ഹാദി, കൃഷ്ണവേണി, അപ്പു, മഹേശ്വർ

ഉജ്ജ്വലബാല്യം: ജില്ലക്ക് നാല് നക്ഷത്ര തിളക്കം

തൃശൂർ: സംസ്ഥാന വനിത -ശിശു വികസന വകുപ്പിന്റെ 2021 ഉജ്ജ്വല ബാല്യം പുരസ്കാര നിറവിൽ ജില്ല. കല, കായിക, സാഹിത്യ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച നാലു കുട്ടികൾ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹരായി. ടി.എം. മഹേശ്വർ, എസ്. അപ്പു, കെ.ജെ. കൃഷ്ണവേണി, വി.എസ്. അബ്ദുൽ ഹാദി എന്നിവരാണ് പുരസ്കാരം നേടിയത്.

വീൽചെയറിലിരുന്ന് അക്ഷരലോകം തീർത്തതാണ് എടക്കഴിയൂർ സ്വദേശി വി.എസ്. അബ്ദുൽ ഹാദിയെ പുരസ്കാര നേട്ടത്തിലെത്തിയത്. സാഹിത്യ മേഖലയിൽ കഴിവ് തെളിയിച്ചതിന് ഭിന്നശേഷി (12 -18) വിഭാഗത്തിലാണ് പുരസ്കാരം.

ചെറുപ്പം മുതൽ വായനശീലവും സാഹിത്യരചനയും നൈപുണ്യമാക്കിയ അബ്ദുൽ ഹാദി കഥ, കവിതരചന, വായന മത്സരങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാമൂഹികനീതി വകുപ്പ് 2021ൽ നടത്തിയ ഉണർവ് പരിപാടിയിൽ കഥാരചനയിൽ രണ്ടാം സ്ഥാനവും ജില്ലതലത്തിൽ ബി.ആർ.സി സംഘടിപ്പിച്ച കവിത, കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടി.

പേശീക്ഷയത്തിന് ഇടയിലും തളരാതെയുള്ള വായനയാണ് എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ അബ്ദുൽ ഹാദിയെ സാഹിത്യ മേഖലയിൽ മികവിലെത്തിച്ചത്.

പരിമിതികൾക്കിടയിലും കലയെ കൂട്ടുപിടിച്ച കോടാലി സ്വദേശി കെ.ജെ. കൃഷ്ണവേണിയും ഭിന്നശേഷി വിഭാഗത്തിൽനിന്ന് പുരസ്കാരത്തിന് അർഹയായി. നാലു വയസ്സ് മുതൽ പാട്ട്, ഡാൻസ്, കഥാപ്രസംഗം എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷി വിഭാഗത്തിൽ ആറു വയസ്സുമുതൽ 11 വയസ്സുവരെയുള്ള വിഭാഗത്തിലണ് പുരസ്കാരനേട്ടം. കോടാലി ഗവ. എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഉജ്ജ്വലബാല്യം പുരസ്കാര പ്രഖ്യാപനം രാമവർമപുരം ചിൽഡ്രൻസ് ഹോമിനും ഇരട്ടി മധുരമായി. മൂന്നു വയസ്സു മുതൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ എസ്. അപ്പുവിനെ കായിക മേഖലയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

ജനറൽ വിഭാഗം 12 വയസ്സു മുതൽ 18 വയസ്സു വരെ വിഭാഗത്തിലാണ് പുരസ്കാര നേട്ടം. സംയോജിത ശിശു വികസന പദ്ധതി പ്രകാരം 2016 മുതൽ ഗുരുകുലം പദ്ധതിയിൽ അപ്പു ഫുട്ബാൾ പരിശീലിക്കുന്നുണ്ട്. ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് 2018ൽ എഫ്.സി കേരള നാഷനൽ ലീഗ് ഫുട്ബാൾ അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ചിരുന്നു. ഇവിടെ പരിശീലനം നടത്തിവരുകയാണ് അപ്പു. ചിത്രകലയിലെ മികവാണ് ഏഴാം ക്ലാസ് വിദ്യാർഥി ടി.എം. മഹേശ്വറിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

6 -11 വയസ്സുള്ള ജനറൽ വിഭാഗത്തിലാണ് ഇടംപിടിച്ചത്. നാല് വയസ്സു മുതൽ ചിത്രങ്ങൾ വരക്കാൻ തുടങ്ങിയ മഹേശ്വർ വാട്ടർ കളർ, പെൻസിൽ ഡ്രോയിങ് തുടങ്ങി വിഭാഗങ്ങളിലാണ് മികവ് പുലർത്തിയിരിക്കുന്നത്. 200ഓളം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 116 റിയലിസ്റ്റിക് ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം പിടിച്ചിട്ടുണ്ട്. 

Tags:    
News Summary - childrens-award-brilliance-winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.