ഷാർജ: ആരാധകലക്ഷങ്ങളുടെ കിങ്ഖാൻ, ബോളിവുഡിന്‍റെ സൂപ്പർതാരം Shah Rukh Khan at the Sharjah International Book Festivalഉജ്ജ്വല സ്വീകരണം. സിനിമാ ആരാധകർ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തെ കാണാൻ പ്രതീക്ഷിച്ചതിലുമേറെ ആളുകളാണ് ബാൾറൂമിൽ വെള്ളിയാഴ്ച രാത്രി എത്തിച്ചേർന്നത്. ഹർഷാരവങ്ങൾ മുഴങ്ങിയ സദസ്സിൽ ഷാറൂഖ് ഖാന് ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആൻഡ് കൾച്ചറൽ നരേറ്റിവ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. സാംസ്കാരിക വ്യത്യാസങ്ങളെ മറികടക്കാൻ സഹായിച്ച സർഗാത്മക വ്യക്തികളെ ആദരിക്കുന്നതിന് ഷാർജ പുസ്തകോത്സവം ഏർപ്പെടുത്തിയ അവാർഡാണിത്. തുടർന്ന് സദസ്സിനോട് സംസാരിച്ച അദ്ദേഹം ഷാർജ ഓരോ സന്ദർശനത്തിലും കാണിച്ച സ്നേഹത്തിനും പരിഗണനക്കും നന്ദിയറിയിച്ചു.
ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ പലപ്പോഴും നടന്‍റെ പ്രസംഗം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. എഴുത്തിനോടും വായനയോടുമുള്ള ഇഷ്ടം പങ്കുവെച്ചുകൊണ്ട് സ്വന്തം ആത്മകഥ എഴുതുന്നതിൽ വ്യാപൃതനായിരുന്നു കഴിഞ്ഞ 15 ദിവസങ്ങളെന്ന് താരം വെളിപ്പെടുത്തി. കലയും സംസ്കാരവും മാനവികതയെ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ്. എവിടെ ജീവിക്കുന്നു, ഏത് വർണമുള്ളവരാണ്, ഏത് മതം പിന്തുടരുന്നു എന്ന് പരിഗണിക്കാതെ കല എല്ലാവരെയും ഒരുമിപ്പിക്കുന്നു. തീർച്ചയായും പരസ്പര പങ്കുവെക്കലിന്‍റെ മാനവിക ദർശനമാണ് സിനിമയും പങ്കുവെക്കുന്നത്. സിനിമകളും പുസ്തകോത്സവങ്ങളും അതിരുകളില്ലാതെ കഥകൾ പങ്കുവെക്കപ്പെടുന്ന ഇടങ്ങളാണ്. പരസ്പരം എന്തെല്ലാം കാര്യങ്ങളിൽ നാം തുല്യരാണെന്ന് ഇത് ഓർമപ്പെടുത്തുന്നു. ഇത് നമ്മെ മികച്ച ലോകം രൂപപ്പെടുത്താൻ സഹായിക്കും. ലോകപ്രശസ്തരായ എഴുത്തുകാർക്കും സർഗാത്മക വ്യക്തിത്വങ്ങൾക്കും ഒപ്പം ഈ മേളയിൽ എത്താനായതിൽ ഞാൻ സന്തോഷിക്കുന്നു -ഷാറൂഖ് ഖാൻ വ്യക്തമാക്കി.
പിന്നീട് സദസ്സിനോട് സംസാരിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും അദ്ദേഹം സമയം കണ്ടെത്തി. തന്‍റെ സിനിമാ സംഭാഷണങ്ങൾ അവതരിപ്പിച്ചും തമാശകൾ പറഞ്ഞും സദസ്സിനൊപ്പം സെൽഫിയെടുത്തും ഒരു മണിക്കൂറോളം ബാൾറൂമിൽ ചെലവഴിച്ച് 'വീ.. ലവ് ഷാറൂഖ്' എന്ന ആർപ്പു വിളികൾക്കിടയിലാണ് താരം മടങ്ങിയത്. ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരിയാണ് ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആൻഡ് കൾച്ചറൽ നരേറ്റിവ് അവാർഡ് കൈമാറിയത്.
യു.എ.ഇയിൽ സ്ഥിരസന്ദർശകനായ താരം ഗോൾഡൻ വിസ നേടിയ ആദ്യ ഇന്ത്യൻ സിനിമാ നടനാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് ഹാപ്പിനസ് കാർഡും സമ്മാനിച്ചിട്ടുണ്ട്. ദുബൈ ടൂറിസത്തിന്‍റെ ബ്രാൻഡ് അംബാസഡറായ ഷാറൂഖ് ഖാൻ, യു.എ.ഇ ആസ്ഥാനമായ വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും അംബാസഡറായി രംഗത്തെത്തിയിരുന്നു. ഈജിപ്ഷ്യൻ നടൻ അഹ്മദ് അൽ സക്ക, ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ എന്നിവരടക്കം മറ്റു പ്രമുഖരും ഷാർജ പുസ്തകോത്സവത്തിന് അതിഥികളായി എത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.