ന ഈ കവിതാസമാഹാരം എന്തുകൊണ്ടും മലയാളഭാഷയ്ക്ക് ഒരു അനുഗ്രഹമായിരിക്കുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഉദയനാപുരം രാമചന്ദ്രൻ - എഴുത്തുകാരൻ

2023 നവംബർ 1 മുതൽ 10 വരെ ഷാർജ എക്സ്പോ സെന്ററിൽ നടത്തപ്പെടുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 42-ാമതു എഡിഷന്റെ ആറാം ദിവസം നവംബർ 6 നു 3:00 PM ന് റൈറ്റേസ് ഫോറം ഹാൾ നമ്പർ 7 ൽ "കാവ്യദലമർമ്മരങ്ങൾ" പ്രകാശിതമാകും. സുസമസ്യ പബ്ലിക്കേഷൻസ് ആണു കാവ്യദലമർമ്മങ്ങൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    
News Summary - About the book 'Kavyadalammarmaragal'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT