തൃശൂർ: രാജ്യത്ത് എതിർസ്വരമുയർത്തുന്ന കലാകാരന്മാർ ഭീതിയിലാണെന്ന് സംവിധായകനും നടനുമായ അതുൽ കുമാർ. ഇറ്റ്ഫോക് രാജ്യാന്തര നാടകോത്സവത്തിനെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. രാത്രിയിൽ വാതിലിൽ ശക്തമായി മുട്ടൽ കേൾക്കുന്നത് എപ്പോഴാണെന്ന് കാത്തിരിക്കുകയാണ്. അവരുടെ ഭീഷണി ഏതു സമയവുമുണ്ടാകാം. ഒരുപക്ഷേ ഗൗരി ലങ്കേഷിന് സംഭവിച്ചത് ഞങ്ങൾക്കും സംഭവിച്ചേക്കാം. മകൾക്ക് 17 വയസ്സായി. അവൾ എപ്പോഴും ഓർമപ്പെടുത്തും- ‘‘അച്ഛാ... സൂക്ഷിക്കണേ’’ എന്ന്. വീട്ടിലുള്ളവരെയും ഭയം പിടികൂടിയിരിക്കുന്നു. അവർ അസ്വസ്ഥരാകുന്നു എന്ന് മനസ്സിലാവുന്നുണ്ട്. ചിലപ്പോൾ നമ്മൾതന്നെ ചിന്തിച്ചുപോകുന്നു, എന്തിന് ഞാൻ ഈ നിലപാട് സ്വീകരിക്കണമെന്ന്.
കേന്ദ്രത്തിന്റെ അധികാരമുപയോഗിച്ച് ഞങ്ങളുടെ നാടകസംഘത്തിനുള്ള ഫണ്ടുകൾ തടയപ്പെട്ടേക്കാം. സ്പോൺസർമാരെ പിൻവലിപ്പിച്ചേക്കാം. പക്ഷേ അവർക്ക് ഞങ്ങളെ തടയാനാകില്ല. കാരണം തിയറ്ററിന് അത് മറികടക്കാൻ അതിേന്റതായ വഴികളുണ്ട്. ഏതുസ്ഥലത്തെയും തിയറ്ററാക്കാൻ ഞങ്ങൾക്കാകും. ഒരുകാലത്തും ആർക്കുമത് തടയാനാകില്ല. ഞങ്ങൾ പോരാട്ടം തുടരുകതന്നെ ചെയ്യും.
ഏറെ കലാകാരന്മാർ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പേരാടുന്നുണ്ട്. ചിന്തകരും എഴുത്തുകാരും പ്രതികരിക്കുന്നുണ്ട്. പലർക്കെതിരെയും കേസെടുക്കുന്നുണ്ട്. പലരെയും ജയിലിലിടുന്നുണ്ട്. കേരളത്തിലും ബംഗാളിലും നിങ്ങൾക്ക് അത്ര വലിയ പ്രതിസന്ധി അനുഭവിക്കേണ്ടിവന്നിരിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ അങ്ങനെയല്ല. കലാകാരന്മാർക്കുമാത്രമല്ല പ്രതികരിക്കാനാകുക. നിങ്ങൾക്കുമാകും. ‘ടേക്കിങ് സൈഡ്സ്’ നാടകത്തിലൂടെ ഞാൻ ഉയർത്തുന്ന ചോദ്യവും അതാണ്-നിങ്ങൾ ഏത് പക്ഷത്താണ്?. ജർമനിയിൽ നാസി കാലഘട്ടത്തിനുശേഷമുള്ള നാസികൾക്കെതിരായ ‘ഡീ നാസിഫിക്കേഷൻ’ നടപടിക്കാലത്തെ പശ്ചാത്തലമാക്കിയുള്ളതാണ് നാടകം. എന്തിനാണ് കല, കലയിൽ രാഷ്ട്രീയമില്ലേ, എത്രത്തോളമാകാം, എങ്ങനെയാണ് കലയിൽ രാഷ്ട്രീയം സ്വാധീനിക്കുന്നത്... തുടങ്ങിയ ചോദ്യങ്ങളാണ് നാടകം ഉയർത്തുന്നത് -അദ്ദേഹം പറഞ്ഞു.
അതുൽ കുമാർ
ഡൽഹി ജെ.എൻ.യു ബിരുദധാരിയായ അതുൽ കുമാർ നാടകസംവിധായകനും അഭിനേതാവുമാണ്.1993ൽ ‘ദ കമ്പനി തിയറ്റർ’ നാടകക്കമ്പനി തുടങ്ങി. രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം 25 വർഷമായി മുംബൈ നിവാസിയാണ്. കേരളത്തിൽ മൂന്നുവർഷം താമസിച്ച് കളരിപ്പയറ്റും കഥകളിയും പഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.