കൊലപാതകത്തിന്‍റെയും കണ്ടെത്തലിന്‍റെയും ഇരു വഴികളിലൂടെ 'നാൽവർ സംഘത്തിലെ മരണക്കണക്ക്'

പൗർണമി രാത്രിയിൽ തെളിയുന്ന പൂർണ്ണ ചന്ദ്രനെ പോലെ തെളിച്ചമുള്ളതും മനോഹരവുമായ ഭാഷയിൽ, ഒരു നാടിനെ പിടിച്ചുലച്ച, വർഷങ്ങളുടെ ഇടവേളയിൽ നടന്ന തിരോധാനങ്ങളുടെയും മരണങ്ങളുടെയും ചുരുളുകൾ അഴിക്കുന്ന, വേറിട്ടപാതയിലൂടെ സഞ്ചരിക്കുന്ന നോവലാണ് ശ്രീജേഷ് ടി.പി എഴുതിയ 'നാൽവർ സംഘത്തിലെ മരണക്കണക്ക്'. കൊലപാതകത്തിന്റെയും കണ്ടെത്തലുകളുടെയും രണ്ട് വഴികളിൽ കൂടിയുള്ള കാഴ്ചകൾക്കാണീ നോവൽ വേദിയൊരുക്കുന്നത്. ആദ്യ വഴി അവസാനം തേടിയുള്ള അന്വഷകന്റെയാണെങ്കിൽ, രണ്ടാമത്തേത്ത് വഴികളിൽ യാതൊരു വിധ സൂചനകളും അവശേഷിക്കാതെ ഒളിഞ്ഞിരുന്ന കുറ്റവാളിയുടേതാണ്. കുറ്റാന്വേഷണ നോവലുകളിലെ തീർത്തും പുതുമയുള്ളൊരു വായനനാനുഭവം സമ്മാനിക്കുന്ന നോവൽ പുതു കഥനരീതികളും അവതരിപ്പിക്കുന്നു.

ഒരു ഗ്രാമപ്രദേശത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥ. ആ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒഴുകിവന്ന ഒരു മനുഷ്യന്റെ തല, സ്വപ്നമോ യാഥാർഥ്യമോ എന്ന് മനസ്സിലാകും മുന്നേ അപ്രത്യക്ഷമാകുന്നു. വർഷങ്ങൾക്ക് ശേഷം അതേ പുഴയിലൂടെ ഒഴുകി വരുന്ന തലയില്ലാത്ത ഒരു സ്ത്രീയുടെ ശരീരം. ഈ വർഷങ്ങൾക്കിടയിൽ സംഭവിച്ച മറ്റ് അപകടമരണങ്ങൾ. കുഴപ്പം പിടിച്ച ഈ മരണങ്ങളുടെ നിഗൂഡതയുടെ മറ നീക്കി ചുരുളഴിക്കാൻ ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ, അയാളുടെ അന്വേഷണങ്ങൾ, കണ്ടെത്തലുകൾ, എല്ലാം അയാളുടെ ഡയറി കുറിപ്പുകളിൽ രേഖപ്പെടുത്തിയ രഹസ്യങ്ങളായി കാലം ചെയ്ത് പോകുന്നതിന് മുന്നേ വീണ്ടെടുത്ത് അയാളുടെ തന്നെ കാഴ്ചപ്പാടിൽ കാണിച്ച് തരുന്നു. ഒത്ത എതിരാളി എന്ന നിലയിൽ, യഥാർഥ കുറ്റവാളിയും നേർക്കുനേർ നിന്ന് അയാളുടെ കാഴ്ചപ്പാടിലും കഥ പറയുമ്പോൾ സിനിമകളിൽ കാണുന്ന പോലെ ഒരേ രംഗം തന്നെ പല കോണുകളിൽ നിന്ന് കാണിച്ച് തന്ന് കറുപ്പും വെളുപ്പും വേർതിരിക്കുന്നു. മൃതദേഹങ്ങളുടെ അവസ്ഥാന്തരങ്ങൾ ഭയാനകമാണെങ്കിലും നമ്മുടെ നാട്ടിൽ ദിവസേന ഇപ്പോൾ കേൾക്കുന്നതും കാണുന്നതുമായ വാർത്തകൾ വെച്ച് നോക്കുമ്പോൾ നടക്കുന്ന സംഭവങ്ങൾ തന്നെയാണ് പലവിധമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അരുംകൊലകൾ. പണത്തിന് വേണ്ടിയോ അധികാരത്തിന് വേണ്ടിയോ പ്രതികാരത്തിന്റെയോ തെറ്റിദ്ധാരണയുടെ പേരിലോ എങ്ങനെയുമാകാമത്. തെളിഞ്ഞവയെക്കാൾ ചിലപ്പോൾ എത്രയോ ഉണ്ടാകാം മറഞ്ഞിരിക്കുന്നവ.

നല്ല ഒഴുക്കുള്ള ഭാഷയും, കൈയടക്കമുള്ള ഭാഷാപ്രയോഗങ്ങളും, ആകാംക്ഷപൂർവമായ വായനക്കിടയിലും ചെറു കാര്യങ്ങളുടെ പോലും ആകർഷകമായ ഉപമകളും, കേസ് അന്വേഷണത്തിലെ സംഭവങ്ങളുടെ ആധികാരികതയും, സാഹിത്യപ്രയോഗങ്ങളുടെ അതിപ്രസരണമില്ലാതെ, വലിച്ച് നീട്ടലുകളില്ലാതെ 150 താളുകളിൽ ഒരു വിസ്മയയാത്ര തന്നെ ഒരുക്കുന്നു ശ്രീജേഷ് തന്റെ നോവലിലൂടെ. ഒരു തുടക്കക്കാരന് ഉണ്ടാകാവുന്ന ചെറു തെറ്റുകൾ സുഗമമായ വായനക്കിടയിൽ പൊറുക്കാവുന്നതാണ്. ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ തക്കവണ്ണം രൂപപ്പെടുത്തിയ ഈ പരീക്ഷണ കുറ്റാന്വേഷണ നോവലിലൂടെ, തന്റെ ആദ്യ ഉദ്യമത്തിൽ ശ്രീജേഷ് ടി.പി ഉയർന്ന മാർക്കോടെ പാസായി എന്ന് തന്നെ ഉറപ്പിച്ച് പറയാം. വായനക്കായി ചിലവാക്കുന്ന സമയം നഷ്ടമാക്കില്ല, നിരാശ സമ്മാനിക്കാത്ത കൊടും ഭീകരരായ ഈ നാൽവർ സംഘവും, ആകാംക്ഷയുടെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന അവരുടെ മരണക്കണക്കും. 

Tags:    
News Summary - book review Nalvar sanghathile maranakkanakku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT