വാങ്മയ ഭൂപടം, മറുനോട്ടം

നൈജീരിയൻ എഴുത്തുകാരനായ ചിനുവ അ​െച്ചബെയുടെ ‘എല്ലാം തകർന്നു വീഴുന്നു’ (Things Fall Apart) എന്ന നോവലിന്​ 65 വയസ്സ്.​ ആ നോവലിനെക്കുറിച്ചും ആഫ്രിക്കൻ സംസ്​കാരത്തെക്കുറിച്ചുമുള്ള പഠനത്തി​ന്റെ രണ്ടാം ഭാഗമാണിത്​. ചരിത്രത്തിൽനിന്നും തുടച്ചുനീക്കേണ്ട ഇരുട്ടോ ‘കാടത്ത’മോ അല്ല മറിച്ച്, മറ്റൊരു നാഗരികതതന്നെയാണ് ആഫ്രിക്കയിലെ ജനജീവിതമെന്നു ഓർമപ്പെടുത്തുകയാ​േണാ ഇൗ നോവൽ എന്ന്​ അന്വേഷിക്കുന്നു -കഴിഞ്ഞ ലക്കം തുടർച്ച.

കൃഷി ഒരേസമയം ഉത്സവവും, ഇപ്പോഴുള്ള തലമുറക്കുവേണ്ടിയും പൂർവികരോടുള്ള ആദരവും ഉൾച്ചേർന്ന ഉത്തരവാദിത്ത പൂർണമായ കടമയുമാണ്. വിളവിറക്കുന്നതിന് മുമ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘സമാധാന വാരം’ ആചരിക്കുക ഇബോ സമുദായം തലമുറകളായി ചെയ്യുന്നതാണ്. ഈ അവസരത്തിൽ മണ്ണി​ന്റെ ദേവതക്ക് അനിഷ്​ടം വരുത്തുന്ന പെരുമാറ്റ ദൂഷ്യങ്ങൾ സമുദായാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ല. കുടുംബ കലഹങ്ങൾ വരെയും ഒഴിവാക്കണമെന്നതരത്തിലുള്ള നിയന്ത്രണമാണുള്ളത്. ഇത്തരത്തിലുണ്ടായിരുന്ന കാർഷികവ്യവസ്​ഥയെ അട്ടിമറിക്കുകയും തകിടം മറിക്കുകയുമാണ് കൊളോണിയൽ ഭരണംചെയ്തത്. അവർ കൃഷിസമ്പ്രദായത്തിൽ മാറ്റം വരുത്തുകയല്ല ചെയ്തത്. പകരം, അതേവരെ സ്വതന്ത്രമായി വിനിയോഗിച്ചിരുന്ന ഭൂമിയുടെ ഉടമസ്​ഥാവകാശം ബ്രിട്ടീഷുകാരുടെ കീഴിലാക്കുകയായിരുന്നു.

കൊളോണിയൽ വാഴ്ചയോടെ വിള്ളലേറ്റ മറ്റൊരു കാര്യം ജനങ്ങളുടെ വിശ്വാസമാണ്. ഇബോ സമുദായം മാത്രമല്ല, ആഫ്രിക്കയിലെ മിക്കവാറും എല്ലാവിഭാഗം ജനങ്ങളും പരേതാത്മാക്കൾക്ക് ദൈവിക പദവി നൽകി ആരാധിച്ചിരുന്നു. കേവലമായ ഒരാചാരം എന്നതിനുപരി തലമുറകൾ തമ്മിലുള്ള ഇഴ പിരിയാത്ത ബന്ധമാണ് പൂർവികരായ പരേതാത്മാക്കളെ ആരാധിക്കുന്നതിൽ ഉണ്ടായിരുന്നത്. വിശേഷാവസരങ്ങളിലും ഭാഗ്യ ദൗർഭാഗ്യങ്ങളുടെ ഘട്ടത്തിലും പൂർവികർ സന്നിഹിതരാവും എന്ന വിശ്വാസത്താൽ അവർക്കായി പ്രത്യേക പൂജകളും നടത്തിയിരുന്നു. ഇതിനൊപ്പം മണ്ണിനെയും ഋതുക്കളെയും മലകളെയും ഗുഹകളെയും സസ്യജന്തുജാലങ്ങളെയും പ്രതിനിധാനംചെയ്യുന്ന ദേവതകളും അവർക്കുള്ള സവിശേഷമായ പൂജാവിധികളും പുരോഹിതരും ഉണ്ടായിരുന്നു. ഇപ്രകാരം പലമകളായി നിലനിന്നിരുന്ന വിശ്വാസധാരകളെ നെറുകെ പിളർത്തുകയും അവമതിക്കുകയും ചെയ്തുകൊണ്ടാണ് മിഷനറിമാരാലും കൊളോണിയൽ അധികാരികളാലും സംസ്​ഥാപിതമായ മതം മാറ്റം സാർവത്രികമായത്.

ചിനുവ അ​െച്ചബെ

കൊളോണിയലിസം തകർത്തെറിഞ്ഞ മറ്റൊരു കാര്യം നിയമപരിപാലനമായിരുന്നു. ഗ്രാമസമിതിയുടെ മേൽനോട്ടത്തിലും സമുദായം കാലങ്ങളായി ആർജിച്ചെടുത്ത നൈതിക ബോധ്യങ്ങളുടെയും അടിസ്​ഥാനത്തിലും നിലനിന്ന നീതിനിർവഹണ സമ്പ്രദായത്തെ റദ്ദ് ചെയ്തുകൊണ്ട് അതിനെ ബ്രിട്ടീഷ് ഭരണവ്യവസ്​ഥയുടെ അനുബന്ധമാക്കി മാറ്റി.

മേൽ സൂചിപ്പിച്ച മൂന്നു കാര്യങ്ങൾ; ഭൂമിയുടെ ഉടമസ്​ഥാവകാശം ഏറ്റെടുക്കൽ, വിശ്വാസതലത്തിലുണ്ടായ അട്ടിമറി, നിയമ പരിപാലന സംവിധാനത്തി​ന്റെ റദ്ദുചെയ്യൽ എന്നിവയുടെ ഫലമായി വലിയൊരു വിഭാഗം ജനങ്ങളിൽ അനുഭവപ്പെട്ട അന്യവത്കരണത്തെയാണ് ചിനുവ അ​െച്ചബെ ‘എല്ലാം തകർന്നു വീഴുന്നു’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കാണാം.

പറച്ചിലുകളുടെ ഇടം

സാധാരണയായി കോളനിവാഴ്ചക്ക് വിധേയമാവുന്ന നാടുകളിൽ അധിനിവേശ വിരുദ്ധ വികാരം രൂപപ്പെടുന്നതിനൊപ്പം പിറവിയെടുക്കുന്നതാണ് സുവർണ ഭൂതകാലം പോലുള്ള മിത്തുകളുടെ പുനരുൽപാദനം. ഇന്ത്യയിൽ ബ്രിട്ടീഷ് വാഴ്ചയോടുള്ള എതിർപ്പ് ശക്തമായതിനൊപ്പം, ആയുധവും അധികാരവും നഷ്​ടപ്പെട്ട മുൻകാല മേധാവിത്വശക്തികൾ തങ്ങളുടെ സുവർണ ഭൂതകാലത്തെ പറ്റിയുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമകളും പ്രചരിപ്പിക്കാൻ തുടങ്ങി. അതനുസരിച്ച് വേദങ്ങളിലേക്ക് മടങ്ങുകപോലുള്ള ആഹ്വാനങ്ങളും ഉയർന്നുവന്നു. പൊ

തുവിൽ ഹൈന്ദവ നവോത്ഥാനം എന്ന പദവിയാണ് ഇത്തരം ആഹ്വാനങ്ങൾക്ക് ലഭ്യമായത്.

ഈ നോവലി​ന്റെ സൂക്ഷ്മവായനയിൽപോലും ഏതെങ്കിലും തരത്തിലുള്ള സുവർണ ഭൂതകാല ഓർമകളെ വീണ്ടെടുത്തതായി കാണാൻ കഴിയില്ല. മറിച്ച്, കൊളോണിയലിസം നടപ്പിലാക്കിയ ഭരണവ്യവസ്ഥയും മറ്റധികാര പ്രയോഗങ്ങളും സമുദായ ജീവിതത്തിൽ വരുത്തിയ അന്യവത്കരണത്തെയാണ് നോവൽ മറുനോട്ടത്തിന് വിധേയമാക്കുന്നത്.

അതേപോലെ വ്യക്തമാവുന്ന മറ്റൊരു കാര്യമാണ് നോവൽ അധിനിവേശത്തെ ചെറുക്കുന്നുണ്ടെങ്കിലും ആധുനികതയെ തടയാൻ ആന്തരികമായി പോലും ശ്രമിക്കുന്നില്ലെന്നത്. ആധുനികതയുടെ മേലുള്ള ‘ഇരട്ടനേട്ട’മാണ് ആഫ്രിക്കയെ പറ്റി വെള്ളക്കാരും അല്ലാത്തവരുമായ പലരും എഴുതിയിട്ടുള്ള അസംഖ്യം റൊമാൻസുകളിൽനിന്നും ഇതിനെ വ്യത്യസ്​തമാക്കുന്നത്.


പ്രാകൃത വർഗക്കാർ നയിക്കുന്ന ഗോത്രീയജീവിതം എന്ന വിവക്ഷ അർഥമാക്കുന്നത് അതിൽ വ്യക്തികളുടെ അന്തർബോധങ്ങൾക്ക് പ്രാധാന്യമില്ലെന്നാണല്ലോ. അതായത് സമുദായം ഒന്നടങ്കം പഴയ ആചാരങ്ങളുടെ ചിലന്തിവലക്കകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും അതിനുള്ളിൽ വ്യക്തികളും പൗരജനങ്ങളും രൂപപ്പെടാൻ അസാധ്യതയുണ്ടെന്നുമാണ് കണക്കാക്കപ്പെടുന്നത്.

തീർച്ചയായും ആഫ്രിക്കയിലെ ജനങ്ങളുടെ സാമുദായിക ജീവിതത്തിൽ വലിയതോതിലുള്ള അനാചാരങ്ങളും അതനുസരിച്ചുള്ള ഹിംസകളും നിലനിന്നിരുന്നു. നരബലി അതിലൊന്നാണ്. ഒക്കെൻക്വോയുടെയും കുടുംബത്തി​ന്റെയും സംരക്ഷണയിൽ വളർന്ന ഇക്കേമേഫുന എന്ന കുട്ടിയെ ബലി കൊടുക്കുന്ന സന്ദർഭം വായനക്കാരെ ആഴത്തിൽ മുറിപ്പെടുത്തും. ഇരട്ടക്കുട്ടികൾ ജനിക്കുമ്പോൾതന്നെ ഉപേക്ഷിച്ചു കളയുക, സമുദായത്തിനകത്തെ പുറംജാതിക്കാർ എന്നൊരു പ്രത്യേക വിഭാഗത്തി​ന്റെ അവകാശങ്ങൾ വിലക്കുക, ചില സവിശേഷ രോഗങ്ങൾ ബാധിച്ചവരെ കാട്ടിൽ കൊണ്ടു പോയി ഉപേക്ഷിക്കുക, അവർക്ക് ശവസംസ്​കാര ക്രിയകൾ നിഷേധിക്കുക മുതലായ നിരവധി അനാചാരങ്ങളും ഹിംസകളും ഇബോ സമുദായത്തിൽ പ്രബലമായിരുന്നു. മതംമാറ്റം ആശ്വാസമായി കാണാൻ ഒട്ടനവധിപേർക്ക് േപ്രരണയായത് ഇത്തരം അനാചാരങ്ങൾ മൂലമാണ്.

ഇബോ സമുദായത്തിൽ കണക്കുകൾ എഴുതിവെക്കുക മുതലായ ഏർപ്പാടുകൾ കാണാമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നതി​ന്റെ സൂചനകൾ എവിടെയുമില്ല. മൂലാധാരഗ്രന്ഥങ്ങളോ േക്രാഡീകരിക്കപ്പെട്ട ധാർമികസംഹിതകളോ ഇല്ലാത്ത പശ്ചാത്തലത്തിൽ ഈ സമൂഹം എങ്ങനെയാണ് സാംസ്​കാരികവും ധാർമികവുമായ മൂല്യങ്ങളെ ഉൽപാദിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടാവുക?

ആചാരങ്ങൾ, ആഘോഷങ്ങൾ, പുരോഹിതരുടെ വെളിപാടുകൾ, നാട്ടുകാര്യസമിതിയിലെ തീരുമാനങ്ങൾ, മുതിർന്ന വ്യക്തികളുടെ ഉപദേശങ്ങൾ, കുടുംബജീവിതത്തിലും പുറത്തും പുലർത്തുന്ന പെരുമാറ്റമുറകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ സാംസ്​കാരിക ശേഖരത്തെ പറച്ചിലുകളാക്കി മാറ്റിക്കൊണ്ട് തലമുറകളിലൂടെ കൈമാറ്റം നടത്തുകയാണ് ചെയ്തിരിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓർമകളെ പറച്ചിലുകളും സംഭാഷണങ്ങളുമായി മാറ്റിക്കൊണ്ടുള്ള സാംസ്​കാരിക വിനിമയമാണ് നടന്നത്. എഴുത്തറിവുകളും പ്രാമാണിക ഗ്രന്ഥങ്ങളും ഇല്ലാതിരുന്ന മിക്കവാറും എല്ലാ സമുദായങ്ങളും ഇപ്രകാരമാണ് ചരിത്രത്തിൽ അതിജീവിക്കപ്പെട്ടിരുന്നത്.

ഇബോ സമുദായം സംഭാഷണത്തിന് അതീവ പ്രാധാന്യം കൊടുക്കുന്നവരാണ്. വീട്ടിൽ വിരുന്നുകാർ വരുന്നു അല്ലെങ്കിൽ സ്വകാര്യ ചടങ്ങുകളോ പൊതു ആഘോഷങ്ങളോ നടക്കുന്നു. മറ്റുള്ള സമുദായങ്ങളുമായി ചർച്ചകൾ വേണ്ടിവരുന്നു. ഇത്തരം ഘട്ടങ്ങളിലെല്ലാം അതീവ ആലങ്കാരികമായ പറച്ചിലുകൾ ഉണ്ടാകും. ഈ സംഭാഷണങ്ങൾ നടത്തുന്നത് ചൊല്ലുകളും കടങ്കഥകളും അന്യോപദേശങ്ങളും സന്നിവേശിപ്പിച്ച മാന്ത്രികവിദ്യപോലെയാണ്.

ഇപ്രകാരം തലമുറകളായി കൈമാറ്റംചെയ്യപ്പെടുന്ന പറച്ചിലുകളുടെ മുഴുവൻ ശക്തിയും സൗന്ദര്യവും ആവാഹിച്ചിട്ടുള്ള വാങ്മയ ഭൂപടമാണ് ചിനുവ അ​െച്ചബെ ത​ന്റെ നോവലിലൂടെ വിടർത്തി കാണിക്കുന്നത്. ഒരുപക്ഷേ ഇതിലുള്ള ചൊല്ലുകളും കടങ്കഥകളും അന്യോപദേശങ്ങളും സംഭാഷണപരതയുമായിരിക്കും ഈ നോവലിനെ അത്രമാത്രം വശീകരണശക്തിയുള്ളതും ലോകമെമ്പാടുമുള്ള വായനക്കാർക്ക് വിസ്​മയകരമായ അനുഭവമാക്കിയതെന്നും കരുതാം.

രാത്രികൾ; പിതൃ ആധിപത്യം

കുറ്റിക്കാടുകളും ചതുപ്പുകളും നിറഞ്ഞ ഭൂപ്രദേശങ്ങൾ, ഇടവിട്ടുള്ള ഗ്രാമങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾ, വലിയ പട്ടണങ്ങളുടെ അഭാവം, ബന്ധുക്കളെ കാണാനും വിശേഷാവസരങ്ങളിൽ പങ്കെടുക്കാനും ആൾക്കാരുടെ കാൽനടയായിട്ടുള്ള സഞ്ചാരങ്ങൾ. ഇത്തരത്തിലുള്ള പ്രാദേശികതയുടെ ഫലമായി ആഫ്രിക്കയിലെ രാത്രികൾക്ക് ഭയാനകതയും ക്രൗര്യവും കൂടുതലുള്ളതായി ജനങ്ങൾ വിശ്വസിക്കുന്നു.

മിക്കവാറും ഗ്രാമത്തോടു ചേർന്നുള്ള വനപ്രദേശത്ത് ചെകുത്താൻകാട് എന്ന പ്രത്യേക സ്​ഥലമുണ്ടായിരിക്കും. ദുർമരണപ്പെട്ടവരെയും മാരകമായ പകർച്ചവ്യാധി പിടിപെട്ടവരെയും ഉപേക്ഷിച്ചുകളയുന്നത് ചെകുത്താൻകാട്ടിലാണ്. ഈ കാടുകളിൽ പിശാചുക്കൾ വിഹരിക്കുകയാണ​േത്ര.

രാത്രികൾ കടുത്ത രീതിയിൽ ഭയം വിതറുന്നവയാണ്. ചെകുത്താൻകാട്ടിലെ പിശാചുക്കൾ വാതിലുകളിൽ മുട്ടിവിളിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, എല്ലാവരും പരമാവധി ശബ്ദം കുറച്ച് അടക്കിപ്പിടിച്ചാണ് രാത്രിയിൽ സംസാരിക്കുക. വർത്തമാനത്തിനിടയിൽ എന്തെങ്കിലും തരത്തിലുള്ള പരാമർശമുണ്ടായാൽ അതൊരു ക്ഷണമാണെന്നു കരുതി പിശാച് കയറിവന്നാലോ. രാത്രികളിൽ ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും പേരു പറയുന്നതിലും വളരെ സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണമായി പാമ്പ് എന്ന് പറഞ്ഞാൽ അതുകേട്ട് പാമ്പ് കയറിവന്നേക്കാം. അതിനാൽ ചരട് എന്നേ പറയാറുള്ളൂ. രാത്രിയുടെ ഭയാനകതയിൽ ഇത്തരത്തിലുള്ള ശ്രദ്ധതിരിക്കൽ തന്ത്രങ്ങളാണ് ഗ്രാമവാസികൾ നടത്താറുള്ളത്.

ബൈബിളിലെ പഴയ നിയമത്തിലും മറ്റും ദൈവത്തി​ന്റെ ശാപം മനുഷ്യരുടെ മേൽ പതിക്കുന്ന മഹാവിപത്തായിട്ടാണ് വെട്ടുകിളികൾ വരുന്നതിനെ വർണിച്ചിട്ടുള്ളത്. എന്നാൽ, ആഫ്രിക്കയിലെ ജനങ്ങൾ വെട്ടുകിളികൾ വരുന്നതിനെ ഭാഗ്യമായിട്ടാണ് കാണുന്നത്. ലക്ഷക്കണക്കിന് വെട്ടുകിളികൾ പകൽസമയത്ത് പറന്നുപോകുമ്പോൾ അവ തങ്ങളുടെ ഗ്രാമങ്ങളിൽ ചേക്കേറാനായി ഗ്രാമവാസികൾ പ്രാർഥനകൾ നടത്തും. കാരണം, പറന്നിറങ്ങുന്ന വെട്ടുകിളികളെ തൂത്തുവാരിയെടുത്ത് ഉണക്കി സൂക്ഷിച്ച് പനയെണ്ണയും കൂട്ടിച്ചേർത്ത് കഴിക്കുന്ന വിശേഷപ്പെട്ട ഭക്ഷണമാണ് അവർക്കത്.

ആഫ്രിക്കയിലെ ജനങ്ങൾ ഏറ്റവുമധികം പഴിക്കപ്പെടുന്നത് അവിടെ നിലനിൽക്കുന്ന പിതൃ ആധിപത്യവ്യവസ്​ഥയുടെ പേരിലാണ്. കൊളോണിയൽ അധിനിവേശത്തി​ന്റെ രക്ഷകദൗത്യത്തെപ്പറ്റിയുള്ള അവകാശവാദങ്ങളിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ‘കാടന്മാരുടെ’ മർദകവാഴ്ചയിൽനിന്നും അവിടത്തെ സ്​ത്രീകളെ തങ്ങൾ വിമോചിപ്പിക്കുകയാണെന്നത്. ഗോത്രമുഖ്യന്മാർ സ്വസമുദായത്തിലെ സ്​ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയാണെന്നും, അവരെ എല്ലാത്തരത്തിലുമുള്ള ശാരീരികപീഡനങ്ങൾക്ക് വിധേയമാക്കുകയുമാണെന്ന തരത്തിലുള്ള വിവരണം ഇപ്പോഴും ജനപ്രിയ സാഹിത്യത്തിലും ഹോളിവുഡ് സിനിമകളിലും സുലഭമാണ്.

ഇബോ സമുദായമടക്കമുള്ള ആഫ്രിക്കയിലെ വിവിധ വിഭാഗം ജനങ്ങളിൽ എവിടെയുമുള്ളതുപോലെ ശക്തമായ പിതൃ ആധിപത്യവ്യവസ്​ഥയാണ് നിലനിന്നിരുന്നത്. എന്നാൽ, യൂറോപ്യന്മാർ അധിക്ഷേപിക്കുന്നതരത്തിൽ ചരിത്രം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നികൃഷ്​ടമായ പുരുഷാധിപത്യ വ്യവസ്​ഥയാണോ ഇവിടെയുള്ളതെന്ന മറുചോദ്യവും ഉന്നയിക്കേണ്ടതുണ്ട്.

ഇന്ത്യപോലുള്ള നാടുകളിലെ ഉപരിജാതിക്കാർക്കിടയിൽ ഭർത്താവ് മരിച്ചാൽ ഭാര്യ സതി അനുഷ്ഠിക്കണമായിരുന്നു. അതേപോലെ സ്​ത്രീകൾക്ക് വിവാഹമോചനവും പുനർവിവാഹവും അതീവ ബുദ്ധിമുട്ടുള്ളതായിരുന്നു. പാശ്ചാത്യ നാടുകളിലും ഇരുപതാം നൂറ്റാണ്ടി​ന്റെ തുടക്കം വരെ സ്​ത്രീകൾക്ക് കഠിനമായ സദാചാരവിലക്കുകളും പൊതുരംഗത്തുവരാൻ നിയന്ത്രണവുമുണ്ടായിരുന്നു. അതിനുമുമ്പുള്ള കാലത്ത് ആയിരക്കണക്കിന് സ്ത്രീകളെ ‘പിശാച് വേട്ടക്ക്’ വിധേയമാക്കി കൊന്നുകളഞ്ഞ ചരിത്രവും പാശ്ചാത്യ സമൂഹങ്ങൾക്കുണ്ട്. ഇത്തരം അവസ്​ഥകൾ വെച്ചുനോക്കുമ്പോൾ ലോകചരിത്രം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്രൂരമായ പുരുഷാധിപത്യമാണ് ആഫ്രിക്കയിലേതെന്ന പാശ്ചാത്യ പുരോഗമനവാദികളുടെ പ്രചാരണം അതിഭാവുകത്വം നിറഞ്ഞതാണെന്ന് വിചാരിക്കാവുന്നതാണ്.


ഇബോ സമുദായത്തിൽ ബഹുഭാര്യത്വമാണ് നിലനിന്നിരുന്നത്. ഒക്കെൻക്വോക്ക് മൂന്ന് ഭാര്യമാരാണുള്ളത്. മൂന്നുപേർക്കും താമസിക്കാൻ ഒബിയെന്നു വിളിക്കുന്ന വേറെവേറെ വീടുകൾ നിർമിച്ചിരുന്നു. മൂപ്പുമുറ പ്രകാരം ഭാര്യമാർ തയാറാക്കുന്ന ഭക്ഷണമാണ് അദ്ദേഹം കഴിച്ചിരുന്നത്. കുട്ടികൾ ഏറിയ സമയവും അമ്മമാരുടെ ഒപ്പമാണ് കഴിയുക. ഇടക്കിടക്ക് പിതാവുമായി സംസാരിക്കാൻ അവർ വരും. എല്ലാവരും ഒരുമിച്ചാണ് കൃഷിപ്പണിയിലും ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുക. ഒന്നാമത്തെ ഭാര്യക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

വിവാഹങ്ങൾ നടക്കുന്നത് വധുവിന് പണം നൽകിയാണ്. ഇതേസമയം, വിവാഹമോചനവും പുനർവിവാഹവും വളരെ ലളിതമായി നടക്കുന്ന കാര്യമാണ്. സ്​ത്രീകളുടെ മേൽ മാത്രമായി സദാചാരവിലക്കുകളുടെ ഭാരം അടിച്ചേൽപിക്കുന്ന സമ്പ്രദായവും ഇല്ലായിരുന്നു.

ഗ്രാമത്തിലെ ഭരണകാര്യ സമിതികളിൽ ആണുങ്ങൾ മാത്രമാണുള്ളതെങ്കിലും സമുദായത്തിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പുരോഹിതർ, മന്ത്രവാദികൾ മുതലായ പദവികൾ നേടുന്നതിലും കച്ചവടം ചെയ്യുന്നതിലും സ്​ത്രീകൾക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. സ്​ത്രീകളുടെ പൂർണമായ മേൽനോട്ടത്തിൽ മാത്രം നടത്തുന്ന ചില ആഘോഷ പരിപാടികളും നിലനിന്നിരുന്നു. എല്ലാ ചടങ്ങുകളിലെയും വിഭവമാണ് മദ്യം. മൂപ്പുമുറ അനുസരിച്ച് സ്​ത്രീകളും മദ്യം കഴിക്കും.

ഇതേസമയം, ഇബോ സമുദായത്തിലെ പുരുഷാധിപത്യ സമ്പ്രദായത്തെ ഒട്ടും ലഘൂകരിക്കാതെയാണ് ചിനുവ അ​െച്ചബെ ചിത്രീകരിച്ചിട്ടുള്ളത്. ഒക്കെൻക്വോ ഭാര്യമാരെ തല്ലുന്നതും സ്​ത്രീകളെ വിലകുറച്ച് കാണുന്ന അയാളുടെ പ്രത്യേക മനോഘടനയും ശക്തമായിതന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒക്കെൻക്വോയുടെ രണ്ടാമത്തെ ഭാര്യയായ ഇക്വേഫിയും മകളായ എസിൾമയും മറ്റു സ്​ത്രീകളും കുട്ടികളും വെറും മിണ്ടാപ്രാണികളോ ആണുങ്ങളുടെ ചവിട്ടടിയിൽ കിടക്കുന്നവരോ മാത്രമല്ല. ഇവരുടെ വ്യക്തിത്വത്തെ തെളിമയോടെ ആവിഷ്‍കരിക്കുന്നതിനൊപ്പം നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരുടെ മനസ്സിൽ ദീർഘകാലം തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളും ഇവർതന്നെയായിരിക്കും.

ചുരുക്കിപ്പറഞ്ഞാൽ, ചരിത്രത്തിൽനിന്നും തുടച്ചുനീക്കേണ്ട ഇരുട്ടോ കാടത്തമോ അല്ല മറിച്ച്, മറ്റൊരു നാഗരികതതന്നെയാണ് ആഫ്രിക്കയിലെ ജനജീവിതമെന്നു ഓർമപ്പെടുത്തുകയാണ് ചിനുവ അ​െച്ചബെയുടെ ‘എല്ലാം തകർന്നു വീഴുന്നു’ എന്ന നോവൽ.

(അവസാനിച്ചു)

സൂചനകൾ

1. Things Fall Apart (Novel) – Chinua Achebe (Penguin - 2001)

2. Writing and Race : Edited by Tim Youngs – (Longman – 1997)

3. Joseph Conrad’s Heart of Darkness: Edited and with an Indroduction by Harold Bloom. (Via Books Private Limited - 2007)

Tags:    
News Summary - chinua achebe Things Fall Apart reading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.