പ്രണബ് മുഖർജിയുടെ പുസ്തകത്തിന്‍റെ പേരിൽ മകനും മകളും തമ്മിൽ ട്വിറ്ററിൽ തർക്കം മുറുകുന്നു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്‍റെ പേരിൽ മുഖർജിയുടെ മകനും മകളും തമ്മിൽ തർക്കം. 'ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്' എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് പ്രണബിന്‍റെ മകൻ അഭിജിത്ത് മുഖർജിയും മകൾ ശർമിഷ്ഠ മുഖർജിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായത്.

അടുത്ത മാസമാണ് പുസ്തകം പുറത്തിറക്കാനിരുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് താന്‍ അനുമതി നല്‍കുന്നതുവരെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മകന്‍ അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ രംഗത്തുവന്നത്. 'ഞാൻ- പ്രസിഡൻഷ്യൽ മെമ്മയേഴ്സിന്‍റെ ഗ്രന്ഥകർത്താവിന്‍റെ മകൻ ' എന്നുപറഞ്ഞുകൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടത്.

തന്‍റെ രേഖാമൂലമുള്ള അനുമതി വാങ്ങാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നാണ് ആവശ്യം. പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നും അഭിജിത് വ്യക്തമാക്കി.

എന്നാല്‍, രണ്ട് മണിക്കൂറിന് ശേഷം മകൾ പിതാവ് അവസാനമായി എഴുതിയ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം തടയരുതെന്ന് വ്യക്തമാക്കി മകള്‍ ശര്‍മിഷ്ട മുഖര്‍ജിയും രംഗത്തെത്തി. സഹോദരനെ നിശിതമായി പരിഹസിക്കുന്നതായിരുന്നു ട്വീറ്റ്. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി ആരും പുസ്തകം പുറത്തിറങ്ങുന്നത് എതിര്‍ക്കരുതെന്ന് ശർമിഷ്ഠ ട്വീറ്റ് ചെയ്തു.

-ഞാൻ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന പുസ്തകത്തിന്‍റെ ഗ്രന്ഥകർത്താവിന്‍റെ മകൾ' എന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ് തുടങ്ങുന്നത്. പിതാവ് അസുഖബാധിതനാകുന്നതിന് മുൻപാണ് പുസ്തകത്തിന്‍റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കിയത്.

കൈയെഴുത്തുപ്രതിയും ഓരോ സംഭവത്തിനും ആധാരമായി അദ്ദേഹം തയാറാക്കിയ കുറിപ്പുകളും സത്യം വിളിച്ചുപറയുന്നതാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകം പ്രസിദ്ധീകരണം തടയുന്നത് അദ്ദേഹത്തിന്‍റെ ആത്മാവിനോട് കാണിക്കുന്ന നീതികേടായിരിക്കുമെന്നും ശർമിഷ്ഠ വ്യക്തമാക്കി.

പുസ്തകത്തിന്‍റെ പേര് തെറ്റായി ചേർത്ത അഭിജിത്തിനെ പരിഹസിക്കുന്നതാണ് ശർമിഷ്ഠയുടെ ട്വീറ്റ്. സഹോദരനെ സംബോധന ചെയ്തുകൊണ്ട് പുസ്തകത്തിന്‍റെ പേര് 'പ്രസിഡൻഷ്യൽ ഇയേഴ്സ്' ആണെന്നും 'പ്രസിഡൻഷ്യൽ മെമ്മയേഴ്സ്' എന്നല്ലെന്നും വ്യക്തമാക്കുന്നു ശർമിഷ്ഠ.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ അവസാന ഭാഗമായ ദി പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സ് അറിയിച്ചത്. പുസ്തകത്തിന്റെ കുറച്ചു ഭാഗങ്ങളും പ്രസാധകര്‍ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസിനെയും അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും വിമര്‍ശിക്കുന്ന ഭാഗമാണ് പുറത്തുവന്നത്. 2014ലാണ് പുസ്തകത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.