ജീവിതത്തിലേക്കുള്ള ക്ഷണക്കത്തുകൾ

എഴുത്തുകാരുടെ അനുഭവങ്ങൾപെറ്റ പൈതങ്ങളാണ് കഥകളെന്നു പറഞ്ഞാൽ തെറ്റില്ല. ബാല്യത്തിലെ, കൗമാരത്തിലെ, യൗവനാരംഭത്തിലെ ഒക്കെ കയ്പും മധുരവും കലർന്ന ഓർമകൾ ഒരു കഥാകൃത്തിന് അമൂല്യ നിക്ഷേപങ്ങളാണ്. അനുഭവങ്ങളെ സർഗാത്മകമായി സംസ്കരിച്ച് വിവിധ സാഹിത്യ രൂപങ്ങളുടെ വേഷത്തിൽ അരങ്ങിലെത്തിക്കുന്നതിനുപകരം ആത്മാനുഭവങ്ങൾ, പിറന്നപടി, ഒരു എഴുത്തുകാരൻ സ്വയം വേണ്ടത്ര വെളിപ്പെടുകയും വിളിപ്പെടുകയും ചെയ്യുംമുമ്പേ തുറന്നുപറയാൻ തുനിയുന്നത്, തികഞ്ഞ സാഹസികതയാണോ, മുതിർന്ന താൻപോരിമയാണോ എന്ന് തീർച്ചപ്പെടുത്തേണ്ടത് കാലമാണ്. ഏതായാലും കളി തുടങ്ങുമ്പോൾ തന്നെ കൈയിലുള്ള കാർഡുകൾ മുഴുവൻ മലർത്തിക്കാട്ടുന്നത് ഒരു കൈവിട്ട കളിയാണ്. അത്തരം ഒരു കൈവിട്ട കളിക്ക്, തന്റെ കഥാകഥന കലാജീവിതത്തിന്റെ പ്രഥമ ഘട്ടത്തിൽ തന്നെ 'പത്മനാഭം' എന്ന ഈ ആത്മകഥാഖ്യാനത്തിലൂടെ പ്രദീപ് പേരശ്ശനൂർ മുന്നോട്ടുവന്നിരിക്കുന്നു. സർഗയൗവനം എപ്പോഴും ഒഴിഞ്ഞുമാറിപ്പോകുന്ന വഴിയിലൂടെ സഞ്ചരിക്കാൻ അയാൾ ധൈര്യം കാട്ടിയിരിക്കുന്നു.

വൈയക്തികവും സാമൂഹികവുമായ പുരോഗതിയുടെ ഇന്ധനം, അംഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹമാണെന്ന ഒരു മതമുണ്ട്. നാട്ടിൽ ആരും അംഗീകരിക്കാത്തവർക്കുപോലും വീട്ടിൽ പരിഗണനയുണ്ടാകും. എന്നാൽ, പ്രദീപിന് വീട്ടിൽപോലും അംഗീകാരം ലഭിക്കാത്ത, നിരന്തരം അപഹസിതവും അപമാനിതവുമായ ബാല്യമാണ് ഉണ്ടായിരുന്നത്. കൺവെട്ടത്ത് കണ്ടാൽതന്നെ അച്ഛൻ പഴിയും തെറിയും പറയാൻ തുടങ്ങും. നന്നാവില്ലെന്നും ഗുണം പിടിക്കില്ലെന്നും ശപിക്കും. അച്ഛന്റെ ഈ ശകാരങ്ങൾ കേട്ടാൽ, നിസ്സഹായത കൊണ്ടാകാം, അമ്മയും മൗനം ഭജിക്കുകയാണ് പതിവ്. മുതിർന്നപ്പോൾ, അച്ഛന്റെ അതിക്രമങ്ങളിൽനിന്ന് അമ്മയെ രക്ഷിക്കാനുള്ള ചുമതല പ്രദീപ് സ്വയം ഏറ്റെടുക്കുന്നുണ്ട്. അതോടെ, അച്ഛന് തന്നോടുള്ള വെറുപ്പും വിരോധവും ഇരട്ടിക്കുകയും ചെയ്തു. നിസ്സഹായവും ഏകാന്തവുമായ ബാല്യകൗമാരങ്ങളാണ് പ്രദീപ് പേരശ്ശനൂർ എന്ന എഴുത്തുകാരനെ സൃഷ്ടിച്ചത്.

മതിയായ പഠിപ്പോ പഠിപ്പിനൊത്ത തൊഴിലോ ലഭിക്കാതെ വന്നപ്പോൾ തന്നെ വെറുക്കുന്ന അച്ഛന്റെ കൈയാളായി വാർപ്പുപണിക്ക് പോകാൻ തുടങ്ങിയത് ജീവിതത്തിൽ സുപ്രധാനമായ ചില ഗതിമാറ്റങ്ങൾക്ക് ഇടവരുത്തി. 'എന്തൊക്കെ സഹിക്കേണ്ടിവന്നാലും ഈ പണി പഠിച്ചെടുക്കു'മെന്നും, അങ്ങനെ 'അച്ഛനോളംപോന്ന ഒരു പണിക്കാരനായി' തീരുമെന്നും സ്വയം ഉറപ്പിക്കുന്നു. അച്ഛൻ വയ്യെന്നു പറഞ്ഞ് ഒഴിവാക്കിയ ജോലികൾ, 'ഉയരം കയറി സാഹസികമായി ചെയ്യുന്ന ജോലി'കൾ, മകൻ ഏറ്റെടുത്ത് വിജയിപ്പിക്കാൻ തുടങ്ങി. മകന്റെ ഈ ഉയർച്ചക്ക് സമാന്തരമായി അച്ഛന്റെ തകർച്ചയും സംഭവിച്ചുകൊണ്ടിരുന്നു. പണിസ്ഥലത്തുവെച്ച് അപകടം പറ്റിയ അയാൾക്ക് നിത്യവും മകനെ ആശ്രയിച്ചു കഴിയേണ്ടിവന്നു. ഒടുവിലയാൾ ആത്മനിന്ദയിൽ നീറുന്ന ജീവിതത്തിന് സ്വയം അറുതിവരുത്തുന്നു. അച്ഛൻ ഇങ്ങനെ അപ്രതീക്ഷിതമായി ആത്മജീവിതം മുടിച്ച് കടന്നുപോയപ്പോഴാണ് തന്റെ ഉള്ളിൽ താനറിയാതെ കുടിപാർക്കുന്ന പിതൃഹന്താവിനെ പ്രദീപ് കണ്ടുമുട്ടുന്നത്. 'അച്ഛനോടുള്ള സമീപനത്തിൽ എന്റെ ഭാഗത്ത് തെറ്റുപറ്റി' എന്ന ഏറ്റുപറച്ചിലിൽ ഈ തിരിച്ചറിവിന്റെ വേദന വിങ്ങുന്നുണ്ട്.

അച്ഛൻ അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞപ്പോൾ ജീവിതത്തിന് ലക്ഷ്യവും അർഥവും നഷ്ടപ്പെട്ട പ്രതീതിയാണ് പ്രദീപിനുണ്ടായത്. ആയകാലത്ത് അച്ഛൻ തനിക്ക് തരാതെപോയ സ്നേഹവും പരിഗണനയും, ആവോളം തിരിച്ചുനൽകി പകരം വീട്ടാനുള്ള പദ്ധതിയാണ് പൊളിഞ്ഞുപോയത്. പണിക്കാർ വരാത്തതുകൊണ്ട് വീണുകിട്ടിയ ഒരൊഴിവുദിവസം പട്ടണത്തിൽ ഉഴന്നുനടക്കുന്നതിനിടയിൽ മഴ പെയ്തപ്പോൾ അരികിലുള്ള ഒരു കടയിലേക്ക് കയറിനിൽക്കേണ്ടിവന്നു. അത് 'ലൈറ്റ്നിങ്' എന്ന പേരുള്ള ഒരു ബുക്ക്സ്റ്റാളായിരുന്നു. പുസ്തകങ്ങൾ അവയുടെ വായനക്കാരെ കാത്ത്, അവരുടെ പ്രണയസ്പർശം കൊതിച്ച് ചില്ലലമാരകളിൽ തിക്കിത്തിരക്കുന്നു! കൂട്ടില്ലാത്ത തനിക്ക് ഈ പുസ്തകങ്ങൾ കൂട്ടുകാരാവുമോ? കൂരിരുട്ടിൽ ഒരിടിമിന്നൽ! വരണ്ട മനസ്സിൽ മഴപ്പെയ്ത്ത്! ആ പുസ്തകക്കൂട്ടത്തിൽനിന്ന് എന്തുകൊണ്ടോ ടി. പത്മനാഭന്റെ 'കാലവർഷം' എന്ന കഥാസമാഹാരമാണ് പ്രദീപ് 'സെലക്ട്' ചെയ്തത്്. പത്മനാഭൻ എന്ന എഴുത്തുകാരനെപ്പറ്റി അതിനുമുമ്പ് അയാൾ കേട്ടിട്ടുപോലുമില്ല. 'കാലവർഷ'ത്തിലെ എല്ലാ കഥകളും, അപൂർവമായ അനുഭൂതിയാണ് സമ്മാനിച്ചത്. തനിക്ക് മോക്ഷം തന്നത് ആ പുസ്തകമാണെന്ന് പ്രദീപ് എഴുതുന്നുണ്ട്. അതിലെ 'ശവദാഹം' എന്ന കഥ തന്റെതന്നെ കഥയായി പ്രദീപിന് അനുഭവപ്പെടുന്നു. മറ്റാരും അറിയാതെ താൻ കൊണ്ടുനടക്കുന്ന ഉള്ളുരുക്കത്തിന് ഉപശാന്തി ഏകാനുള്ള ഔഷധവീര്യമാണ് പത്മനാഭന്റെ ആ കഥ പകർന്നേകിയതെന്ന് പ്രദീപ് ഓർക്കുന്നു.

പരകഥകളെന്ന വ്യാജേന ഏതെഴുത്തുകാരനും എഴുതുന്നത് ആത്മകഥകളാണ്. എന്നാൽ, അത് സ്വന്തം കഥയായി വായനക്കാരന് അനുഭവപ്പെടുന്നിടത്ത് കഥക്ക് ചിറകുമുളക്കുകയും അതൊരു കലാസൃഷ്ടിയായിത്തീരുകയും ചെയ്യുന്നു. മാക്സിം ഗോർക്കിയുടെ 'അമ്മ' വായിച്ചപ്പോൾ അതിലെ നായകനായ 'പാവെലു'മായി പ്രദീപിന് നിഷ്പ്രയാസം ഐക്യപ്പെടാനാവുന്നുണ്ട്. പാവെലിന്റെ പിതാവും തന്റെ അച്ഛനെപ്പോലെയായിരുന്നു. തുച്ഛമായ കൂലിക്ക് കഠിനാധ്വാനം ചെയ്തുവന്ന അയാളുടെ ഉള്ളിലെ അമർഷവും കലാപവാസനയുമാണ്, അമിത മദ്യസേവയിലൂടെ അയാൾ ഒഴുക്കിക്കളഞ്ഞിരുന്നതെന്ന്, ഒരു കമ്യൂണിസ്റ്റായിത്തീർന്ന പാവെൽ തിരിച്ചറിയുന്നുണ്ട്. കഥയിലെ ഈ സന്ദർഭം തന്റെ അച്ഛനെയും പുതുവെളിച്ചത്തിൽ നോക്കിക്കാണാൻ പ്രദീപിന് േപ്രരകമാവുന്നുണ്ട്. പ്രദീപിന്റെ ജീവിതം വിടർത്തിയത് വായനയാണെങ്കിൽ അതിനെ വാസനിപ്പിച്ചത് എഴുത്തായിരുന്നു.

പരഹനനത്തിനും ആത്മഹനനത്തിനുമുള്ള, പ്രത്യക്ഷമോ പരോക്ഷമോ ആയ വാസനകൾ–'സാഡിസ'വും 'മസോക്കിസ'വും–പരസ്പരം കെട്ടുപിണഞ്ഞാണ് മനുഷ്യചേതനയിൽ കുടിപാർക്കുന്നത്. പ്രദീപിന്റെ അച്ഛൻ ആത്മഹത്യ ചെയ്യുന്നു. ഈ ആത്മകഥാകാരൻതന്നെ സ്വന്തം ജീവിതം സ്വയം ഒടുക്കിക്കളയാൻ പലവട്ടം വിചാരിച്ചുപോകുന്നുണ്ട്. 'എം.ജി.ആർ' എന്ന വിളിപ്പേരുള്ള തമിഴനായ നിർമാണത്തൊഴിലാളി മരണത്തിന്റെ മഹാഗുഹയിലേക്ക് തന്നെത്തന്നെ വലിച്ചെറിയുന്ന ഒരു ഉപകഥ ഈ പുസ്തകത്തിലുണ്ട്. ഈ പുസ്തകം മരണത്തിന്റെ കക്ഷിയിൽ ചേർന്നവരോട് തിരിച്ചുവരാൻ ജീവിതത്തിന്റെ പക്ഷത്തുനിന്നുള്ള സ്നേഹഭരിതമായ ഒരു ക്ഷണക്കത്താണ്. താൻ സ്വയം ഗുരുവായി വരിച്ച ടി. പത്മനാഭന്റെ കഥകളിൽ മാധുര്യം മാത്രമല്ല ഔഷധവീര്യവുമുണ്ടെന്ന് പ്രദീപ് സാക്ഷ്യപ്പെടുത്തുന്നു. എങ്കിൽ ഈ പുസ്തകമെഴുതുമ്പോൾ ഗുരു, സംപ്രീതനായി ശിഷ്യനെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വായനയെ രസമയമാക്കുന്ന മാധുര്യത്തിനപ്പുറം, ജീവിതത്തെ അരോഗമാക്കുന്ന ഔഷധഗുണം കൂടി പ്രദീപിന്റെ ഈ സംരചനയിൽ സമന്വയിക്കുന്നുണ്ട്. 

Tags:    
News Summary - Invitations to life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT