തിരുവനന്തപുരം: 'കാർഡ് ബോർഡ് കീറിയെടുത്ത് അതിലെഴുതും, അല്ലെങ്കിൽ ചെരുപ്പുതട്ടിന്റെ അറ്റത്തോ സ്ലിപ്പർ ചെരിപ്പിന്റെ വശത്തോ....'' തെരുവുകച്ചവടത്തിന്റെ തിരക്കിനിടയിലെ കവിതയെഴുത്തിനെ കുറിച്ച് പറയുമ്പോൾ റാസിയുടെ മുഖത്ത് സർഗഭാരങ്ങളില്ലാതെ നിറഞ്ഞ പുഞ്ചിരി. ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ഈ ചെരിപ്പുതട്ടിന് പിന്നിലിരുന്ന് റാസിയെഴുതിയ കവിതകൾ വീണ്ടും പുസ്തകമാകുകയാണ്. 'എൻറൊ' എന്നാണ് രണ്ടാം പുസ്തകത്തിന്റെ പേര്. ചൂടും ചൂരും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ വിയർപ്പാണ് ഈ വരികളിൽ കിനിയുന്നത്. അതുകൊണ്ടുതന്നെ റാസിയുടെ വാക്കുകൾക്ക് മൂർച്ചയുമേറെ. അറുപതിലേറെ കവിതകളടങ്ങിയ 'എൻറൊ' യുടെ പ്രകാശനവും ഈ ആഴ്ച തെരുവിൽ തന്നെയാണ്.
റാസിയുടെ ആദ്യ പുസ്തകം 'ഏഴ് മുറികളിൽ കവിത' 2013 ലാണ് പുറത്തിറങ്ങിയത്. പത്മനാഭസ്വാഭി ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്കരികിലെ നടപ്പാതയിലാണ് റാസിയുടെ ചെരിപ്പുതട്ട്. സ്വന്തം തട്ടല്ല, ദിവസക്കൂലിക്കാണ് ജോലി. മനസ്സിൽ വരികൾ നിറയുമ്പോൾ കുറിച്ചുവെക്കും. അതിന് കടലാസ് തന്നെ വേണമെന്നില്ല. ജോലിത്തിരക്കിലാണെങ്കിൽ ചെരിപ്പ് ഊരിയിടാറാണ് പതിവ്. ഇത്തരം നേരങ്ങളിലാണ് ചെരിപ്പിന്റെ വെള്ളപ്പുറം സർഗഭാവനകൾക്ക് ഇടമാകുന്നത്. അല്ലെങ്കിൽ ഒഴിഞ്ഞ ചുമരിലാകും എഴുത്ത്. സമയം കിട്ടുമ്പോൾ കടലാസിലാക്കും. ഇപ്പോൾ മൊബൈൽ ഫോണിലേക്കും എഴുത്ത് നീണ്ടുതുടങ്ങിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് റാസിയുടെ കവിത ആദ്യമായി അച്ചടിമഷി പുരളുന്നത്.
മാഗസിനിലേക്ക് സ്കൂളിലെ സുനിൽ കുമാർ സാർ എഴുതി വാങ്ങിക്കുകയായിരുന്നു. പത്താം ക്ലാസിൽ പഠനം നിർത്തിയ റാസി പിന്നീട് വിവിധ ജോലികൾക്കായി തെരുവിലേക്കെത്തിയെങ്കിലും വായന കൈവിട്ടില്ല. ദിവസവും കൂലിയായി കിട്ടുന്നതിന്റെ നേർപകുതി പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങാനാണ് ചെലവഴിക്കുന്നത്. തെരുവിലെ യുവകവിക്ക് വായനയാണ് ലഹരി. പൊരിവെയിലിൽ പുസ്തകത്തട്ടിന് സമീപമിരുന്നാണ് വായന. വിഴിഞ്ഞം കെ.എസ്.ആർ.ടി.സി.സി കാന്റീനിൽ ക്ലീനിങ് ബോയി ആയാണ് തുടക്കം. പിന്നെ തെരുവിലെ പഴക്കച്ചവടം, പച്ചക്കറി കച്ചവടം... ഒടുവിൽ ചെരിപ്പുകച്ചവടത്തിലേക്കും. കരിമഠം സ്വദേശിയായ റാസി സഹോദരനൊപ്പം അമ്പലത്തറയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.