കായൽ സമ്മേളനത്തിന്‍റെ ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചം വീശുന്ന രേഖകൾ

കോഴിക്കോട്: രാജാക്കന്മാരുടെ വംശാവലി രേഖപ്പെടുത്തുന്നതും കൊട്ടാര മാഹാത്മ്യം അവതരിപ്പിക്കുന്നതായിരുന്നു പഴയകാലത്തെ കേരളചരിത്രം. പിന്നീട് അധീശത്വം പുലർത്തുന്ന ജാതികളുടെ മാഹാത്മ്യം രേഖപ്പെടുത്തലുകളായി. അക്കാദമിക് രംഗത്ത് കടന്നുവരുടെ വീക്ഷണത്തിലും അത് ആന്തരികമായി സ്വാധീനം ചെലുത്തി. കേരളത്തിൽ ചരിത്രാന്വേഷണം നമ്പൂതിരി - നായർ ചരിത്ര സംവാദമായി വളർന്നിരുന്നു.

ഇതിൽനിന്ന് വേറിട്ടാണ് കേരളത്തിന്റെ നവോഥാന ചരിത്രം രൂപപ്പെട്ടത്. എന്നാൽ അതിലും പിന്നാക്കവിഭാഗങ്ങളുടെ ജീവിതം അടയാളപ്പെടുത്തിയപ്പോഴും, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തെ രേഖപ്പെടുത്താൻ ചരിത്രകാരന്മാർ തയാറായില്ല. പാർശ്വവൽകൃത ജനതയില്ലാത്ത നവോഥാന ചരിത്രമാണ് നമ്മൾ വായിച്ചിരുന്നത്.

സാമൂഹിക രാഷ്ട്രീയ രംഗത്തെ ഉയർന്നുവന്ന സവർണ നേതാക്കളും ജന്മി കുടുംബങ്ങളിൽ നിന്ന് അക്കാദമിക് രംഗത്തേക്ക് വന്ന ചരിത്രഗവേഷകരുമൊക്കെ കീഴാളന്റെ ചരിത്രത്തെ തിരസ്കരിച്ചു. അത് വീണ്ടെടുക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത് ചെന്താരശ്ശേരി, എൻ.കെ. ജോസ് തുടങ്ങിയ ദലിത് ചരിത്രകാരന്മാരാണ്. അവരുടെ അന്വേഷണങ്ങൾ തുടങ്ങുമ്പോൾ രേഖയില്ലാത്ത കാലത്തെ അടയാളപ്പെടുത്തേണ്ടത് വലിയൊരു വെല്ലുവിളിയായി.


അയ്യൻകാളി അടക്കമുള്ള ദലിത് പ്രസ്ഥാനങ്ങളുടെ നേതാക്കൾ നടത്തിയ സമരങ്ങൾ പോലും ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയി. പതിറ്റാണ്ടുകൾക്ക് ശേഷം സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് പലരും അത് രേഖപ്പെടുത്താൻ തുടങ്ങി. എസ്.എൻ.ഡി.പിയുടെ ചരിത്രം മിതവാദി കൃഷ്ണനും വിവേകോദയും രേഖപ്പെടുത്തി. എസ്.എൻ.ഡി.പി രൂപം കൊണ്ട് ഒരു പതിറ്റാണ്ടാകുമ്പോഴാണ് കൊച്ചിൻ പുലിയ മഹാസഭ രൂപം കൊണ്ടത്. സഭയുടെ ആദ്യ സമ്മേളനം കായലിൽ വള്ളം കെട്ടിയാണ് നടന്നത്.

സമ്മേളനം എന്ന് എവിടെ വെച്ച് നടന്നു എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നത്. ആ ചോദ്യത്തിന് ഉത്തരം തേടിയ ചെറായി രാമദാസിന് മുന്നിൽ തെളിഞ്ഞത് കായൽ സമ്മേളനത്തെക്കുറിച്ച് നിരവധി പുരാരേഖകളാണ്. അങ്ങനെ 'കായൽ സമ്മേളനം രേഖകളിലൂടെ' എന്ന ഗ്രന്ഥം കീഴാള അടയാളപ്പെടുത്തലുകളുടെ സമാഹരമായി. ചരിത്ര ഗവേഷകർക്ക് ഇതൊരു വിലപ്പെട്ട ഗ്രന്ഥമാണ്.

സാധാരണക്കാർക്ക് ചരിത്രരേഖകൾ നേരിട്ട് വായിക്കാൻ കഴിയുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. 1914 ൽ എറണാകുളം പട്ടണത്തിലെ നിരത്തിലൂടെ നടക്കാൻ അധികാരമില്ലാതിരുന്ന ജനതയുടെ ചരിത്രമാണ് ചെറായി അവതരിപ്പിക്കുന്നത്. രേഖാപരമായ സത്യസന്ധതയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.

1949ൽ പുറത്തുവന്ന ടി.കെ കൃഷ്ണ മേനോന്റെ ആത്മകഥയിൽനിന്നാണ് ചെറായിയുടെ ചരിത്ര സഞ്ചാരം തുടരുന്നത്. ആ പുസ്തകത്തിലാണ് കായൽ സമ്മേളനത്തിന്റെ ആദ്യ പരാമർശം കണ്ടെത്തിയത്. കൊച്ചിയിലെ ഇന്നത്തെ ഫൈനാൻസ് ഹാളിന് പിന്നുള്ള കുമാരാലയം വീട്ടിലാണ് അദ്ദേഹം താമസിച്ചത്. 1913 ഏപ്രിൽ 21ലെ ഡയറിയിൽ വീടിന്റെ മുൻ വശത്തുള്ള നിരത്ത് ഭൂമിയിൽ (കായലിനോട് ചേർന്ന്) 100ഓളം പുലയർ വള്ളങ്ങളിൽ വന്നിറിങ്ങി എന്ന പരാമർശത്തിൽനിന്നാണ് ചെറായി ചരിത്രം തേടുന്നത്. ആത്മകഥയിലെ പരാമർശം ചരിത്രാന്വേഷണത്തിലെ വഴിത്തിരവായി.

കൊച്ചിയിലെ പൊതുവഴിയിൽ കാണാൻ കഴിയാത്ത നികൃഷ്ട ജീവികൾക്ക് തുല്യരായ പുലയരിൽ പലർക്കും സംഘടന വേണമെന്ന് തോന്നിത്തുടങ്ങിയിരുന്നു. കായലിൽ ഒത്തുചേരാൻ അവർ തീരുമാനിച്ചിരിക്കാം. പൂലയർക്ക് നഗരത്തിൽ ഒത്തുകൂടാൻ മറ്റൊരിടം ഇല്ലാത്ത കാലം. വഞ്ചി ഉപയോഗിച്ച് ജീവിതം നയിക്കുന്ന പുലയർ കായൽ പരപ്പ് തന്നെ തെരഞ്ഞെടുത്തു. കായലിൽ എവിടെയാണ് സമ്മേളനം നടന്നതെന്ന് പറായനാവില്ല. വെണ്ടുരുത്തിയെന്ന് ടി.കെ.സിയും ഹുസൂർ ജെട്ടി മുതൽ ബർമ കമ്പനി വരെയുള്ള ഭാഗത്താണെന്ന് പി.സി കൊച്ചു കൃഷ്ണനും അഭിപ്രായപ്പെട്ടു. ഇന്ന സ്ഥത്തലത്താണ് സമ്മേളനം നടന്നതെന്ന് പറയാൻ കഴിയില്ലെന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തൽ.

കായൽ സമ്മേളനകാലത്തെ തിരിച്ചറിയാൻ ഉതകുന്ന 232 പത്രവാർത്തകളാണ് ചെറായി രാമദാസ് കണ്ടെത്തിയത്. 105 പുരാരേഖകളും ഒമ്പത് പുസ്തക ഭാഗങ്ങളും ഒരു സുവനീറും കണ്ടെത്താൻ അദ്ദേഹത്തിന്റെ അന്വേഷണത്തിന് കഴിഞ്ഞു. നിയരെതാട്ട് ക്രിസ്തായനിക്ക് പൊതിരെ തല്ല്, അടിമകൾ മുൻ ദിവാസനുള്ള പണയവസ്തുക്കൾ, ബ്രഹ്മണ നീതിക്ക് മേൽ ബ്രിട്ടീഷ് നിയമം എന്നിങ്ങനെ വിവിധ തലക്കെട്ടുകളിൽ ചരിത്രരേഖകളാൽ സമ്പന്നമാണ് പുസ്തകം.

Tags:    
News Summary - Documents that shed light on the dark side of the Kayal Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.