തീവണ്ടി എന്നും ഒരു വിസ്മയമാണ്. തീവണ്ടി യാത്രകൾ കൗതുകകരവും ഉത്സാഹഭരിതവുമായിരിക്കും ചിലപ്പോൾ ഉദ്വേഗഭരിതവും... അനേകരെയും അനേകമനേകം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും വഹിച്ച് കൊണ്ട് കുതിച്ച് പായുന്ന സാത്വികനായ ആ ഭീകരനെ നിയന്ത്രിക്കുന്നവർക്കും പറയുവാനുണ്ട് നമ്മളറിയാത്ത അനേകമനേകം ഹൃദ്യമായ വിവരങ്ങളും, മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അനേകമനേകം വികാരമുഹൂർത്തങ്ങളും....!
ഇരുപത് വർഷത്തിലധികമായി തീവണ്ടിയുടെ ലോക്കോ പൈലറ്റായി ജീവിക്കുന്ന സിയാഫ് അബ്ദുൾഖാദിർ എന്ന മനുഷ്യൻ തന്‍റെ തീവണ്ടിയനുഭവങ്ങൾ ഹൃദയത്തിന്‍റെ ഭാഷയിൽ തീയുണ്ടകൾ പോലെ, കഥകൾ പോലെ പറയുന്നു, അനുഭവിപ്പിക്കുന്നു, ആ യാത്രകളിൽ ചുറ്റുമുള്ളവയെ നമ്മളെയും കാണിപ്പിച്ചും പഠിപ്പിച്ചും കൂടെ കൂട്ടുന്നു... ചില കഥകൾ രസകരമായപ്പോൾ മറ്റു ചിലവ നമ്മളെ ഈറനണിയിപ്പിക്കും... ആത്മാംശം വാക്കുകളിൽ കലരുമ്പോൾ മാത്രമല്ലേ അത് പകരുന്നവരിലും വികാരവൈവിധ്യങ്ങൾ ഉടലെടുക്കുകയുള്ളൂ....!
തീവണ്ടിയുടെ ജോലിക്കാരനായ എഴുത്തുകാരൻ ജോലിപ്രവേശനം മുതൽ ഇങ്ങോട്ടേക്കുള്ള ഓരോ പ്രധാന സംഭവങ്ങളും, ട്രെയിനിങ്ങ് കാലത്തെ അനുഭവങ്ങളും, അപ്രതീക്ഷിതങ്ങളും അപൂർവ്വങ്ങളുമായ ഓരോരോ സാക്ഷ്യങ്ങളും മനോഹരമായും ഹൃദ്യമായും കഥ പറയുന്നത് പോലെ വായനക്കാരനിലേക്ക് നൽകുകയാണ്. തീവണ്ടിപ്പാതകളിലൂടെയും തീവണ്ടിയാപ്പീസുകളിലൂടെയും അവിടെ കാണുന്ന മനുഷ്യരിലൂടെയും തീവണ്ടിക്കുള്ളിലൂടെയും, പലവിധ വികാരവിചാരങ്ങളിലൂടെ തീവണ്ടിയോടൊപ്പം സഞ്ചരിക്കുന്ന മനുഷ്യരിലൂടെയും, ആശങ്കയും ഭീതിയും കൗതുകവും ഒരു പോലെ അലകളാകുന്ന തുരങ്കങ്ങൾക്കകത്ത് കൂടെയും, തീവണ്ടിയെ മുറിച്ച് കടക്കുന്നതും അവിചാരിതമായി വിധിവൈപരീത്യത്താൽ തീവണ്ടിയാൽ വീരചരമം പ്രാപിക്കേണ്ടി വന്ന പക്ഷി മൃഗാദികളിലൂടെയും - മയിലിന്‍റെയും കാട്ടുപോത്തിന്‍റെയും മാനിന്‍റെയും മുള്ളൻപന്നികളുടെയും ചിത്രശലഭങ്ങളുടെയും മിന്നാമിനുങ്ങുകളുടെയും, കടന്നുപോകുന്ന പാതകളിലെ നദികളുടെയും ചെടികളുടെയും പലവിധ സംസ്കാരങ്ങളാലും സംസാരങ്ങളാലും മാറിമറിയുന്ന മനുഷ്യരുടെയും കൃഷികളുടെയും ചെടികളുടെയും പൂക്കളുടെയും മരങ്ങളുടെയും ഉത്സവങ്ങളുടെയും ആരാധാനാലയങ്ങളുടെയും, അങ്ങനെ എന്തെല്ലാമെന്തെല്ലാം കാഴ്ചകളെയും അറിവുകളെയും അക്ഷരങ്ങളുടെ ലോകത്തിലൂടെ അനുഭവപ്പെടുത്തുന്ന യാത്രകൾ...
ഒരുവശം മാത്രം കണ്ണുകൾക്ക് മുന്നിൽ ഓടി മറയുന്ന കാഴ്ചകൾക്ക് മാത്രം അർഹരായ യാത്രക്കാർ, മിന്നിമറഞ്ഞ് പിറകിലേക്ക് ഓടി മറയുന്ന ദൃശ്യങ്ങൾ പക്ഷേ അപൂർണ്ണമാണ്, ഒരു ഭാഗം മാത്രമേ ട്രെയിൻ അതിലെ യാത്രക്കാരന് കാണിക്കുന്നുള്ളൂ, രണ്ട് ഭാഗവും കണ്ടുകൊണ്ട് ആ മനോഹര യാത്ര സാധ്യമാകുന്നത് എൻജിന് അകത്തുള്ള മനുഷ്യർക്ക് മാത്രം... നിരവധിയനവധിയാളുകളുടെ ജീവന്‍റെ താക്കോലും പേറി, മാറിമറിയുന്ന പച്ചയിലും മഞ്ഞയിലും ചുവപ്പിലും നിറങ്ങളുടെ ഇടവേളകളിലെ ഇടവേളകളിൽ മാത്രം ഒന്ന് ശ്വാസം നേരെ വിടാൻ സാധിക്കുന്ന, ഒരു നിമിഷത്തെ മനസിന്‍റെ കണക്കുകൂട്ടലിന്‍റെ പാളിച്ച പോലും ഉണ്ടാകാതെ അനേക സ്വപ്നങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന പച്ചയായ മനുഷ്യരുടെ നേർചിത്രം...
കൊങ്കൺ തീവണ്ടിപ്പാതയിലൂടെ, തീവണ്ടിയുടെ, അതിലെ ഡ്രൈവറുടെ, കാഴ്ചകളുടെ, അനുഭവങ്ങളുടെ കൂടെയുള്ള ഒരു അവർണ്ണനീയ യാത്ര...
"നമ്മുടെ യാത്ര ഇവിടെ അവസാനിക്കുകയാണ്. റോഹയാണ് കൊങ്കൺ റെയിൽവേയുടെ അതിർത്തി. അതിനു ശേഷം ഒരു റിലേ എന്നതുപോലെ സെൻട്രൽ റെയിൽവേയുടെ ജീവനക്കാർ ഞങ്ങളിൽ നിന്നു തീവണ്ടി ഏറ്റുവാങ്ങി ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു. ഇനി അവർ നോക്കിക്കൊള്ളും യാത്രക്കാരുടെ കൃത്യനിഷ്ഠയും മറ്റു കാര്യങ്ങളും. തത്കാല വിശ്രമത്തിന് വേണ്ടി തൊട്ടടുത്തുള്ള റണ്ണിങ് റൂമിലേക്ക് ഞങ്ങളും നീങ്ങി.
എങ്കിലും ഞങ്ങളുടെ യാത്ര തുടരുകയാണ്. ഓരോ യാത്രയിലെയും താത്കാലിക വിരാമങ്ങൾ കടന്ന് എത്ര നദികൾ, എത്ര മലകൾ, എത്ര വനങ്ങൾ, ഏതെല്ലാം പട്ടണങ്ങൾ... എല്ലാ ദിവസവും കണ്ടിട്ടും പുതുമ മാറാതെ അവ സ്വയം മാറിക്കൊണ്ടേയിരിക്കുന്നു. ഒരു നിമിഷം പോലും ഒരു ബിന്ദുവിലും ഉറച്ചു നില്കാതെ ചലിച്ചുകൊണ്ടേയിരിക്കുന്നു, ഞങ്ങളും"
എഴുത്ത്: ഹരികൃഷ്ണൻ രവീന്ദ്രൻ / പുസ്തകം: തീവണ്ടി യാത്രകൾ (സിയാഫ് അബ്ദുൽഖാദിർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.