അടൂർ: മത്സരത്തിനായെഴുതിയ നാടിന്റെ ചരിത്രം പുസ്തകമായി പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് പള്ളിക്കൽ ഇളംപള്ളിൽ കൊല്ലൻപറമ്പിൽ വീട്ടിൽ ആർ. രഞ്ജിനി. രഞ്ജിനി എഴുതിയ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം 'പള്ളിക്കലപ്പൻ' തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്യും. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ആദ്യ കോപ്പി ഏറ്റുവാങ്ങും.
2017 ൽ രഞ്ജിനി പയ്യനല്ലൂർ ഹൈസ്കൂളിൽ 10ാം ക്ലാസിൽ പഠിക്കുമ്പോഴാണ് തുവയൂർ ശിലമ്യൂസിയം ചരിത്രരചന മത്സര ഭാഗമായി ജന്മനാടായ പള്ളിക്കലിന്റെ ചരിത്രം തേടിയിറങ്ങുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പിന്നീട് ഇത് 'പൈതൃകം തേടി പള്ളിക്കൽ' പേരിൽ ഡോക്യുമെന്ററിയായി. ഡോക്യുമെന്ററി കണ്ടവർ കൂടുതൽ വിപുലീകരിച്ചെഴുതണം എന്ന് രഞ്ജിനിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി ലഭിച്ച കൂടുതൽ വിവരങ്ങൾകൂടി ചേർത്താണ് പുസ്തകം രചിച്ചത്. ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മ രഞ്ജിനിയെ ആദരിക്കും. ശ്രീ ബോധി ബുക്സ് ലോഗോ സാഹിത്യകാരൻ സി. റഹീം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.