ന്യൂഡൽഹി: ഇന്ത്യൻ പ്രസാധന രംഗത്ത് കുറഞ്ഞ കാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വെസ്റ്റ്ലാൻഡ് ബുക്സ് അടച്ചുപൂട്ടാൻ ഉടമകളായ ആമസോൺ തീരുമാനിച്ചു. മികച്ച നിലയിൽ മുന്നോട്ടുപോവുകയായിരുന്ന സ്ഥാപനം അടിയന്തരമായി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ചൊവ്വാഴ്ച രാവിലെയാണ് സാരഥികൾക്ക് നിർദേശം ലഭിച്ചത്. കാരണം വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ പ്രധാന പ്രസാധകർ അടുത്ത കാലത്തായി കൈകാര്യം ചെയ്യാൻ മടിച്ചിരുന്ന വിഷയങ്ങൾ ഏറ്റെടുക്കുക വഴി ശ്രദ്ധേയമായിരുന്നു വെസ്റ്റ്ലാൻഡ്. പ്രത്യേകിച്ച് അവരുടെ ഇംപ്രിന്റായ കോൺടെക്സ്റ്റ്. മലയാളിയായ വി.കെ. കാർത്തികയായിരുന്നു വെസ്റ്റ്ലാൻഡിന്റെ പബ്ലിഷർ.
ഇന്ത്യൻ പുസ്തകവിപണിയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി 2016 ലാണ് ആമസോൺ വെസ്റ്റ്ലാൻഡ് ഏറ്റെടുക്കുന്നത്. കോൺടെക്സ്റ്റ്, ട്രാൻക്വിബാർ, ഏക തുടങ്ങിയ ഇംപ്രിന്റുകളാണ് വെസ്റ്റ്ലാൻഡിന് കീഴിൽ ഉണ്ടായിരുന്നത്. ഗുജറാത്ത് കലാപ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ആശിഷ് ഖേതാന്റെ 'അണ്ടർ കവർ', അരവിന്ദ് നരെയ്ന്റെ 'ഇന്ത്യാസ് അൺഡിക്ലയേഡ് എമർജൻസി', മലയാളി മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ പുതിയ പുസ്തകം 'ദ കൂ', പ്രമുഖ ഗ്രന്ഥകാരൻ ആകാർ പട്ടേലിന്റെ 'പ്രൈസ് ഓഫ് ദ മോദി ഇയേഴ്സ്', നരേന്ദ്ര മോദിയുടെ വളർച്ചയും ഭരണവും വിമർശനാത്മകമായി പരിശോധിക്കുന്ന ഫ്രഞ്ച് പൊളിറ്റിക്കൽ സയന്റിസ്റ്റ് ക്രിസ്റ്റഫ് ജെഫ്രിലറ്റിന്റെ 'മോദീസ് ഇന്ത്യ' തുടങ്ങി ശ്രദ്ധേയ ഗ്രന്ഥങ്ങൾ കഴിഞ്ഞമാസങ്ങളിൽ വെസ്റ്റ്ലാൻഡ് പ്രസിദ്ധീകരിച്ചിരുന്നു. 'ഏക'യാണ് കെ.ആർ. മീരയുടെ പുതിയ നോവൽ 'ഖബറി'ന്റെ ഇംഗ്ലീഷ് പതിപ്പ് കഴിഞ്ഞമാസം പുറത്തിറക്കിയത്.
30 കോടിയിലേറെ വിറ്റുവരവുള്ള കമ്പനിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചനകളില്ല. പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച ചൊവ്വാഴ്ചക്ക് തലേന്നും പുതിയ പുസ്തകങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ പുസ്തകങ്ങൾക്കും ജീവനക്കാർക്കും ഇനി എന്തുസംഭവിക്കുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.