ഖുർആൻ മലയാളം: പാഠം, ലിപ്യന്തരണം, അർഥം, വിശദീകരണം
അബ്ദുല്ല യൂസുഫ് അലി
വിവർത്തനം: വി.വി.എ. ശുക്കൂർ
ആശയം ഫൗണ്ടേഷൻ
പേജ്: 400 വില: 700
"I said to the almond tree: 'Sister, speak to me of God.' And the almond tree blossomed."
-Nikos Kazantzakis (Report to Greco)
വിഖ്യാത ധിഷണാശാലിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച ഖുർആൻ വിവർത്തന-വിശദീകരണം ഉൾപ്പെടുന്ന 'ദ ഹോളി ഖുർആൻ' എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി.വി.എ. ശുക്കൂർ മലയാളത്തിലേക്ക് മൊഴിമാറ്റിയതാണ് 'ഖുർആൻ മലയാളം'. ഖുർആനിന്റെ സന്ദേശം ലോകമാകെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സൗദി ഹജ്ജ് മന്ത്രാലയത്തിെന്റ മേൽനോട്ടത്തിൽ പതിറ്റാണ്ടുകൾക്കുമുമ്പ് പ്രിന്റ് ചെയ്തിറക്കിയ 'ദ ഹോളി ഖുർആൻ' വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഖുർആനിന്റെ ധർമസാരം സർഗാത്മകമായി സംവേദനം ചെയ്യുന്നതാണ് കൃതി. യൂസുഫ് അലിയുടെ കൃതിയുടെ ഔന്നത്യം ഒട്ടും ചോർന്നുപോകാതെ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാൻ വിവർത്തകന് കഴിഞ്ഞിട്ടുണ്ട്. അബ്ദുല്ല യൂസുഫ് അലിയുടെ ഭാഷാ ശൈലിയെ ഒട്ടും പോറലേൽപ്പിക്കാതെയാണ് മൊഴിമാറ്റം.
ബ്രിട്ടീഷ് ഇന്ത്യയിലെ സൂറത്തിൽ 1872ൽ ജനിച്ച യൂസുഫ് അലി പ്രാഥമിക വിദ്യാഭ്യാസഘട്ടത്തിൽ തന്നെ ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള വൈദഗ്ധ്യം തെളിയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിലെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞു. വിശ്വസാഹിത്യത്തിെന്റ വിശാല ചക്രവാളങ്ങളിലൂടെ പ്രതിഭയുടെ സൂക്ഷ്മദർശിനിയുമായി സഞ്ചരിച്ച് ആർജിച്ച പ്രബുദ്ധതയും മാനസികോന്നമനവും ഭാഷാ നൈപുണ്യവുമെല്ലാം 'ദ ഹോളി ഖുർആൻ' എന്ന കൃതിയെ ലോക നിലവാരത്തിൽ മികച്ചതാക്കാൻ യൂസുഫ് അലിക്ക് സഹായകമായിട്ടുണ്ടാകാം.
'നൂർ' അധ്യായത്തിൽ മേഘങ്ങളുടെ സഞ്ചാരഗതി വിവരിക്കുന്ന 43ാം സൂക്തത്തിന് യൂസുഫ് അലിയുടെ വിശദീകരണക്കുറിപ്പ് ഇങ്ങനെ: Artists, or lovers of nature, or observers of clouds will appreciate this description of cloud effects - thin clouds floating about in fantastic shapes, joining together and taking body and substance, then emerging as heavy clouds heaped up, which condense and pour forth their rain (The Holy Qur-an, Page 1021).
(കലാകാരന്മാർ, അല്ലെങ്കിൽ പ്രകൃതിസ്നേഹികൾ, അതുമല്ലെങ്കിൽ മേഘങ്ങളെ നിരീക്ഷിക്കുന്നവർ ഈ മേഘപ്രഭാവ വിവരണത്തെ അഭിനന്ദിക്കും – നേർത്ത മേഘങ്ങൾ അതിശയകരമായ ആകൃതിയിൽ പൊങ്ങിക്കിടക്കുന്നു, ഒന്നിച്ചു ചേർന്ന് പുതുരൂപവും ഗതിവേഗവുമാർജിക്കുന്നു, തുടർന്ന് കനത്ത മേഘങ്ങളായി ഉയർന്നുവരുന്നു, മഴ ചൊരിയുന്നു)
അല്ലാഹുവിെന്റ ഗുണവിശേഷങ്ങൾ വർണിക്കുന്ന 'ആയത്തുൽ കുർസി' സൂക്തത്തിനുള്ള യൂസുഫ് അലിയുടെ വ്യാഖ്യാനക്കുറിപ്പിൽ വേർഡ്സ്വർത്തിെന്റ (William Wordsworth) കാവ്യശകലം ഉദ്ധരിക്കുന്ന ഭാഗം വി.വി.എ. ശുക്കൂർ പരിഭാഷപ്പെടുത്തിയത് ഇങ്ങനെ വായിക്കാം: 'ടിന്റേൺ ആബി' (Tintern Abbey) കാവ്യത്തിൽ വേഡ്സ്വർത്തിെന്റ സുന്ദരപ്രഖ്യാപനം പോലെ: ''അസ്തമയ സൂര്യന്മാരുടെ ശോഭയിൽ, വൃത്താകാര സമുദ്രത്തിൽ, സജീവ വായു മണ്ഡലത്തിൽ, നീലാകാശത്തിൽ, മനുഷ്യമനസ്സിലും അത് വസിക്കുന്നു. ചിന്തിക്കുന്ന സകലതിനെയും, ചിന്തക്ക് പാത്രമാകുന്ന സകലതിനെയും ചലിപ്പിക്കുന്ന, സർവതിലൂടെയും പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒരു ചലനചൈതന്യം, ഒരു ആത്മചൈതന്യം.'' ('Whose dwelling is the light of setting suns, And the round ocean, and the living air, And in the blue sky, and in the mind of man: A motion and a spirit that impels all thinking things, all object of all thought, And rolles through all things.') ('ഖുർആൻ മലയാളം', പുറം 335–336)
ഇത്തരത്തിൽ വായനക്കാരുടെ മനക്കണ്ണിനു മുന്നിൽ, ചലച്ചിത്രത്തിലെന്ന പോലെ ആശയങ്ങളെ വാക്കുകൾകൊണ്ട് ദൃശ്യവത്കരിച്ചു കാണിക്കുന്ന യൂസുഫ് അലിയുടെ കാവ്യാത്മകമായ ഭാഷാ മികവിന് പോറലേൽക്കാതെ മൊഴിമാറ്റാൻ താൻ അനുഷ്ഠിച്ച ജ്ഞാനതപസ്സ് എത്ര ഏകാഗ്രവും കഠിനവും അതേസമയം ആനന്ദദായകവുമായിരുന്നെന്ന് കൃതിയിൽ വി.വി.എ. ശുക്കൂർ വെളിപ്പെടുത്തിയിട്ടുണ്ട്.
ശിക്ഷയുടെ ദണ്ഡുമായി തനിക്കന്യമായ ഉപരിലോകത്തെങ്ങോ ഉള്ള മഹാസിംഹാസനത്തിലിരുന്ന് തന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന, ഭയപ്പാടോടെ മാത്രം നോക്കിക്കാണേണ്ടുന്ന ഭീകരാകാര രൂപിയായല്ല മനുഷ്യനുമുന്നിൽ ഖുർആൻ അല്ലാഹുവിനെ അവതരിപ്പിക്കുന്നത്. 'അർറഹ്മാൻ, അർറഹീം' (പരമകൃപാനിധി, പരമകാരുണികൻ = Most Gracious, Most Merciful) എന്ന അല്ലാഹുവിന്റെ സുമോഹനമായ വിശേഷണ പദങ്ങൾ കൊണ്ടാണ് ഖുർആൻ തുടങ്ങുന്നതുതന്നെ. ''സദാ ജാഗ്രത്തായ, പരമ കൃപാനിധിയായ ദൈവത്തിൽനിന്ന്, അവന്റെ സകല സൃഷ്ടിജാലങ്ങളിലേക്കും പ്രവഹിക്കുന്ന, അവരെ പോറ്റുകയും കാക്കുകയും ചെയ്യുന്ന, അവർക്ക് വഴികാണിക്കുന്ന, തെളിഞ്ഞ വെളിച്ചത്തിലേക്കും ഉന്നതമായ ജീവിതത്തിലേക്കും അവരെ നയിക്കുന്ന ഒരു കാരുണ്യം'' എന്ന് യൂസുഫ് അലി ('ഖുർആൻ മലയാളം', പുറം 90). ഇതര മലയാള പരിഭാഷകളിൽനിന്ന് 'ഖുർആൻ മലയാള'ത്തെ വേറിട്ടുനിർത്തുന്ന മറ്റൊരു പ്രത്യേകത, ഖുർആൻ അറബി ഭാഷയിൽ വായിക്കാനറിയാത്തവർക്കായി സൂക്തങ്ങളുടെ അറബി ടെക്സ്റ്റ് മലയാള അക്ഷരങ്ങളിൽ അതേപടി നൽകിയിരിക്കുന്നു എന്നതാണ്. തുടക്കത്തിൽ നൽകിയ അറബി–മലയാള ലിപിമാറ്റപ്പട്ടികയും അറബി അക്ഷരങ്ങളുമായി പരിചയമില്ലാത്തവർക്ക് ഏറെ സഹായകരമാണ്. മലയാള വിവർത്തകൻ തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു: ''സാമുദായിക ഭാരങ്ങളുള്ളതോ, മറ്റുള്ളവർക്ക് അപരിചിതമായതോ, പൊതുവായനക്കാരെ ഖുർആനിെന്റ സൗന്ദര്യത്തിൽനിന്നും സമ്പന്നതയിൽനിന്നും അകറ്റുന്നതോ ആയ പ്രയോഗങ്ങളും ശൈലികളും കഴിയുന്നിടത്തോളം ഈ വിവർത്തനത്തിൽ ഒഴിവാക്കിയിരിക്കുന്നു. മലയാളികൾ അവരുടെ സാഹിത്യ–അക്കാദമിക വ്യവഹാരങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന മലയാളം തന്നെ ഇതിലും ഉപയോഗിച്ചിരിക്കുന്നു.''
ഇംഗ്ലീഷിൽ എഴുതിയ ലോക പ്രശസ്തമായ വിവർത്തനകൃതി, 'ഖുർആൻ മലയാളം' എന്ന പേരിൽ മൊഴിമാറ്റപ്പെടുമ്പോൾ ദേശപ്പെരുമയുടെ കിരീടത്തിലെ പൊൻതൂവലായി അതിനെ അമ്മമലയാളം വരവേൽക്കാതിരിക്കില്ല. 'അബ്ദുല്ല യൂസുഫ് അലി: ഏകാന്തപഥികനായ പ്രതിഭ' എന്ന തലക്കെട്ടിൽ യൂസുഫ് അലിയുടെ ജീവചരിത്രവും, ഖുർആനെക്കുറിച്ചും മനുഷ്യ ഭാഗധേയത്തെക്കുറിച്ചും മറ്റുമുള്ള ചിന്തോദ്ദീപകമായ ലേഖനവും ('പ്രവേശിക') അനുബന്ധമായി 400 പേജുള്ള ഈ വിവർത്തന കൃതിയിലുണ്ട്. യൂസുഫ് അലിയുടെ 'ദ ഹോളി ഖുർആൻ' ഈവിധം പൂർണമായും മലയാളത്തിലേക്ക് മൊഴിമാറ്റാനുള്ള ബൃഹദ് സംരംഭത്തിെന്റ തുടക്കമാണ്, 'ഖുർആൻ മലയാള'ത്തിെന്റ ഈ ഒന്നാം ഭാഗം ('ഫാതിഹ'യും 'ബഖറ'യും അടങ്ങുന്നത്). സമയബന്ധിതമായി ബാക്കി ഭാഗങ്ങളുടെ വിവർത്തനവും പൂർത്തീകരിക്കാൻ ഗ്രന്ഥകർത്താവിന് കഴിയട്ടെ.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.