ചർമരോഗ വിദഗ്ധനായ ഡോ. എം.ജി. ഷാജി എഴുതിയ 'ഓർമയിലെ കാറ്റാടിമരങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് ഗൗതം കൃഷ്ണയുടെ നിരൂപണം
വിശ്വസാഹിത്യത്തിൽ ഡോക്ടർ, രോഗി, രോഗം, ചികിത്സ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് നിരവധി പുസ്തകങ്ങൾ കാണാമെങ്കിലും മലയാളത്തിൽ ഇക്കൂട്ടത്തിൽപ്പെട്ട കൃതികൾ താരതമ്യേന കുറവാണ്. വിരലിലെണ്ണാവുന്ന ഭിഷഗ്വരന്മാരാണ് ഭാഷാസാഹിത്യരംഗത്തുള്ളത്. അതിൽത്തന്നെ മിക്കതും സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളെ അധികരിച്ച് എഴുതിയവയാണ്. ആശുപത്രിയും കൺസൽട്ടിങ് മുറിയും പശ്ചാത്തലമാക്കി, രോഗികളെ കഥാപാത്രമാക്കിയുള്ള കൃതികൾ വളരെ കുറവാണ്. ഇത്തരത്തിലൊരു കൃതിയാണ് ചർമരോഗ വിദഗ്ധനായ ഡോ. എം.ജി. ഷാജി എഴുതിയ 'ഓർമയിലെ കാറ്റാടിമരങ്ങൾ' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം. എഴുത്തിെൻറ ലാളിത്യംകൊണ്ടും ഒാരോ വരിയിലും ലയിച്ചുചേർന്ന നർമഭാവംകൊണ്ടും എളുപ്പത്തിൽ വായിച്ചുരസിക്കാവുന്ന, പാരായണക്ഷമതയുള്ള ഒരു പുസ്തകമാണിത്.
വിവിധ സ്വഭാവവിശേഷങ്ങളുള്ള മനുഷ്യരെക്കൂടാതെ പരിസരത്തുള്ള നായവരെ ഈ ഓർമകളിലെ കഥാപാത്രങ്ങളാണ്. പഠനകാലത്തുള്ള സഹപാഠികളും അധ്യാപകരും മുതൽ വിവിധ ജില്ലകളിൽ ജോലിചെയ്യുേമ്പാഴുള്ള രോഗികളും രോഗികളുടെ ബന്ധുക്കളും വരെ ഈ പുസ്തകത്തിെൻറ താളുകൾക്ക് ജീവൻ പകരുന്നുണ്ട്. മനുഷ്യരിലെ നന്മയും നിഷ്കളങ്കതയുമാണ് തെൻറ രോഗികളിൽനിന്ന് ഡോക്ടർ കണ്ടെടുക്കുന്നത്.
ഉദാഹരണത്തിന് പുസ്തകത്തിലെ ആദ്യത്തെ അനുഭവം നോക്കുക. 'താങ്ക്യൂ മനാഫ്'എന്ന ചെറുകുറിപ്പിൽ, ജോലിയും യാത്രയും മൂലം ഡോക്ടറെ നേരിൽക്കാണാൻ കഴിയാത്ത മനാഫ് എന്ന ചെറുപ്പക്കാരനെ ഫോണിലയച്ചുകിട്ടിയ ഫോട്ടോയിൽ നോക്കി ചികിത്സിച്ച കഥയാണ് ഡോക്ടർ പറയുന്നത്. പിന്നീടെപ്പോഴോ ഒരു പെരുമഴയത്ത്, റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ കാത്തുമടുത്ത് നിൽക്കുേമ്പാൾ പഴയ രോഗി കാറുനിർത്തി സമയത്തിന് സ്റ്റേഷനിലെത്തിച്ച അനുഭവം പങ്കുവെക്കുേമ്പാൾ സംഭവം കൺമുന്നിലെന്നപോലെ വായനക്കാരന് അനുഭവിക്കാനാകുന്നു. ഇടുക്കിയിലെ കാന്തല്ലൂരിൽ ജോലിചെയ്യുേമ്പാൾ പരിചയപ്പെട്ട, ഇതുവരെ മോട്ടോർ വാഹനങ്ങളിൽ കയറിയിട്ടില്ലാത്ത മുനിയാണ്ടിയെ 'ഓർമയിലെ ചന്ദനമരങ്ങൾ' എന്ന തലക്കെട്ടിൽ വായിക്കാം. ഭാര്യയും അവരുടെ കാമുകനും ചേർന്ന് മർദിച്ച് അവശനാക്കുന്ന മുനിയാണ്ടിയുടെ കഥയിൽ നർമത്തിനു പകരം ജീവിതയാഥാർഥ്യങ്ങളുടെ കയ്പ്പാണുള്ളത്.
ഇത്തരത്തിൽ നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന മനുഷ്യരുടെ വ്യത്യസ്തങ്ങളായ മനസ്സുകളാണ് എഴുത്തുകാരൻ വായനക്കാരന് സമ്മാനിക്കുന്നത്. കാലിലെ ചർമരോഗത്തിന് ചികിത്സതേടിയെത്തുന്ന എഴുപത്തഞ്ചുകാരിയായ ബിയ്യുമ്മ ഡോക്ടറോട് ആവലാതി പറയുന്നത് തെൻറ രണ്ട് മുട്ടിനുമുള്ള വേദനയെക്കുറിച്ചാണ്. അവരെ സമാധാനിപ്പിക്കാൻ 'നമുക്ക് മുട്ടു മാറ്റിവെക്കാം ഉമ്മാ' എന്നുപറഞ്ഞതിന് 'അതിന് മുട്ടൊക്കെ ആര് തരാനാ?' എന്നായിരുന്നു ബിയ്യുമ്മയുടെ ആശങ്ക. ഇത്തരത്തിൽ നേർത്ത നർമത്തിെൻറ രസക്കൂട്ടുകൾ പകർത്തുന്ന 30 അനുഭവങ്ങളുടെ ഓർമകളാണ് ഈ പുസ്തകത്തിെൻറ താളുകളിൽ. അക്ഷരങ്ങൾക്ക് കൂട്ടായി കാർട്ടൂണിസ്റ്റ് വേണുവിെൻറ ചിരിപടർത്തുന്ന ചിത്രങ്ങളും പുസ്തകത്തിെൻറ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.