ഉയർന്ന ഭാഷാബോധത്തെക്കാൾ ലാളിത്യവും സുതാര്യതയുമാണ് മലയാള കവിതയുടെ അഴകും ആഢ്യതയും എന്ന് കരുതുന്നവരുണ്ടെങ്കിൽ അവർക്ക് നസീബ ബഷീർ കവിതകൾ നല്ലൊരു വായനാനുഭവംതന്നെയാകും. അച്ചടിച്ച അക്ഷരങ്ങളുടെ ലോകത്ത് ഒരു സാധാരണക്കാരിയുടെ കൈയൊപ്പ് എന്ന് ഈ ഗ്രന്ഥത്തെക്കുറിച്ച് കവയിത്രി ആമുഖത്തിൽ പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ, ഈ കൈയൊപ്പ് ഒരു സാധാരണക്കാരിയുടേതല്ലെന്ന് ‘ജ്വലിത പ്രതീക്ഷ’ എന്ന കവിതാസമാഹാരം അടിവരയിട്ട് പറയുന്നുണ്ടെന്നതാണ് വാസ്തവം. സമൂഹം, ലോകം, ജീവിതം, ആത്മഭാവങ്ങൾ ഇവയെല്ലാം അമൂർത്തമായ വൈകാരികതകളുടെ ഇഴനൂലുകൾകൊണ്ട് ചേർത്തുവെച്ചൊരു ഹൃദ്യമായ വിരുന്നാണ് ഈ കവിതാസമാഹാരം.
മനുഷ്യന്റെ സത്താപരമായ ഉത്കണ്ഠകളിൽ അരിച്ചിറങ്ങുന്ന പ്രത്യാശയുടെ വെളിച്ചവും ഊർജവുമായി മാറാൻ വിശ്വാസത്തിന് കഴിയുമെന്നത് ഇതിലെ പ്രഥമ കവിതയിൽ മനോഹരമായാണ് നസീബ വരച്ചുവെച്ചിരിക്കുന്നത്. സമാധാനത്തോടെ ജീവിക്കാനുള്ള ഏതൊരു മനുഷ്യന്റെയും അന്തഃകരണ ചോദനകളാണ് വിശ്വാസമെന്നും അലൗകികമായ അർപ്പണബോധത്തിലൂടെയല്ലാതെ ഈശ്വരസാക്ഷാത്കാരം സാധ്യമാവില്ലെന്നും ഇതിന്റെ പരിസമാപ്തിയിലെ വാക്കുകൾ ശ്രദ്ധിച്ചു വായിക്കുന്നവർക്ക് ബോധ്യപ്പെടും.
‘‘എങ്കിലും കൊടിയ,
ശൂന്യത, മായുമാ
ജ്വലിത പ്രതീക്ഷയെ,
ആത്മാവിൽ പുൽകുകിൽ’’
സമൂഹത്തിന്റെ സ്വത്വപ്രതിസന്ധിയെ അതിജീവിക്കുക എന്നത് കാലത്തിന്റെ മനുഷ്യകുലത്തോടുള്ള വെല്ലുവിളിയാണ്. കാലത്തിന്റെ സങ്കീർണതകളിൽ ലക്ഷ്യത്തിലെത്താനാവാതെ പരാജിതരാകുന്ന മനുഷ്യർ എന്നും കവിതകളും സാഹിത്യവും പരാമർശവിഷയമാക്കിയിട്ടുണ്ട്. ഇതിനിടയിൽ ആത്മീയതയുടെ കാഴ്ചപ്പാടിലൂടെ കാലത്തെ നോക്കിക്കാണുന്ന നസീബ പുതിയ തലമുറയിലെ ആശാവഹമായ പോസിറ്റിവിറ്റിയെ പ്രതിനിധാനം ചെയ്യുന്നത് അവരുടെ ‘കാലം’ എന്ന രചനയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
‘‘കാലമിന്നുരചെയ്യും
സത്യത്തെയറിയണം,
കാതലാണാ ജ്ഞാനം,
വിദ്വാന്റെ ഭൂഷണം’’
എന്നതിൽ ഓരോ മനുഷ്യനുമനുവദിച്ചുകിട്ടിയ പരിമിതമായ കാലത്തിന്റെ വഴിയോരത്തിരുന്ന് പരമമായ സത്യത്തെ കണ്ടെത്താൻ ആഹ്വാനം ചെയ്യുന്നതോടൊപ്പംതന്നെ ആ യാത്രയിൽ ക്ഷമ കൈക്കൊള്ളേണ്ടുന്നതിന്റെ ആവശ്യകതകൂടി മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട്.
‘‘ചോദനയേകിടും,
ഏറ്റം ക്ഷമിക്കുവാൻ,
ചേതത്തിലായിടു-
മ ല്ലാകിൽ ജീവിതം”
പ്രപഞ്ചസ്രഷ്ടാവിനോടുള്ള കവയിത്രിയുടെ ബന്ധം ഈ ഗ്രന്ഥത്തിലെ മറ്റനേകം രചനകളിൽ അങ്ങിങ്ങായി കാണാമെങ്കിലും പ്രകൃതിയെ നിരീക്ഷിക്കുന്നതിൽപോലും അതീവ ഹൃദ്യമായി അവരത് അയത്നലളിതമായ വാക്കുകളിലൂടെ പ്രകാശിപ്പിക്കുന്നുണ്ട്.
നിഷേധവും നിരീശ്വരവാദവും ലിബറലിസവും മാത്രമാണ് ഈ കാലഘട്ടത്തിന്റെ കവിതകളുടെ പുരോഗമനാശയങ്ങളെന്ന പൊതുധാരണയിൽനിന്ന് വ്യത്യസ്തമായി ഏതൊരു വ്യക്തിയുടെയും മൗലികചിന്തകളാണ് കവിതയെയും സാഹിത്യത്തെയും ഉൽകൃഷ്ടമാക്കുന്നതെന്നതിന്റെ നേർക്കാഴ്ചകളായി പരിണമിക്കുന്നതെന്നാണ് നസീബയുടെ കവിതാസമാഹാരം വായനക്കാരനു നൽകുന്ന സന്ദേശം.
അന്ധത വന്നാലും, സന്തതം കൺപാർത്ത്, സന്തതിക്കായി കാത്തിരിക്കുന്ന മാതൃത്വവും, (അമ്മ)
കല്ല് പെറുക്കികൊണ്ടെണ്ണം തികച്ചിട്ട്, കൊത്തങ്കല്ലാടിയ കുട്ടിക്കാലവും (ഓർമയിലെ ബാല്യകാലം) എന്നിങ്ങനെയുള്ള സൃഷ്ടികൾ കൂടാതെ നസീബ എന്ന ബഹുമുഖ വൈദഗ്ധ്യമുള്ള എഴുത്തുകാരി, പരിസ്ഥിതി (അവൾ കരയുന്നു), ഭരണകൂട ഭീകരത (പൗരത്വം), യുദ്ധക്കെടുതികൾ (ഖുദ്സിന്റെ മക്കൾ, യുക്രൈനിന്റെ നിലവിളി) തുടങ്ങി ഒട്ടേറെ കാലികപ്രസക്തിയുള്ള വിഷയങ്ങളോടുമുള്ള പ്രതികരണങ്ങളും പ്രതിഫലനങ്ങളും ശക്തമായ ഭാഷയിൽ നമുക്കായി കാഴ്ചവെക്കുന്നുണ്ട്.
ഉയർന്ന മാനവികതാബോധവും അതിനുപോൽബലകമായി നിൽക്കുന്ന സംസ്കൃതിയും ഭാഷയുടെ അലങ്കാരമായി നസീബയുടെ രചനകളിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.
ഏതെങ്കിലും മുൻവിധികളുടെ അതിർ വരമ്പുകൾക്കുള്ളിൽ സ്വയം തളച്ചിടാതെ സ്വതന്ത്രവും സ്വത്വസമ്പുഷ്ടവുമായ വൈവിധ്യമാണ് നസീബയുടെ കവിതാസമാഹാരത്തിന്റെ മുഖമുദ്ര. അപൂർവം ചില രചനകൾ ഈ കൃതിയിൽനിന്ന് ഒഴിവാക്കാമായിരുന്നു എന്നു തോന്നിയിരുന്നെങ്കിലും അതൊരു തുടക്കക്കാരിയെന്ന നിലക്ക് അവഗണിക്കാവുന്നതാണ്. കവിതയിലും സാഹിത്യത്തിലും പലപ്പോഴും പുരുഷാധിപത്യം ഉണ്ടാക്കിയെടുത്ത സ്ത്രീ/സ്ത്രൈണതാ നിർവചനങ്ങൾ തിരുത്തിക്കുറിക്കാനും അപ്രകാരം നസീബയെപ്പോലെ സ്വന്തം നിലപാടുകളും കാഴ്ചപ്പാടുകളും തങ്ങളുടെ സർഗസൃഷ്ടികളിലൂടെ സുധീരം വെളിച്ചത്തുകൊണ്ടുവരുന്ന പ്രതിഭകൾക്ക് ഇന്നത്തെ സാമൂഹികബോധത്തെ പരിവർത്തിപ്പിക്കാനുമുതകുമെന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.