ന​ജീ​ബ ബു​ഗാ​ന്ധി റി​യാ​ദ് പു​സ്ത​കോ​ത്സ​വ​ത്തി​ലെ തു​നീ​ഷ്യ​യു​ടെ സ്റ്റാ​ളി​ൽ

പു​സ്ത​ക​മേ​ള​യി​ൽ താ​ര​മാ​യി ന​ജീ​ബ ബു​ഗാ​ന്ധി

റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിൽ താരമായത് നജീബ ബുഗാന്ധിയാണ്. തുനീഷ്യൻ എഴുത്തുകാരി. ഈ വർഷത്തെ പുസ്തകമേളയുടെ അതിഥി രാജ്യം തുനീഷ്യയായിരുന്നു. തുനീഷ്യയുടെ സ്റ്റാളുകൾ സന്ദർശിച്ച ഏതൊരാൾക്കും മറക്കാൻ കഴിയാത്തതായിരുന്നു നജീബയുടെ ഇടപെടൽ. കൂടാതെ സ്റ്റാളിൽ പ്രദർശനത്തിന് വെച്ചിരുന്നതിൽ 90 ശതമാനവും നജീബയുടെ പുസ്തകങ്ങളായിരുന്നു.

സന്ദർശിക്കുന്ന ഓരോ വായനക്കാരനോടും തന്റെ രാജ്യത്തെ കുറിച്ചും വായനയുടെ ഇടങ്ങളെക്കുറിച്ചും ഇവർ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. അറബ് രാജ്യക്കാരായ നിരവധി കുടുംബങ്ങൾ ഇവരെ കാണാനും പുസ്‌തകങ്ങൾ സ്വന്തമാക്കാനും വിശേഷങ്ങൾ അറിയാനും തിരക്കുകൂട്ടിയിരുന്നു. അത്രമേൽ പ്രിയപ്പെട്ടതായി മാറുകയായിരുന്നു മേള നഗരിയിലെത്തിയ വായനാപ്രിയർക്കെല്ലാം നജീബ.

പ്രൈമറി സ്കൂൾ അധ്യാപികയായ നജീബ ബുഗാന്ധി തുനീഷ്യൻ എഴുത്തുകാരുടെ യൂനിയൻ അംഗവും മനുബയിലെ റൈറ്റേഴ്‌സ് ലവേഴ്സ് അസോസിയേഷൻ അംഗവുമാണ്. ആഫ്രിക്കൻ വിമൻസ് യൂനിയൻ അംഗമായ അവർ മെഡിറ്ററേനിയൻ സാംസ്‌കാരിക പൈതൃക സംരക്ഷണ സംഘടനയുടെ അധ്യക്ഷയുമാണ്. 'നിങ്ങളെ ഞാൻ ഒരു സ്വപ്നത്തിൽ തൃപ്തിപ്പെടുത്തും', 'നിശ്ശബ്ദതയുടെ നടുവിൽ ഒരു സംസാരം' എന്നീ കഥാസമാഹാരങ്ങളും അൻപതിലധികം ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താൻ ഒരു ബാലസാഹിത്യകാരിയാണെന്നു വിളിച്ചറിയിക്കും വിധം കുട്ടിത്തം തുളുമ്പുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് നജീബ എന്ന് അവരെ കാണുന്നമാത്രയിൽതന്നെ മനസ്സിലാവും.ആഫ്രിക്കൻ വൻകരയുടെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ചെറിയൊരു അറബ് രാജ്യമായ തുനീഷ്യയിലെ ഒന്നേകാൽ കോടിയിലേറെ വരുന്ന ജനസംഖ്യയെ പ്രതിനിധാനം ചെയ്ത് ഏകയായാണ് റിയാദ് രാജ്യാന്തര പുസ്തകമേളയിൽ അവർ എത്തിയത്.

മറ്റ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീകൾക്ക് വളരെ ഉയർന്ന പരിഗണന നൽകുന്ന രാജ്യമാണ് തുനീഷ്യയെന്ന് ഏക പ്രതിനിധിയായി ഒരു വനിത എഴുത്തുകാരിയെ അയച്ചപ്പോൾതന്നെ മനസ്സിലായി. അവരുമായി റിയാദ് പുസ്തകമേളക്കിടെ നടത്തിയ അഭിമുഖമാണ് ചുവടെ.

പുസ്തകോത്സവം സാംസ്‌കാരിക രംഗത്ത് എന്ത് സംഭാവനയാണ് നൽകുന്നത്?

പുസ്തകോത്സവം വലിയ ഒരു അവസരമായാണ് ഞാൻ കാണുന്നത്. ലോകസാഹിത്യത്തിന്റെ ചലനങ്ങളറിയാനും രാജ്യങ്ങൾ തമ്മിൽ സാംസ്‌കാരിക കൊടുക്കൽവാങ്ങലുകൾ നടത്താനും ഇത് വളരെ ഉപകരിക്കും. പ്രത്യേകിച്ചും ഞങ്ങൾ അറബ് രാജ്യങ്ങളാണെങ്കിലും ഞങ്ങളുടെ സംസ്കാരവും ജീവിതരീതിയും സാഹിത്യശൈലികളുമൊക്കെ വ്യത്യസ്തമായിരിക്കെ, അതൊക്കെ അടുത്തറിയാനും പരസ്പരം താരതമ്യം ചെയ്യാനും പുതിയ പുസ്തകശൈലിയും പ്രസിദ്ധീകരണ സൗകര്യങ്ങളും മനസ്സിലാക്കാനും ഒരു ആഗോള സാഹിത്യ കൂട്ടായ്മ നിലനിർത്തിപ്പോരാനും ഇത്തരം മേളകൾ വലിയ തോതിൽ ഉപകരിക്കും.

അവസാനമായി പ്രസിദ്ധീകരിച്ച താങ്കളുടെ പുസ്തകമേതാണ്?

'അൽ-കബശുൽ ഈദ്' (പെരുന്നാളിന്റെ ആട്ടിൻകുട്ടി) എന്ന ബാലസാഹിത്യ പരമ്പര. ഇതിന്റെ പേർഷ്യൻ പതിപ്പും ഇറങ്ങിയിട്ടുണ്ട്.

ഈ മേളയിൽ താങ്കളുടെ സ്റ്റാളിൽനിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമേതാണ്?

'ഖൈറത്തു ഖിത്തിൻ' (പൂച്ചയുടെ അസൂയ) എന്ന പുസ്തകത്തിനാണ് ആവശ്യക്കാർ കൂടുതലുണ്ടായിരുന്നത്.

ഈ മേളയിൽ ഇന്ത്യക്കാരുടെ സ്റ്റാളുകളോ പുസ്തകങ്ങളോ ശ്രദ്ധയിൽപെട്ടിരുന്നോ?

തീർച്ചയായും ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. എന്റെ സ്റ്റാളിൽ ഞാൻ മാത്രമായതിനാൽ മറ്റു സ്റ്റാളുകളൊന്നും അധികം സന്ദർശിക്കാൻ അവസരം കിട്ടിയിട്ടില്ല. അതിനാൽ എനിക്ക് ഇന്ത്യൻ സ്റ്റാളുകളെ കുറിച്ച് നേരിട്ടറിവില്ല. എന്നാലും ഇന്ത്യക്കാരായ നിങ്ങളെ കാണാനും പരിചയപ്പെടാനും അവസരമൊത്തതിൽ സന്തോഷമുണ്ട്.

പുതുലോകത്തെ കുറിച്ചുള്ള താങ്കളുടെ പ്രതീക്ഷ എന്താണ്?

ദൈവകൃപയിൽ പ്രതീക്ഷ വെച്ചുകൊണ്ടു പറയുന്നു, അറിവിന്റെ വലിയൊരു ചക്രവാളമാണ് ഇവിടെ തുറക്കപ്പെട്ടിട്ടുള്ളത്. എല്ലാ കാലഘട്ടങ്ങളിലെയും പ്രശ്നപരിഹാരങ്ങളിൽ സാഹിത്യത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. അതുപോലെ ആധുനിക കാലഘട്ടങ്ങളിലെ എല്ലാ പ്രതിസന്ധികളിലും സമാധാനപരമായ ഇടപെടലുകൾ നടത്താൻ സാഹിത്യകാരന്മാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും സാധ്യമാകും. അത്തരം സന്ദർഭങ്ങളിൽ പക്ഷംപിടിക്കാതെയുള്ള ഇടപെടലുകൾ ഉണ്ടാകണം.

എന്റെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പ്രസിദ്ധീകരണ സാമഗ്രികളുടെ വിലക്കയറ്റമാണ്. ഇത് എഴുത്തുകാരെ വല്ലാതെ വലക്കുന്നുണ്ട്. മാത്രമല്ല, പുസ്തകങ്ങളുടെ വിലക്കയറ്റം കാരണം സാധാരണക്കാരുടെ വായനസംസ്കാരത്തിലും വലിയ കുറവ് വരുന്നുണ്ട്. അതിനാൽ ഞങ്ങൾ എഴുത്തുകാരും പ്രസാധകരും ഞങ്ങളുടെ ഭരണകൂടവുമായി ബന്ധപ്പെട്ട് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനും വായന സാധാരണക്കാരിലേക്കും പരമാവധി വ്യാപിപ്പിക്കാനും ശ്രമിച്ചുവരുകയാണ്.

തയാറാക്കിയത്: സുബൈദ കോമ്പിൽ, സുലൈമാൻ വിഴിഞ്ഞം

Tags:    
News Summary - Najiba Bugandhi star at book fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT