മഴ പെയ്യുന്നുണ്ട്, കിഴക്കൻ മലയുടെ താഴ്വാരത്തുനിന്നും പുറപ്പെട്ട കാറ്റ് പാടവരമ്പിലെ കരിമ്പനകനകളെ ഉലച്ച് ജാലകത്തിൽ സാന്നിധ്യമറിയിച്ച് മടങ്ങിപോയി. കാറ്റ് കുടഞ്ഞിട്ടുപോയ മഴതുള്ളികൾ ജാലകവും കടന്ന് മുറിയിലാകെ നനവ് പടർത്തിയിരിക്കുന്നു. ഒന്നിനുമല്ലാതെ എന്നിലും. െനന്മാറയിലെ മഴ മറ്റേതൊരു പാലക്കാടൻ ഗ്രാമത്തിലേക്കാളും സുന്ദരമാണ്. മലയും പാടവും കരിമ്പനയോലകളും തഴുകിയെത്തുന്നൊരു കാറ്റ് എപ്പഴും അതിന് അകമ്പടിയുണ്ടാകും. ആ കാറ്റ് കൊണ്ടുവരുന്നത് ഒരുപാട് ഓർമകളെ കൂടിയാണെന്ന് തോന്നും. കൂടുതൽ കൂടുതൽ ഇഴുകിചേരാൻ കൊതിക്കുന്ന മഴ. അതിനോട് ചേർത്തുനിർത്തുന്ന കാറ്റ്.
കാറ്റ് അടച്ചിട്ടുപോയ ജാലകങ്ങൾ തുറന്ന് മഴയെ നോക്കി നിന്നു. ഈ മഴക്കും മലകൾക്കുമപ്പുറത്തെ മറ്റൊരു താഴ്വാരം അപ്പോൾ മുന്നിലെത്തി. വായിച്ചുനിർത്തിയ പുസ്തകം വീണ്ടും കയ്യിലെടുത്തു. ഇന്ന് ജൂലൈ രണ്ട് -ഇതിഹാസത്തിെൻറ കഥാകാരെൻറ പിറന്നാൾ ദിനമാണ്.
ഇത് എത്രമത്തെ തവണയാണ് തസ്രാക്കിലെ കരിമ്പനകാറ്റിെൻറ അലകൾക്കൊപ്പം ഒരേ അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും വാചകങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നത്? ചോദ്യം സ്വയം ചോദിക്കപ്പെടുകയാണ്. ഇതിഹാസം ഇതിഹാസമായി വായിച്ച് തീർത്തവളാണ്. ഇതിഹാസം രചിച്ച മണ്ണിെൻറ മണവും രുചിയും അറിഞ്ഞവളാണ്. വായന ഇവിടെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല, ഇനിയും ഇനിയുമെന്ന് ഉള്ള് എപ്പോഴും.വായിച്ചുവായിച്ചുപോകവെ, കഥാപാത്രങ്ങളിൽ ഒരാളായി ഞാനും. കഥക്ക് അകത്തല്ല, പുറത്തുനിന്നുള്ള കാണിയാണ്. കഥ മുഴുക്കെ ഞാനങ്ങനെ. കൂമന്‍കാവിൽ അന്ന് രവിക്കൊപ്പം ബസിറങ്ങിയ ആൾക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഒട്ടും അപരിചിതത്വം തോന്നാതെ തന്നെ. പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ചു ഏറുമാടങ്ങൾക്ക് നടുവിൽ പണ്ടെങ്ങോ കണ്ടുമറന്ന വരുംവരായ്കളുടെ ഓർമകളുമായി രവി നിൽക്കുന്നു.
അരയാലിലകളിൽ പതിഞ്ഞ ഒരു കാറ്റ് വീശി. വളരെ ഉയരത്തിൽ ഒരു പക്ഷി ചൂളം വിളിച്ചു. മഴക്ക് മുന്നേ മഴയുടെ വരവറിയിച്ചുള്ള മണിയാെൻറ ചൂളമാണത്. നിറയെ കരിമ്പനകൾ നിറഞ്ഞ പാടങ്ങളും പറമ്പുകളും. ചുരം കടന്ന് പാലക്കാടൻ കരിമ്പനക്കാടുകളിലേക്ക് കിഴക്കൻ കാറ്റ് വീശാൻ തുടങ്ങി. കാറ്റേറ്റ് രവി നടക്കുകയാണ് ഖസാക്കിലേക്ക്, കൂടെ ഞാനും. ഖസാക്കിന് പുറകിലുയർന്ന ചെതലിമലയുടെ വാരികളിൽ കാട്ടുതേനിെൻറ തവിട്ട് പാടുകൾ. ചെതലിമലക്കപ്പുറം കിഴക്കൻ മലകളാണ്. ചവിറ്റിലക്കിളികൾ, മണിപ്രാവുകൾ, വണ്ണാത്തിപുള്ളുകൾ അങ്ങനെ എന്തെല്ലാമോ കുറുകുന്നു.രവി നടക്കുകയാണ് ഇതിഹാസത്തിെൻറ മണ്ണിലേക്ക്. പിന്നിലായി ഞാനും നടന്നു. അമ്പരപ്പിക്കുന്ന അനേകം ജീവിതങ്ങളുടെ ഒത്ത നടുവിലേക്ക്.
ഏകാധ്യാപകവിദ്യാലയത്തിലെ മാഷായാണ് രവിയുടെ ഖസാക്കിലേക്കുള്ള വരവ്. മണ്ണിെൻറയും നെല്ലിെൻറയും ഗന്ധവുമായി ഇതിഹാസത്തിെൻറ പേജുകളിൽ നിറഞ്ഞു നിൽക്കുന്ന ഞാറ്റ്പുരയാണ് വിദ്യാലയം. ഞാറ്റ്പുരക്ക് ചുറ്റും ആളുകൾ വട്ടം കൂടി നിന്ന് രവിയെ നോക്കി കാണുകയാണ്. ആ വട്ടം തട്ടി നിന്ന മനുഷ്യർ അവരാണ്, ഖസാക്കിെൻറ ഇതിഹാസത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്ത ആ മനുഷ്യർ. ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നു അള്ളാപ്പിച്ച മൊല്ലാക്ക കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയാണ്. പണ്ട് പണ്ട് വളരെ പണ്ട് ഒരു പൗർണമിരാത്രിയിൽ ഖസാക്കിലേക്ക് വന്ന ആയിരത്തൊന്ന് കുതിരകളുടെ കഥ. ചടച്ച് കിഴവനായ ഒരു പാണ്ടൻ കുതിരയുടെ പുറത്ത് വന്ന ഷൈഖ് തങ്ങളുടെ കഥ... കുട്ടികൾക്കൊപ്പം ഇതിഹാസം ചെവികൊണ്ടിരിക്കെ ഞാൻ അള്ളാപ്പിച്ച മൊല്ലാക്കയെ കുറിച്ചാണ് ഓർത്തത്. കഴിഞ്ഞാഴ്ച്ച ആൽത്തറയ്ക്കൽ കൂടിയ പഞ്ചായത്തിനെ കുറിച്ച്. ഖസാക്കിൽ ഇങ്ങനെയൊരു സ്കൂൾ ആവശ്യമില്ലെന്ന് അയാൾ വാതോരാതെ വാദിച്ചത് എന്തിനാണ്..?
ഇതിഹാസത്തിെൻറ ഏടുകളിൽ പലപ്പോഴും അയാളുടെ മുഖത്ത് സ്വാർത്ഥത നിഴലിച്ച് നിന്നതായി തോന്നിയിരുന്നു. എെൻറ തോന്നലാണത്, എെൻറ മാത്രം. ഖസാഖില്‍ പന്ത്രണ്ട് പള്ളികള്‍ നശിച്ച് പോയിട്ടുണ്ട് എന്നാണ് ചരിത്രം. മറ്റെങ്ങും വേരുകളിലാത്ത ഖസാക്കിലെ മനുഷ്യർക്ക് അവരുടേതായ ചരിത്രങ്ങളും ഉണ്ട്. പള്ളികള്‍ മൃതാവശിഷ്‌ഠങ്ങളായി ചതുപ്പുകളില്‍ അമ്പിപ്പോയി. ചിലതൊക്കെ ആരാധനയുടെ പാരമ്പര്യമറ്റ് പ്രേതഗൃഹങ്ങളായിത്തീർന്നു. അങ്ങിനെയൊന്നാണ് രാജാവിെൻറ പള്ളി. ഞാന്‍ നൈസാമലിയെ ആദ്യമായി കാണുന്നത് അവിടവെച്ചണ്. അയാളൊരു ജിന്നാണ്, പിടുത്തം കിട്ടാത്ത ജിന്ന്. വർഷങ്ങള്‍ക്ക് മുമ്പ് അള്ളാപ്പിച്ച മൊല്ലാക്കക്ക് ദൃഷ്‌ട്ടാന്തം പോലെ കിട്ടിയതാണ് നൈസാമലിയെന്ന പതിനാറുകാരനെ. പന്ത്രണ്ട്‌കൊല്ലം മുമ്പ്, ചെതലിയുടെ അടിവാരത്തില്‍, വെയിലിെൻറ വെളിച്ചത്തില്‍, മൃഗതൃഷ്‌ണയില്‍, സുഗന്ധത്തില്‍ താന്‍ കണ്ട സുന്ദരനായ പതിനാറുകാരനെ ഓർക്കുമ്പോഴൊക്കേയും മൊല്ലാക്ക അസ്വസ്ഥനാക്കപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചതാണ്. ഞൊടിയിട വിട്ടുമാറാതെ നൈസാമലി അയാളെ പിന്തുടരുന്നുവെന്ന് എപ്പോഴും തോന്നി.
ഒരിക്കൽ മൊല്ലാക്ക പറഞ്ഞു "അവൻ മൈമുനാക്ക് മാപ്പള". മൈമുന, അവൾ ഇതിഹാസത്തിെൻറ താളുകളിലെ നീലഞരമ്പുകാരി. ഖസാക്കിെൻറ യാഗേശ്വരി. തലയിൽ തട്ടമിട്ടില്ലെങ്കിൽ മലക്കുകൾ മോഹിക്കുമായിരുന്ന പെണ്ണ്. കാസിമും ഹനീഫയും ഉസാമത്തും ഉബൈദ്ദാവൂദും കൊതിച്ച സൗന്ദര്യം. എന്നിട്ടും വിധിയെ നോക്കു, നൈസാമലിയോടുള്ള പ്രണയം ഉപേക്ഷിച്ച് ആഗ്രഹിപ്പിച്ചവരെയും കൊതിപ്പിച്ചവരെയും ഖസാക്കിനെ തന്നേയും നിരാശപ്പെടുത്തി അവൾ മുങ്ങാൻകോഴിയെന്ന രണ്ടാംകെട്ടുകാരനായ ചക്കുറാവുത്തരുടെ പെണ്ണായി. അവിടെ മുതൽ ഞാൻ മൈമുനയെ വെറുത്ത് തുടങ്ങി. ഒരിക്കൽ മൈമുനയുടെ നീലഞരമ്പുകളുടെ ആരാധകരിൽ ഒരാൾ എന്നോട് പറഞ്ഞു,
'നോക്കു മൈമുന പാവമാണ്. സ്വന്തം ഇഷ്ടങ്ങൾ സന്തോഷങ്ങൾ സാധിക്കാതെ വരുമ്പോൾ ജീവിതം നിരാശയിൽ ആണ്ടുപോകുമ്പോൾ ഏതൊരു മനുഷ്യനും അവളെ പോലെ ജീവിച്ചു തുടങ്ങും' അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള തത്വങ്ങൾ ആര് പറഞ്ഞാലും സ്വികരിക്കാതിരിക്കുക എന്നത് എന്തോ ഞാനും ശീലിച്ചു പോയി.എനിക്ക് തോന്നുന്നില്ല. ഞാൻ പറയട്ടെ, ആബിദയുടെ കണ്ണുകൾ ശ്രദ്ധിച്ചിരുന്നോ? ചോര വാർന്ന് കണ്ണുനീർ തളം തീർത്ത അവളുടെ ആ കണ്ണുകളിൽ ഒരു യത്തീമിെൻറ മുഴുവൻ നിസ്സഹായതയും കെട്ടിക്കിടപ്പുണ്ട്. ഉമ്മ മരിച്ച പെണ്ണ്, രണ്ടനുമ്മയായി മൈമൂനകൂടി എത്തിയതോടെ അത്താെൻറ സ്നേഹവും പരിഗണനയും നഷ്ടപ്പെട്ട പെണ്ണ്. ഇടക്കെപ്പോഴോ അപ്പുക്കിളി, അപ്പുക്കിളി മാത്രം അവളെ സ്നേഹിക്കുന്നുവെന്ന് തോന്നി.
ഇതിഹാസത്തിലെ സ്ത്രീകൾ, മൈമുനക്കും ആബിദക്കും ശേഷം ഞാൻ അവളെയാണ് ശ്രദ്ധിച്ചത്, ചാന്തുമ്മയെ.അവൾ, ഖസാക്കിലെ ചാരിത്രവതികൾ അവരുടെ പരദേവതയാക്കിയ പുലിക്കൊമ്പത്തെ പോതിയുടെ പുളിഞ്ചോട്ടിൽ മരിച്ചു ചിതറിക്കിടന്ന റാവത്തുറുടെ പെണ്ണാണ്. അവൾ പിഴച്ചവളെന്ന് വിശ്വാസങ്ങൾ തീർപ്പെഴുതി. അന്നാണ് അവളുടെ അത്ത ഖസാക്ക് വിട്ടത്. പിന്നൊരിക്കൽ വസൂരി എന്ന മഹാമാരി ചെതലി മലയുടെ താഴ്‌വരയിൽ ഉറഞ്ഞാടി. ആ കാലം തെന്നി നീങ്ങവേ ചാന്തുമ്മക്ക് അവശേഷിച്ച പ്രിയപ്പെട്ട മക്കളും വസൂരികല വാരി അണിഞ്ഞു പരലോകയാത്ര പോയി. പക്ഷെ ചാന്തുമ്മ പിഴച്ചവളെന്ന് ഞാൻ കരുതുന്നില്ല. അല്ലെന്ന് എനിക്കറിയാം. രവി മാഷേ, അത് ആരിലും നന്നായി നിങ്ങൾക്കും അറിയാം.
തുടക്കത്തിൽ എവിടെയോ രവിയെ ഉപേക്ഷിച്ചു ഞാനും ഏറെ ദൂരം കടന്നു വന്നിരിക്കുന്നു. ഇതിഹാസം അങ്ങനെയാണ് അനേകം മനുഷ്യരും ജീവിതങ്ങളും പരസ്പരം കെട്ടിപിണഞ്ഞു കിടക്കും. അക്ഷരങ്ങളിൽ നിന്ന് ഓരോരുത്തരെയായി അഴിച്ചെടുക്കുമ്പോഴേക്കും വായനക്കാരൻ ചെതലിയുടെ താഴ്വരയിൽ മിയാൻഷെയ്ഖിെൻറ കുഴിമാടത്തിനു ചാരെ തളർന്നു ഉറങ്ങുകയാവും. വരികൾക്കിടയിലൂടെ തിത്തിബിയുമ്മയും, കുഞ്ഞാമിനയും, കുപ്പുവച്ചനും, കല്യാണികുട്ടിയും, മാധവൻനായരും, ശിവരാമൻ നായരും, കാളിയും, നീലിയും, കുട്ടാപ്പുവും, നരിയും, നാച്ചിയും, കോച്ചിയും, പാച്ചിയും, കേശിയും അങ്ങനെ എത്രയോപേർ കർമ്മബന്ധങ്ങളുടെ നൂലിഴ കീറി ഇറങ്ങിപ്പോയി, ഞാൻ ആരെയും ഓർത്തില്ല. പലപ്പോഴും രവി എന്നെ നിരാശപ്പെടുത്തുമ്പോൾ മാത്രം, അപ്പോഴെല്ലാം ഞാൻ അവളെ പത്മയെ ഓർക്കും. പത്മക്ക് രവിയോട് പ്രണയമാണ്. അല്ലെന്ന് അവൾ പറയട്ടെ. പക്ഷെ രവിക്കോ? ഇല്ല ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെയാണെങ്കിൽ മഞ്ഞപുൽത്തട്ടുകളിലേക്കു നോക്കിയ ആ കിടപ്പറയിൽ രവി ചിറ്റമ്മയെ അറിയുമായിരുന്നില്ല. മൈമുനയുടെ നീലഞരുമ്പുകൾ അയാളെ മോഹിപ്പിക്കുമായിരുന്നില്ല. ചാന്തുമ്മയെ അറിയാൻ അയാൾ ആഗ്രഹിക്കുമായിരുന്നില്ല.
അങ്ങനെയിരിക്കെ തെമ്മലയുടെയും വടമലയുടെയും ഇടയിലൂടെ കിഴക്കൻകാറ്റ് വീശി. ചന്ദനത്തിരി പുകഞ്ഞു. വായിച്ചിരിക്കെ ഖസാക്കിെൻറ മൊല്ല മരിക്കുന്നു. എവിടെയോ ഒരു വിങ്ങൽ, കാൻസർ ആയിരുന്നുത്രേ. മരിക്കുംവരേയും ചെരുപ്പിെൻറ കടിയെന്ന് മൊല്ലാക്ക മാത്രം വിശ്വസിച്ചു പോന്നു. ആ മരണത്തിെൻറ മണം തസ്രാക്കിൽ പരക്കുമ്പോൾ രവി മൈമുനയുടെ ചുവന്നതും ദൈർഘ്യവുമുള്ള ചുണ്ടുകളിലേക്ക് വാറ്റുചാരായം പകരുകയായിരുന്നു. പറയൂ, എങ്ങനെയാണ് ഇനിയും ഞാൻ നിങ്ങളുടെ ആ നീലഞരമ്പുകാരിയെ ഹൃദയത്തിൽ ചേർക്കേണ്ടത്! ഒടുവിലായി പത്മ വന്നു. എന്നും രവിക്ക് വേണ്ടി മാത്രമായി കരുതിയത്രയും അവനു നൽകാൻ. സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാൻ. പത്മയുടെ സ്നേഹമാവാം രവി ഖസാക്കിെൻറ കർമ്മബന്ധങ്ങളോട് യാത്ര പറയാൻ കാരണമായത്. അന്ന് മഴ കനത്ത് പിടിച്ചു. കനക്കുന്ന മഴയിലൂടെ രവി നടന്നു. കൂമൻ കാവിൽ രവി ഒറ്റക്ക് നിന്നു. നീലനിറത്തിലുള്ള മുഖമുയർത്തി അവൻ മേൽപ്പോട്ട് നോക്കി. രവിക്ക് വേണ്ടി മാത്രം വിധിക്കപ്പെട്ടവനെ പോലെ പത്തികൾ വിടർത്തി, രവിയുടെ കാൽപടത്തിൽ അവെൻറ പല്ലുകൾ അമർന്നു. വീണ്ടും വീണ്ടും പല്ലുകൾ കാൽപടത്തിൽ പതിഞ്ഞു.
കാലവർഷത്തിെൻറ വെളുത്തമഴ ഉറങ്ങിയപ്പോൾ രവിയൊന്നു ചിരിച്ചു പിന്നെ ചാഞ്ഞു കിടന്നു.'ബസ്സ് വരുന്നതും കാത്ത് രവി കിടന്നു' എന്ന് എഴുതി വച്ച് അക്ഷരങ്ങൾ മുറിഞ്ഞു. മറ്റൊരു പേജിനായി ഞാൻ കഠിനമായി ആഗ്രഹിച്ചു. രവി മരിച്ചെന്നു ഞാനും വിശ്വസിക്കണമെന്നോ? ഇല്ല ഞാൻ കണ്ടിരുന്നതാണ് കൂമൻ കാവിൽ അന്ന് ബസ് വന്നത്. രവിമാഷ് അതിൽ കയറിയത്. ബസിെൻറ ജനൽ കമ്പികൾക്കിടയിലൂടെ മാഷ് അവസാനമെന്നോണം ഖസാക്കിെൻറ മണ്ണിലേക്കൊന്ന് നോക്കി. ചെതലി മലയിലേക്ക് വീശുന്ന കിഴക്കൻ കാറ്റ് അപ്പോൾ മഴയുടെ തണുപ്പിനെ ഗർഭം ചുമന്നിരുന്നു. ഞാനും ഒരു വട്ടം കൂടി ആ മുഖത്തേക്കൊന്ന് നോക്കി മാഷിെൻറ മുഖത്ത് പുതിയൊരു കണ്ണട കൂടി. വിജയൻ മാഷേ...ഞാൻ പേര് മാറ്റി വിളിച്ചുവോ? ബസ് നീങ്ങി, രവിയും. എനിക്ക് ഉറപ്പുണ്ട് പത്മയും രവിയും ഇനിയും എത്രയോ സായാഹ്നങ്ങളിൽ കടപ്പുറത്തെ മണൽത്തരികളിൽ കിടന്ന് അച്ഛനെയോർക്കും, അമ്മയെയോർക്കും. ഇടക്ക് എപ്പോഴോ രവി ഖസാക്കിനെയും ഓർക്കും. കർമ്മബന്ധങ്ങളുടെ അസ്തമയ താഴ്വരയിൽ അപ്പോഴും ഒരു അനുജത്തി പൂവിറുക്കുകയാകും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.