സന്ദർശകർ നിറഞ്ഞ

പുസ്തകോൽസവ വേദി

പുസ്തകമേളക്ക്​ ഇന്ന്​ കൊടിയിറക്കം

ഷാർജ: അക്ഷരപ്രേമികളുടെ മനംനിറച്ച പകലിരവുകൾക്ക്​ ശേഷം ഷാർജ അന്തരാഷ്ട്ര പുസ്തകോൽസവത്തിന്‍റെ 42ാം എഡിഷന്​ ഞായറാഴ്ച സമാപനമാകുന്നു. ‘നാം പുസ്തകങ്ങളെ കുറിച്ച്​ സംസാരിക്കുന്നു’ എന്ന തീമിൽ നടന്ന പുസ്തകോൽസവത്തിലേക്ക്​ ഇത്തവണ വിദ്യാർഥികളും മുതിർന്നവരുമടക്കം പതിനായിരങ്ങളാണ്​ ഒഴുകിയെത്തിയത്​. വിവിധ ഭാഷകളിലായി നൂറുക്കണക്കിന്​ പുതിയ പുസ്തകങ്ങൾ അക്ഷരദാഹികളുടെ കൈകളിലേക്ക്​ എത്തുന്നതിനും ഇത്തവണ മേളയുടെ സാക്ഷിയായി.

ലോകത്തെ വിഖ്യാതരായ എഴുത്തുകാരുടെയും സാഹിത്യകാരൻമാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യവും മേളയെ സമ്പന്നമാക്കി. 15 ലക്ഷത്തിലേറെ പുസ്തകങ്ങൾ എത്തിയ മേളയിൽ മുൻ വർഷങ്ങളിലേക്കാൾ കച്ചവടം ലഭിച്ചതായാണ് ​പ്രമുഖ​ പ്രസാധകരുടെ വിലയിരുത്തൽ. ഡിജിറ്റൽ വായനയുടെ കാലത്തും പുസ്തകങ്ങൾ വായനസമൂഹത്തിന്‍റെ ഒന്നാം പരിഗണനയായി തുടരുന്ന എന്നതിനെറ തെളിവാണിതെന്ന്​ പ്രസാധകർ ‘ഗൾഫ്​ മാധ്യമ’വുമായി പങ്കുവെച്ചു.

ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യമായ കൊറിയയിൽ നിന്നുളള പുസ്തകങ്ങളും സാംസ്കാരിക ചടങ്ങുകളും സന്ദർശകരെ ആകർഷിച്ച ഘടകമാണ്​. പരമ്പരാഗത കൊറിയൻ വേഷം ധരിച്ചവരുടെ സാന്നിധ്യമുള്ള പവലിയനിൽ കൊറിയയുടെ ഭാഷയും സംസ്കാരവും അറിയാൻ നിരവധിപേരെത്തി. കൊറിയൻ ഭാഷയിൽ നിന്ന്​ നേരിട്ട്​ അറബിയിലേക്ക്​ വിവർത്തിതമായ പുസ്തകങ്ങൾ ഇവിടെ സ്റ്റാളിൽ പ്രത്യേകം ഒരുക്കിയിരുന്നു. യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരമായ കൊറിയന്‍ സംസ്‌കാരത്തിന്‍റെ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പരിപാടികളും ശ്രദ്ധേയമായിരുന്നു.

മുൻവർഷങ്ങളിലേത്​ പോലെ ഇന്ത്യന്‍ സ്റ്റാളുകളില്‍ മുഴുദിവസങ്ങളിലും പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു. പലദിവസങ്ങളിലും നിന്നു തിരിയാനിടമില്ലാത്ത വിധം പ്രദര്‍ശന ഹാളുകള്‍ ജനനിബിഢമായി. വാരാന്ത്യ അവധി ദിനങ്ങളായ ശനിയും ഞായറും വിശേഷിച്ചും ഇന്ത്യന്‍ പ്രസാധകരുടെ സ്റ്റാളുകളില്‍ നല്ല വില്‍പന നടന്നു. ചെറുകഥ, നോവല്‍, ന്യൂ അറൈവല്‍സ്, ക്രൈം ത്രില്ലറുകള്‍, ക്ലാസിക്കുകള്‍ എന്നിവ വാങ്ങാൻ നിരവധി പേരെത്തി.

ഇന്ത്യയിൽ നിന്ന്​ സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ വേദിയിലും സാന്നിധ്യമറിയിച്ചു. സുനിതാ വില്യംസ്, കരീന കപൂര്‍, നീന ഗുപ്ത, നിഹാരിക എന്‍.എം, അജയ് പി.മങ്ങാട്ട്, കജോള്‍ ദേവ്ഗന്‍, ജോയ് ആലുക്കാസ്, യാസ്മിന്‍ കറാച്ചിവാല, അങ്കുര്‍ വാരികൂ, മല്ലിക സാരാഭായ് തുടങ്ങിയവരുടെ സംസാരം ശ്രവിക്കാൻ സദസ്സ്​ നിറഞ്ഞുകവിഞ്ഞിരുന്നു. പുസ്തക പ്രസാധകർക്കും വായനസമൂഹത്തിനും ആവേശവും ആത്മവിശ്വാസവും നിറച്ചാണ്​ ഞായറാഴ്ച മേള സമാപിക്കുന്നത്​.

Tags:    
News Summary - Sharjah International Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT