എന്റെ സുഹൃത്ത് ഖലീലിന്റെ ഇത്താത്തയുടെ കല്യാണമാണ്. ഒരാഴ്ച മുമ്പുതന്നെ ഉത്സവപ്രതീതി തോന്നുംവിധം വീട്ടിൽ നിറയെ ആളുകളാണ്. മിനിഞ്ഞാന്ന് മാഹിയിൽനിന്നും ഫ്രിഡ്ജും അലങ്കാര ലൈറ്റുകളും വന്നിരുന്നു. ഇലക്ട്രീഷ്യൻ ബഷീർക്ക വന്ന് അതൊക്കെ ഫിറ്റ് ചെയ്തു. ഖലീലിന്റെ ബാപ്പ രാജപ്രൗഢിയിൽ ജോലിക്കാർക്കൊക്കെ നിർദേശം കൊടുത്ത് പന്തലിൽ നിലയുറപ്പിച്ചിട്ടുണ്ട്. അത്തറിന്റെയും മുല്ലപ്പൂവിന്റെയും വിവിധ തരം പെർഫ്യൂമിന്റെയും ഗന്ധം അവിടെ അന്തരീക്ഷത്തിൽ തങ്ങിനിന്നു.
ഖലീലിന്റെ കുടുംബക്കാർ മുഴുവനും വന്നുചേർന്നിട്ടുണ്ട്. അന്ന് ഇന്നത്തെപോലെ ആർക്കും തിരക്കുള്ള കാലമല്ല. എല്ലാവരും ചുറ്റിപ്പറ്റി വീട്ടിൽ തന്നെയുണ്ട്. ഊട്ടുപുരയിൽ ചായയും പലഹാരങ്ങളും തകൃതിയായി ഒരുങ്ങുന്നുണ്ട്. വന്നവർ വന്നവർ അത് കഴിക്കുന്നുമുണ്ട്. ഞാനും ഖലീലും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഇന്നും ഒരുമിച്ചു തന്നെയാണുള്ളത്. വീട്ടിൽ നടക്കുന്ന ഈ ആഘോഷത്തിമിർപ്പോടെയുള്ള കല്യാണമൊന്നും അവനെ ബാധിച്ചതേയില്ല. അവനും എന്നെപ്പോലെതന്നെ പന്തലിന്റെ ഭംഗിയും ജനങ്ങളുടെ വരവും ആസ്വദിച്ചു നിൽക്കുകയാണ്. വൈകുന്നേരം ആയപ്പോൾ ഞങ്ങളുടെ സന്തോഷം വർധിച്ചു. അതിന്റെ കാരണം പഞ്ചസാര വെള്ളം കുടിക്കുമ്പോൾ ആളുകൾ ഉപേക്ഷിക്കുന്ന സ്ട്രോ പെറുക്കിയെടുക്കലായിരുന്നു. പുതുപ്പെണ്ണിന് കല്യാണത്തിന് മുമ്പുള്ള മിക്ക ദിവസങ്ങളിലും ബന്ധുവീടുകളിൽ സൽക്കാരമായിരുന്നു. അതിൽ ചിലയിടങ്ങളിലൊക്കെ കൂട്ടുകാരനും പോയിരുന്നു.
വൈകുന്നേരമായപ്പോൾ മൈക്ക് സെറ്റുമായി കണാരേട്ടനും അസിസ്റ്റൻറും വന്നു. അസിസ്റ്റൻറ് അടുത്തുള്ള തെങ്ങിൽ ഉച്ചഭാഷിണി കെട്ടി പാട്ടുപെട്ടിയിൽ പാട്ട് വെക്കാൻ തുടങ്ങി.
വൈകുന്നേരമായപ്പോൾ ട്യൂബ് ലൈറ്റും മിനിയേച്ചർ ബൾബുകളും കല്യാണ വീടിനെ പ്രകാശപൂരിതമാക്കി. അന്തരീക്ഷം സംഗീതമയവും ജനനിബിഡവുമായി. ശബ്ദമുഖരിതമായി ആളുകൾ കൂടിക്കൂടിവന്നു. വന്നവർ വന്നവർ കല്യാണപ്പന്തലിൽ ഭക്ഷണം കഴിക്കാനായി തിക്കും തിരക്കും കൂട്ടി. ഒരുവിധം തിരക്കൊഴിഞ്ഞപ്പോൾ ഞാനും ഖലീലും ഭക്ഷണം കഴിച്ചു. നല്ല പോത്തുകറിയും ചൂടുള്ള നെയ്ച്ചോറും പിന്നെ തക്കാളി ചട്ണിയും. രാത്രി പത്തരയായപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി. പിന്നെ ബാക്കിയുള്ളത് കുടുംബക്കാരും അയൽപക്കക്കാരുമാണ്. കല്യാണവീട്ടിലിരുന്ന് ഉറക്കം തൂങ്ങിയ എന്നെ വിളിച്ച് ഇക്കാക്ക വീട്ടിലേക്ക് കൊണ്ടുപോയി. ഉറങ്ങാൻ കിടന്നപ്പോൾ കണ്ണുനിറയെ കല്യാണ വീട് ആയിരുന്നു. അവിടുത്തെ ആർഭാടങ്ങളും പുതുപെണ്ണിന്റെ ചമഞ്ഞൊരുങ്ങലും മനസ്സിൽ നിറഞ്ഞുനിന്നു. ജനറേറ്ററിന്റെ ശബ്ദം എന്റെ വീട്ടിൽ കേൾക്കാമായിരുന്നു. എന്റെ ഇത്തയുടെ അതേ പ്രായംതന്നെയാണ് ഖലീലിന്റെ ഇത്താത്തക്കും. ഞങ്ങൾ അയൽപക്കക്കാർ ഒരു കുടുംബംപോലെയാണ് കഴിഞ്ഞത്. അതുകൊണ്ടുതന്നെ നാളെ വിവാഹിതയായി മറ്റൊരു വീട്ടിലേക്കു പോവുന്ന ഖലീലിന്റെ ഇത്താത്തയെ ഓർത്ത് എനിക്കും സങ്കടം വന്നു. പിറ്റേന്ന് രാവിലെ ഉണർന്ന് വസ്ത്രം മാറ്റി നല്ല രീതിയിൽ പെർഫ്യൂമൊക്കെ പൂശി ഞാനും കല്യാണവീട്ടിലേക്ക് പുറപ്പെട്ടു. ആളുകൾ വന്നുതുടങ്ങി.
പഴയ പോലെ തന്നെ പഞ്ചസാര വെള്ളം കൊടുത്തുതുടങ്ങി. ഖലീലിന്റെ നിർദേശപ്രകാരം ഇന്ന് ഞാനുമുണ്ട് പഞ്ചസാര വെള്ളം കൊടുക്കാൻ. കുറച്ചൊക്കെ കൊടുത്തു കഴിഞ്ഞപ്പോൾ എനിക്ക് മടുത്തു. ഞാൻ പിൻവാങ്ങി. അപ്പോഴേക്കും ആളുകൾ വന്നുകൊണ്ടേയിരുന്നു. പണം പയറ്റിന് സജ്ജമാക്കിയ മേശയിൽ കണക്കെഴുതാൻ ഒരാൾ വന്നിരുന്നു. പഴയ ഇരുമ്പു കസേര മാറ്റി വി.ഐ.പി കസേര എന്ന പേരിൽ മടഞ്ഞ ഇരുമ്പു കസേര മാറിവന്ന കാലമായിരുന്നു അത്.
നാട്ടിലെ പ്രമുഖന്മാർ പലരും കല്യാണവീട്ടിലെത്തി. പന്തലിലെ ശ്രദ്ധാകേന്ദ്രമായ ഇടങ്ങളിൽ ഇരിപ്പുറപ്പിച്ചു. അവർ വലിയ ഉച്ചത്തിൽ സംസാരങ്ങളും തമാശകളും പറഞ്ഞുതുടങ്ങി. ഇത് കേൾക്കുന്ന ചിലർക്കൊക്കെ ഇവരുടെ സംസാരം അരോചകമായി തോന്നുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ചില സ്തുതിപാഠകർ വിഡ്ഢിച്ചിരിയുമായി അവർക്കൊപ്പം കൂടി. ആളുകൾ വന്നുകൊണ്ടേയിരുന്നു. ചിത്രശലഭങ്ങളെ പോലെ വസ്ത്രങ്ങൾ ധരിച്ച് വളരെ ചെറിയ കുട്ടികൾ പന്തലിൽ ഓടിനടന്നു. 12 മണി ആയപ്പോഴേക്കും ആദ്യ പന്തി ഭക്ഷണം വിളമ്പിത്തുടങ്ങി കാക്കയുടെ കരച്ചിലും ആളുകളുടെ ശബ്ദവും ഇടകലർന്ന കല്യാണ വീടിന്റെ അന്തരീക്ഷം രസകരമായിത്തോന്നി.
ഇന്ന് ഞാൻ ഖലീലിനെ കാത്തുനിന്നില്ല. വേഗം പോയി മറ്റു കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിച്ചു. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. പള്ളിയിൽനിന്നും മുസ്ലിയാർ കുട്ടികളും ഉസ്താദുമാരും നിരനിരയായി കല്യാണ വീട്ടിലേക്ക് വന്നു. വെള്ള വസ്ത്രമണിഞ്ഞ് അവരുടെ വരവ് നയനമനോഹരമായ ഒരു കാഴ്ചയായി തോന്നി. ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലുമായി ആളുകൾ വന്നുകൊണ്ടേയിരുന്നു.
വീട്ടിലേക്ക് ക്ഷണിച്ച ഒരുവിധം ആൾക്കാരൊക്കെ ഭക്ഷണം കഴിഞ്ഞു എന്നായപ്പോൾ പുതിയാപ്ല വരേണ്ട സമയമായി എന്ന് ആരോ പറഞ്ഞു. പിന്നെ അതിനുള്ള ഒരുക്കങ്ങളിൽ കുറച്ചു പേർ. പെണ്ണു കാണാൻ വന്നപ്പോൾ പുതിയാപ്ലയെ ഞാൻ കണ്ടിരുന്നില്ല, അന്ന് സ്കൂളിൽ പോയിരുന്നു. അതുകൊണ്ടുതന്നെ ഫോട്ടോയിൽ മാത്രം കണ്ട അദ്ദേഹത്തെ നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം.
രണ്ടു മണി ആയതോടുകൂടി പുതിയാപ്ലയും കൂട്ടരും വന്നു. മുമ്പ് ഏർപ്പാടാക്കിയപ്രകാരം ഖലീൽ പുതിയാപ്ലക്ക് ബൊക്കെ കൊടുത്തു സ്വീകരിച്ചു. കൂടെ ഞാനും ഉണ്ടായിരുന്നു. ആറടി പൊക്കത്തിൽ സുന്ദരനായ പുതിയാപ്ലയെ ഞാനും കണ്ടു. സൂട്ടും കോട്ടും ധരിച്ച് ടൈ കെട്ടിയ അവരെ ഞങ്ങൾ കുട്ടികളും നാട്ടുകാരും അതിശയത്തോടെ നോക്കി. അക്കാലത്ത് വളരെ അപൂർവമായേ ഇത്തരം വേഷങ്ങളിൽ വരന്മാർ വരാറുള്ളൂ.
അതുകൊണ്ടുതന്നെ നാടൻ സ്ത്രീകൾ വേഷം കണ്ടു ചിരിക്കുന്നുണ്ടായിരുന്നു. ബഹളത്തിന്റെ ഹൈപ്പിലെത്തിയ കല്യാണവീട്ടിൽ പുതിയാപ്പിളക്കും കൂട്ടർക്കും പ്രത്യേക ഭക്ഷണം ഒരുങ്ങി.
അവർക്കായി സോഡാക്കുപ്പിയിൽ നിറച്ച രസ്ന വെള്ളം സ്ട്രോ സഹിതം കൊടുത്തു തുടങ്ങി. പിന്നീട് പുതിയാപ്ലയെയും കൂട്ടരെയും പന്തലിലേക്ക് ആനയിച്ചു. അവർ മൃഷ്ടാന്നഭോജനം നടത്തി തിരികെ പന്തലിലേക്ക് വന്നു. നിക്കാഹ് തലേന്ന് കഴിഞ്ഞതുകൊണ്ട് മഹർകെട്ടൽ മാത്രമായിരുന്നു ഇന്നത്തെ ചടങ്ങ്. മഹർ കെട്ടൽ കഴിഞ്ഞു. അപ്പോഴേക്കും ചെക്കന്റെ വീട്ടിൽനിന്നും പെണ്ണിനെ കൂട്ടാനായി ഒരുപറ്റം സ്ത്രീകൾ ജീപ്പിൽ വന്നു. ഇവിടെനിന്നും കുറച്ചുപേർ പുതുപെണ്ണിന്റെ കൂടെ അങ്ങോട്ട് പോകുന്നുണ്ട്. അതിനായി ഇവിടെയും വാഹനങ്ങൾ വന്നു. വരന്റെ വീട്ടിൽനിന്നും വന്നവർ പുതുപെണ്ണിനെ സുന്ദരിയായി ഒരുക്കി വീട്ടിലെ നടുത്തളത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് വീട്ടിലുള്ളവരെല്ലാം അനുഗ്രഹം കൊടുക്കുന്ന ചടങ്ങായിരുന്നു. ഖലീലിന്റെ കണ്ണു നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എന്റെ ഉള്ളിലും സങ്കടത്തിരമാല ഉണ്ടായി.
ഖലീലിന്റെ ഉപ്പയും ഉമ്മയും അതുപോലെതന്നെ അമ്മാവനും അനുഗ്രഹിക്കാനായി മുന്നോട്ടുവന്നു. അപ്പോഴേക്കും അവന്റെ ഇത്താത്ത പൊട്ടിക്കരയുന്നുണ്ടായിരുന്നു. സങ്കടം സഹിക്കവയ്യാതെ ഖലീലും കരഞ്ഞു, കൂടെ ഞാനും!
സർവാഭരണവിഭൂഷിതയായി ഇത്താത്ത വീട്ടിൽനിന്നും ഇറങ്ങി. അതുവരെ ആഘോഷത്തിമിർപ്പിലായിരുന്ന വീട് വല്ലാതെ സങ്കടത്തിലായി. അത്രക്ക് വികാരനിർഭരമായിരുന്നു ആ രംഗം. ഞാനും കൂട്ടുകാരനും അവന്റെ ഇത്താത്തയെ യാത്രയാക്കാൻ വണ്ടികൾ കൂട്ടംകൂട്ടമായി നിർത്തിയിട്ട റോഡിലേക്ക് പോയി. കൈവീശി അവൻ യാത്ര പറഞ്ഞു. കാറിൽ മുഖം പൊത്തിക്കരഞ്ഞിരിക്കുന്ന ഇത്താത്ത അത് കണ്ടിരുന്നില്ല. ഒരു വയറ്റിൽ പിറന്നില്ലേലും കർമം കൊണ്ട് എന്റെ ഇത്താത്ത തന്നെയായ അവർക്ക് മനസ്സിൽ ഞാൻ മംഗളം നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.